ആദ്യ ഐപിഎല്‍ അങ്കം തൊട്ടടുത്ത്; ജഡേജയേയും വാട്‌സണേയും കാത്ത് അപൂര്‍വ റെക്കോഡുകള്‍

By Web TeamFirst Published Sep 19, 2020, 5:16 PM IST
Highlights

73 റണ്‍സ് നേടിയാല്‍ ടൂര്‍ണമെന്റില്‍ ഒന്നാകെ 2000 റണ്‍സ് നേടാന്‍ ജഡേജയ്ക്കാവും. ഇതോടെ ടൂര്‍ണമെന്റില്‍ 2000 റണ്‍സും 100 വിക്കറ്റുകളുമെടുത്ത ആദ്യത്തെ താരമായി അദ്ദേഹം മാറും.

അബുദാബി: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന ഐപിഎല്ലില്‍ നിന്ന് പിന്മാറിയ സാഹചര്യത്തില്‍ രവീന്ദ്ര ജഡേജയ്ക്ക് വലിയ ഉത്തരവാദിത്തമാണുള്ളത്. സ്പിന്‍ ഡിപാര്‍ട്ട്‌മെന്റിനെ നയിക്കുന്നതോടൊപ്പം ബാറ്റിങ്ങിലും അദ്ദേഹത്തിന് തിളങ്ങേണ്ടതായി വരും. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടാനൊരുങ്ങുന്ന ജഡേജയെ കാത്തിരിക്കുന്നത് അപൂര്‍വനേട്ടമാണ്. 

73 റണ്‍സ് നേടിയാല്‍ ടൂര്‍ണമെന്റില്‍ ഒന്നാകെ 2000 റണ്‍സ് നേടാന്‍ ജഡേജയ്ക്കാവും. ഇതോടെ ടൂര്‍ണമെന്റില്‍ 2000 റണ്‍സും 100 വിക്കറ്റുകളുമെടുത്ത ആദ്യത്തെ താരമായി അദ്ദേഹം മാറും. നിലവില്‍ 1927 റണ്‍സും 108 വിക്കറ്റുകളുമാണ് ജഡേജയുടെ സമ്പാദ്യം. 170 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം. സിഎസ്‌കെയെക്കൂടാതെ രാജസ്ഥാന്‍ റോയല്‍സ്, കൊച്ചി ടസ്‌കേഴ്സ് കേരള, ഗുജറാത്ത് ലയണ്‍സ് തുടങ്ങിയ ടീമുകള്‍ക്കു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. 

സിഎസ്‌കെയ്ക്കു വേണ്ടി ഇതുവരെ കളിച്ച എല്ലാ സീസണുകളിലും 10 വിക്കറ്റെങ്കിലും ജഡേജ വീഴ്ത്തിയിട്ടുണ്ട്. ബാറ്റിങിലേക്കു വന്നാല്‍ 48 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 122.58 എന്ന മികച്ച സ്ട്രൈക്ക് റേറ്റുള്ള താരം ഫീല്‍്ഡിങ്ങിലും മികവ് കാണിക്കുന്നു. 

ചെന്നൈയുടെ തന്നെ ഷെയ്ന്‍ വാട്‌സണിനെ കാത്തും ഒരു റെക്കോഡ് കിടപ്പുണ്ട്. എട്ടു വിക്കറ്റുകള്‍ കൂടി നേടിയാല്‍ 3000ത്തില്‍ അധികം റണ്‍സും 100 വിക്കറ്റുകളും തികച്ച ആദ്യ താരമായി വാട്സന്‍ മാറും. എന്നാല്‍ ഇത്തവണ വാട്‌സണ്‍ പന്തെടുക്കുമോ എന്നുള്ള കാര്യം സംശയമാണ്. കഴിഞ്ഞ മത്സരത്തില്‍ താരം പന്തെറിഞ്ഞിരുന്നില്ല.

click me!