മുന്നിലുളളത് ഗെയ്‌ലും ധോണിയും ഡിവില്ലിയേഴ്‌സും; ഐപിഎല്ലില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഹിറ്റ്മാന്‍

By Web TeamFirst Published Sep 23, 2020, 9:41 PM IST
Highlights

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 54 പന്തില്‍ 80 റണ്‍സാണ് രോഹിത് നേടിയത്. ഇതില്‍ ആറ് സിക്‌സുകള്‍ ഉള്‍പ്പെടും. 

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ മോശം ഫോമിലായിരുന്നു മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 10 പന്തുകള്‍ നേരിട്ട താരം 12 റണ്‍സിന് പുറത്തായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ അദ്ദേഹം ഗംഭീര തിരിച്ചുവരവ് നടത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 54 പന്തില്‍ 80 റണ്‍സാണ് രോഹിത് നേടിയത്. ഇതില്‍ ആറ് സിക്‌സുകള്‍ ഉള്‍പ്പെടും. 

ഒരു നേട്ടം കൂടി രോഹിത്തിനെ തേടിയെത്തി. ഐപിഎല്‍ ടൂര്‍ണമെന്റില്‍ ഒന്നാകെ 200 സിക്‌സുകളെന്ന നേട്ടമാണ് രോഹിത്തിനെ തേടിയെത്തിയത്. മൊത്തം സിക്‌സുകളുടെ കാര്യത്തില്‍ നാലാം സ്ഥാനത്താണിപ്പോള്‍ രോഹിത്. കുല്‍ദീപ് യാദവ് എറിഞ്ഞ പതിമൂന്നാം ഓവറിന്റെ നാലാം പന്തില്‍ സിക്‌സ് നേടിയപ്പോഴാണ് രോഹിത് 200 സിക്‌സുകള്‍ എന്ന മാന്ത്രിക സംഖ്യയിലെത്തിയത്. രോഹിത്തിന്റെ ഇന്നിങ്‌സിലെ ആറാം സിക്‌സായിരുന്നത്. മത്സരത്തിന് മുമ്പ് 194 സിക്‌സുമായി സുരേഷ് റെയ്‌നയ്‌ക്കൊപ്പമായിരുന്നു രോഹിത്.

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്രിസ് ഗെയ്ല്‍, റോയല് ചലഞ്ചേഴ്‌സ് താരം എബി ഡിവില്ലിയേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി എന്നിവരാണ് രോഹിത്തിന് മുന്നിലുള്ളത്. 125 ഐപിഎല്‍ മത്സരങ്ങളില്‍ (124 ഇന്നിങ്‌സ്) നിന്ന് ഗെയ്ല്‍ നേടിയത് 326 സിക്‌സുകളാണ്.  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്ക് വേണ്ടി ഗെയ്ല്‍ കളിച്ചു.

155 മത്സരങ്ങളില്‍ (143 ഇന്നിങ്‌സ്) നിന്ന് ആര്‍സിബിയുടെ ഡിവില്ലിയേഴ്‌സ് നേടിയത് 214 സിക്‌സുകളാണ്. നേരത്തെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് (ഇപ്പോഴത്തെ ഡല്‍ഹി കാപിറ്റല്‍സ്) വേണ്ടിയും ഡിവില്ലിയേഴ്‌സ് കളിച്ചിരുന്നു. 212 സിക്‌സുകള്‍ നേടിയ ധോണിക്ക് 192 (172 ഇന്നിങ്‌സ്) മത്സരങ്ങള്‍ വേണ്ടിവന്നു.

click me!