
മൊഹാലി: നിർണായക മത്സരത്തിൽ ഒറ്റയാൾ പോരാട്ടം നടത്തി ഹീറോയായ പ്രഭ്സിമ്രാൻ സിംഗിനെ നെഞ്ചേറ്റി ആരാധകർ. താരത്തിന്റെ കന്നി സെഞ്ചുറി പിറന്ന മത്സരത്തിലെ വിജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിട്ടുണ്ട്. വിക്കറ്റ് കൊഴിച്ചിലിനിടയില്‍ ഒറ്റയ്‌ക്ക് പൊരുതിയാണ് പ്രഭ്‌സിമ്രാന്‍ 65 പന്തില്‍ 103 റണ്‍സെടുത്തത്. 20 റണ്‍സെടുത്ത സാം കറനാണ് രണ്ടാമത്തെ ഉയര്‍ന്ന സ്കോറുകാരന്‍ എന്നത് പ്രഭ്സിമ്രാന്റെ പോരാട്ടത്തിന്റെ മാറ്റുക്കൂട്ടുന്നു.
താരം സെഞ്ചുറി നേടുമ്പോൾ ഗാലറിയിൽ ടീം ഉടമയും ബോളിവുഡ് താരവുമായ പ്രീതി സിന്റയും ഉണ്ടായിരുന്നു. താരം സെഞ്ചുറി നേടിയപ്പോൾ കയ്യടിച്ച് കൊണ്ട് ഹൃദയം തൊട്ട ആഘോഷമാണ് പ്രീതി സിന്റ നടത്തിയത്. പ്രീതിയുടെ കണ്ണൊന്ന് നിറഞ്ഞോയെന്നാണ് ആരാധകർ ചോദിക്കുന്നത്. മത്സരത്തിന് ശേഷം പ്രഭ്സിമ്രാനെ കെട്ടിപ്പിടിച്ചാണ് പ്രീതി സിന്റ ആഘോഷിച്ചത്. അതേസമയം, പ്രഭ്സിമ്രാൻ സെഞ്ചുറി കുറിച്ചപ്പോൾ സഹതാരം രാഹുൽ ചഹാറിന്റെ ആഘോഷവും ശ്രദ്ധേയമായി.
വിസിൽ മുഴക്കിയാണ് രാഹുൽ ചഹാർ ആഘോഷിച്ചത്. നീണ്ട ഒമ്പത് വര്‍ഷത്തിന് ശേഷം ഐപിഎല്ലില്‍ പ്ലേ ഓഫ് കളിക്കാമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ് കിംഗ്സ്. ഇതുവരെ രണ്ട് വട്ടമാണ് ഗ്രൂപ്പ് ഘട്ടം കടന്ന് പഞ്ചാബ് കുതിച്ചത്. ആദ്യം കന്നി സീസണില്‍ സെമി ഫൈനലില്‍ കടക്കാൻ യുവരാജ് സിംഗിന്‍റെ നേതൃത്വത്തിലുള്ള കിംഗ്സ് ഇലവന് സാധിച്ചു. എന്നാല്‍, ചെന്നൈ സൂപ്പര്‍ കിംഗ്സിന് മുന്നില്‍ തോല്‍വി സമ്മതിച്ച് പുറത്തായി. പിന്നീട് 2014ല്‍ ആണ് ഗ്രൂപ്പ് കടമ്പ ഒന്ന് താണ്ടിയത്. അന്ന് ഫൈനല്‍ വരെ എത്തിയെങ്കിലും കൊല്‍ക്കത്തൻ വീര്യത്തെ മടികടക്കാൻ സാധിച്ചില്ല.
അതേസമയം, മത്സരത്തിൽ പ്രഭ്സിമ്രാനും പഞ്ചാബ് കിംഗ്‌സ് ബൗളര്‍മാര്‍ക്കും മുന്നില്‍ അടിയറവ് പറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ് തോൽവി വഴങ്ങിയിരുന്നു. 168 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ക്യാപിറ്റല്‍സിന് 20 ഓവറില്‍ 8 വിക്കറ്റിന് 136 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അർധസെഞ്ചുറി നേടിയ ഡേവിഡ് വാർണർ നല്‍കിയ തുടക്കം മറ്റ് ബാറ്റർമാർ മുതലാക്കാന്‍ മറന്നപ്പോള്‍ നാല് വിക്കറ്റുമായി ഹർപ്രീത് ബ്രാറും രണ്ട് പേരെ വീതം പറഞ്ഞയച്ച് നേഥന്‍ എല്ലിസും രാഹുല്‍ ചഹാറും പഞ്ചാബിന് 31 റണ്‍സിന്‍റെ ജയമുറപ്പിക്കുകയായിരുന്നു. ജയത്തോടെ പഞ്ചാബ് 12 പോയിന്‍റുമായി ആറാമതെത്തിയപ്പോള്‍ അവസാന സ്ഥാനത്ത് തുടരുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ടൂർണമെന്‍റില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!