Latest Videos

ഐപിഎല്‍ ഇന്ത്യയില്‍ നടത്തിയതിന് 1000 കോടി രൂപ ഈടാക്കണം; ബോംബെ ഹൈക്കോടതിയിൽ ഹര്‍ജി

By Web TeamFirst Published May 6, 2021, 11:56 AM IST
Highlights

1000 കോടി രൂപയോ അതല്ലെങ്കിൽ ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന് ലഭിച്ച തുകയോ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബിസിസിഐയിൽ നിന്ന് ഈടാക്കണമെന്നും പരാതിയിൽ പറയുന്നു.

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ഇന്ത്യയിൽ ഐപിഎൽ നടത്തിയതിന് ബിസിസിഐയിൽ നിന്ന് 1000 കോടി രൂപ ഈടാക്കണം എന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഹർജി. ധാർഷ്ട്യം നിറഞ്ഞ മനോഭാവത്തിന് ബിസിസിഐ ഇന്ത്യൻ ജനതയോട് മാപ്പ് പറയണം എന്നും വേദാന്ത ഷാ എന്ന അഭിഭാഷിക പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടു.

ശ്‌മനാശനങ്ങൾ ഒരുക്കി നൽകാൻ ബിസിസിഐയോട് നിർദേശിക്കണം. 1000 കോടി രൂപയോ അതല്ലെങ്കിൽ ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന് ലഭിച്ച തുകയോ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബിസിസിഐയിൽ നിന്ന് ഈടാക്കണമെന്നും പരാതിയിൽ പറയുന്നു. കൊവിഡ് കാരണം ഐപിഎൽ പാതിവഴിയിൽ നിർത്തിവച്ചെങ്കിലും ഇന്ത്യൻ ജനതയോട് ഒരു പ്രതിബദ്ധതയും ഇല്ലാത്ത ബിസിസിഐക്കെതിരായ പരാതി പിൻവലിക്കില്ലെന്നും വേദാന്ത പറഞ്ഞു.

ബിസിസിഐ സഹായത്തിന്; നാട്ടിലേക്ക് തിരിക്കാനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ആശ്വാസം

ബയോ-ബബിള്‍ സംവിധാനത്തില്‍ ആരംഭിച്ച ഐപിഎല്‍ പതിനാലാം സീസണ്‍ താരങ്ങള്‍ക്കും സ്റ്റാഫിനും കൊവിഡ് പിടിപെട്ടതോടെ പാതിവഴിയില്‍ നിര്‍ത്തിവച്ചിരുന്നു. താരങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയാണ് ബിസിസിഐ. ഇതിനകം ഇംഗ്ലീഷ് താരങ്ങള്‍ ഉള്‍പ്പടെ പലരും നാട്ടിലേക്ക് മടങ്ങി. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കുള്‍പ്പടെ യാത്രാ സൗകര്യങ്ങള്‍ തേടുകയാണ് ബിസിസിഐ. 

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌പിന്നര്‍ വരുൺ ചക്രവർത്തി, പേസര്‍ സന്ദീപ് വാര്യർ, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളിംഗ് പരിശീലകന്‍ ലക്ഷ്മിപതി ബാലാജി, ടീം സിഇഒ കാശി വിശ്വനാഥന്‍, ടീം ബസ് ജീവനക്കാന്‍, ബാറ്റിംഗ് പരിശീലകന്‍ മൈക്ക് ഹസി, സൺറൈസേഴ്സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാൻ സാഹ, ഡൽഹി ക്യാപിറ്റൽ‌സ് സ്‌പിന്നര്‍ അമിത് മിശ്ര എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ടൂർണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കാൻ ബിസിസിഐ തീരുമാനിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!