
ചെന്നൈ: ഫോം കണ്ടെത്താൻ വിഷമിച്ച സഹതാരത്തിനായി രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന്റെ ത്യാഗം. മലയാളി കൂടിയായ ദേവദത്ത് പടിക്കലിനായി തന്റെ മൂന്നാം നമ്പർ സ്ഥാനം സഞ്ജു വിട്ടുകൊടുക്കുകയായിരുന്നു. ഓപ്പണിംഗ് ബാറ്ററായ പടിക്കലിന് രാജസ്ഥാന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ മധ്യനിരയിൽ ഇറങ്ങേണ്ടി വന്നതിനാൽ മികവിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല. ഇതോടെ അടുത്ത മത്സരത്തിൽ താരത്തിന് സ്ഥാനവും നഷ്ടപ്പെട്ടിരുന്നു.
ഇന്ന് റിയാൻ പരാഗിന് പകരമാണ് പടിക്കൽ ടീമിലെത്തിയത്. പവർ പ്ലേയിൽ മികവ് കാട്ടിയ പടിക്കൽ പിന്നീട് അധികം വൈകാതെ പുറത്തായി. 26 പന്തിൽ 38 റൺസാണ് പടിക്കൽ നേടിയത്. പക്ഷേ, നാലാം നമ്പറിലെത്തിയ സഞ്ജു നിരാശപ്പെടുത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും റൺസൊന്നും എടുക്കാതെ താരം പുറത്തായി. അതേസമയം, രാജസ്ഥാൻ റോയല്‍സ് താരം ദേവദത്ത് പടിക്കലിന്‍റെ മോശം പ്രകടനത്തിന്‍റെ കാരണം ആത്മവിശ്വാസക്കുറവ് ആണെന്ന് മുൻ ഇന്ത്യൻ ബാറ്ററും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞിരുന്നു.
സഹതാരത്തെ സഹായിക്കാൻ സഞ്ജു സാംസണ് ഒരു ത്യാഗം ചെയ്യാൻ സാധിക്കുമോയെന്നും സഞ്ജയ് ചോദിച്ചിരുന്നു. നാലാം നമ്പറിലേക്ക് സഞ്ജു മാറിയാല്‍ പടിക്കലിന് മൂന്നാം നമ്പറില്‍ മെച്ചപ്പെട്ട രീതിയില്‍ കളിക്കാനായേക്കുമെന്നാണ് മുൻ ഇന്ത്യൻ താരം പറഞ്ഞത്. പടിക്കലിനെ രാജസ്ഥാൻ, ടീമില്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്‍കണം. ഓപ്പണിംഗ് ബാറ്ററായിരുന്ന ഒരാള്‍ക്ക് നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് പ്രയാസകരമാണ്.
സഞ്ജുവിന് നാലാം നമ്പറിലും ബാറ്റ് ചെയ്യാൻ സാധിക്കും. താരം അത് മുമ്പ് തെളിയിച്ചതാണെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തിരുന്നു. അതേസമയം, ടോസ് നേടിയ ചെന്നൈ നായകൻ എം എസ് ധോണി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ നിന്ന് വ്യത്യസ്തമായ പിച്ചാണ് ചെപ്പോക്കിലുള്ളതെന്നും രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ മഞ്ഞ് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കുമെന്നും ധോണി പറഞ്ഞു. ടോസ് നേടിയിരുന്നെങ്കിൽ ബൗളിംഗ് തെരഞ്ഞെടുത്തേനേ എന്ന് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണും പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!