'അത് വലിയ പിഴവ്, നമുക്കൊന്ന് ഇരുന്ന് സംസാരിക്കാനുണ്ട്'; പോണ്ടിംഗിന് പന്തിനോട് ചിലത് ചോദിക്കാനുണ്ട്

By Web TeamFirst Published Apr 16, 2021, 1:43 PM IST
Highlights

നന്നായി പന്തെറിഞ്ഞ ആര്‍ അശ്വിനെ വേണ്ട വിധത്തില്‍ ഉപയോഗിക്കാനായില്ലെന്നാണ് പോണ്ടിംഗ് പറഞ്ഞത്. അത് ടീമിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ തെറ്റാണെന്ന് പോണ്ടിംഗ് വ്യക്തമാക്കി.

മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ തെറ്റുപറ്റിയെന്ന് തുറന്നുസമ്മതിച്ച് ഡല്‍ഹി കാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗ്. നന്നായി പന്തെറിഞ്ഞ ആര്‍ അശ്വിനെ വേണ്ട വിധത്തില്‍ ഉപയോഗിക്കാനായില്ലെന്നാണ് പോണ്ടിംഗ് പറഞ്ഞത്. അത് ടീമിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ തെറ്റാണെന്ന് പോണ്ടിംഗ് വ്യക്തമാക്കി.

അശ്വിനെ നാലാം ഓവര്‍ എറിയിക്കേണ്ടതിന് പകരം ഇടയ്ക്ക് മാര്‍കസ് സ്‌റ്റോയിനിസെ കൊണ്ടുവരികയായിരുന്നു പന്ത്. എന്നാല്‍ ആ ഓവറില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ നേടിയ ഡേവിഡ് മില്ലര്‍ മത്സരം രാജസ്ഥാന്റെ ഭാഗത്തേക്ക് കൊണ്ടുവന്നു. 15 റണ്‍സാണ് ഓസീസ് ഓള്‍റൗണ്ടര്‍ ഓവറില്‍ വഴങ്ങിയത്. മത്സരത്തിന്റെ ഗതി മാറ്റിയതും ഈ ഓവറായിരുന്നു. ഈ തീരുമാനത്തിനെതിരേയാണ് പോണ്ടിംഗ് പ്രതികരിച്ചത്. 

മത്സശേഷം സംസാരിക്കുകയായിരുന്നു. ''മൂന്ന് ഓവര്‍ മനോഹരമായി എറിഞ്ഞിരുന്നു അശ്വിന്‍. മൂന്ന് ഓവറില്‍ ഒരു ബൗണ്ടറി പോലും വഴങ്ങാതെ 14 റണ്‍സ് മാത്രമാണ് അശ്വിന്‍ വിട്ടുകൊടുത്തത്. എന്നിട്ടും പിന്നീടൊരു ഓവര്‍ നല്‍കാതിരുന്നത് വലിയ പിഴ തന്നെയാണ്. തീര്‍ച്ചയായും ഇത്തരം തെറ്റുകല്‍ ഇനി വരാതിരിക്കാന്‍ ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. എന്തുകൊണ്ട് അശ്വിന് വീണ്ടും പന്തെറിയിച്ചില്ലെന്നുള്ള കാര്യം അന്വേഷിക്കേണ്ടതുണ്ട്.  

കഴിഞ്ഞ മത്സരത്തില്‍ അശ്വിന്‍ മോശം ഫോമിലായിരുന്നു എന്നുള്ളത് ശരിതന്നെ. എന്നാല്‍ ഇത്തവണ വളരെയധികം കഠിനാധ്വാനം നടത്തിയാണ് അശ്വിന്‍ ആത്മവിശ്വാസം വീണ്ടെടുത്തത്.'' പോണ്ടിംഗ് പറഞ്ഞുനിര്‍ത്തി. 

ഏഴ് വിക്കറ്റിന്റെ ജയമാണ് മത്സരത്തില്‍ രാജസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി 147 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു. അവസാന രണ്ട് ഓവറില്‍ നാല് സിക്‌സ് നേടിയ ക്രിസ് മോറിസാണ് രാജസ്ഥാന് രണ്ട് പോയിന്റ് സമ്മാനിച്ചത്. ഡേവിഡ് മില്ലര്‍ (62) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

click me!