
മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ജയത്തിന്റെ വക്കിൽ നിന്ന് ഡൽഹി ക്യാപിറ്റൽ തോൽവിയിലേക്ക് വീഴാനുളള കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. അശ്വിനെക്കൊണ്ട് നാലോവറും ബൗൾ ചെയ്യിക്കാതിരുന്നത് റിഷഭ് പന്തിന്റെ തന്ത്രപരമായ പിഴവായിരുന്നുവെന്ന് നെഹ്റ ചൂണ്ടിക്കാട്ടി. നേരത്തെ ഡൽഹി പരിശീലകൻ റിക്കി പോണ്ടിംഗും ഇക്കാര്യം പറഞ്ഞിരുന്നു.
മൂന്നോവറിൽ വെറും 14 റൺസ് മാത്രം വഴങ്ങിയ അശ്വിന് നാലാമതൊരു ഓവർ കൊടുക്കാതിരുന്നത് ക്യാപ്റ്റനെന്ന നിലയിൽ റിഷഭ് പന്തിന്റെ വലിയ പിഴവാണ്. കാരണം ഇടംകൈയന്മാരായ ഡേവിഡ് മില്ലറും രാഹുല് തിവാട്ടിയയും ക്രീസിലുള്ളപ്പോൾ അശ്വിന് പകരം മാർക്കസ് സ്റ്റോയിനസിനെയാണ് റിഷഭ് പന്ത് ബൗൾ ചെയ്യാൻ വിളിച്ചത്. സ്റ്റോയിനസിന്റെ ഓവറിൽ മൂന്ന് ബൗണ്ടറി അടക്കം 15 റൺസ് നേടി മില്ലർ റൺനിരക്കിന്റെ സമ്മർദ്ദം മറികടക്കുകയും ചെയ്തു. ഈ സമയം രാജസ്ഥാന് അഞ്ച് വിക്കറ്റുകൾ നഷ്ടമായിരുന്നു.
തിവാട്ടിയ പുറത്തായപ്പോഴെങ്കിലും അശ്വിനെ പന്തെറിയാൻ അവസരം നൽകായാമിരുന്നു. ഈ സമയം ആറ്ടം വിക്കറ്റ് നഷ്ടമായ രാജസ്ഥാന് ഒരു വിക്കറ്റ് കൂടി നഷ്ടമായിരുന്നെങ്കിൽ ഡൽഹിക്ക് അനായാസം ജയിക്കാമായിരുന്നു. വലം കൈയൻമാരായ സഞ്ജു സാംസണും റിയാൻ പരാഗും ബാറ്റ് ചെയ്യുമ്പോഴാണ് അശ്വിനെ വിളിക്കാതിരുന്നത് എങ്കിൽ അത് ന്യായീകരിക്കാമായിരുന്നു. പക്ഷെ ഇത് ക്യാപ്റ്റനെന്ന നിലയിൽ റിഷഭ് പന്തിന്റെ തന്ത്രപരമായ പിഴവാണ്. അതാണ് മത്സരം കൈവിടുന്നതിന് കാരണമായതും-നെഹ്റ വ്യക്തമാക്കി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 148 റൺസിന്റെ വിജയലക്ഷ്യമാണ് രാജസ്ഥാന് നൽകിയത്. മുൻനിര തകർന്നടിഞ്ഞിട്ടും ഒരു പന്ത് ബാക്കി നിർത്തി ഏഴ് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ ലക്ഷ്യത്തിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!