
അഹമ്മദാബാദ്: ഐപിഎല്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വീഴ്ത്തിയപ്പോള്‍ താരമായത് റിങ്കു സിംഗായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സും അവസാന അഞ്ച് പന്തില്‍ 28 റണ്‍സും വേണ്ടപ്പോള്‍ യാഷ് ദയാലിനെ തുടര്‍ച്ചയായി അഞ്ച് സിക്സ് പറത്തി റിങ്കു അടിച്ചെടുത്ത വിജയത്തിന് സമാനതകളില്ല. അവസാന ഓവറില്‍ ഉമേഷ് യാദവായിരുന്നു റിങ്കുവിനൊപ്പം ക്രീസിലുണ്ടായിരുന്നത്.
ജോഷ്വാ ലിറ്റില്‍ എറിഞ്ഞ പത്തൊമ്പതാം ഓവറിലെ അവസനാ രണ്ട് പന്തും സിക്സിനും ഫോറിനും പറത്തിയ റിങ്കുവിന് അവസാന ഓവറില്‍ സ്ട്രൈക്ക് നിലനിര്‍ത്താനായില്ല. അതുകൊണ്ടുതന്നെ ആദ്യ പന്ത് നേരിട്ടത് ഉമേഷ് യാദവായിരുന്നു. ആദ്യ പന്തില്‍ ഉമേഷ് സിംഗിളെടുത്ത് സ്ട്രൈക്ക് റിങ്കുവിന് കൈമാറി. അതിനുശേഷം ഉമേഷ് നല്‍കിയ ഉപദേശത്തെക്കുറിച്ച് തുറന്നു പറയുകയാണ് റിങ്കു സിംഗ് ഇപ്പോള്‍.
ഒന്നും ആലോചിക്കേണ്ട, കണ്ണും പൂട്ടി അടിച്ചോ എന്നായിരുന്നു ഉമേഷ് എന്നോട് പറഞ്ഞത്. സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ കൂടുതലൊന്നും ആലോചിച്ചിരുന്നില്ല.ഓരോ പന്തും എങ്ങനെ വരുന്നോ അങ്ങനെ അടിക്കുക എന്നു മാത്രമെ ചിന്തിച്ചുള്ളു.എനിക്കത് നേടാന്‍ കഴിയുമെന്നൊരു ഉള്‍വിളിയുണ്ടായിരുന്നു.കാരണം, കഴിഞ്ഞ സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെയും സമാനമായൊരു ഇന്നിംഗ്സ് ഞാന്‍ കളിച്ചിരുന്നു.അന്നും ഇന്നലത്തേതുപോലെ ഇതേ ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു.
ഉമേഷ് എന്നോട് പറഞ്ഞത്, ആത്മവിശ്വാസം കൈവിടരുതെന്നും അധികമൊന്നും ആലോചിക്കാതെ അടിക്കാനുമായിരുന്നു. അതുതന്നെയാണ് താന്‍ ചെയ്തതെന്നും മത്സരശേഷം റിങ്കു സിംഗ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തക്കായി റിങ്കു സിംഗ് 15 പന്തില്‍ 40 റണ്‍സടിച്ച് ഞെട്ടിച്ചിരുന്നു. അന്ന് പക്ഷെ രണ്ട് റണ്‍സിന് കൊല്‍ക്കത്ത തോറ്റു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!