
കൊല്‍ക്കത്ത: ഷാരുഖ് ഖാനെ സാക്ഷിയാക്കി ഐപിഎല്ലില്‍ ആര്‍സിബിക്കെതിരെ മിന്നുന്ന വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ തോല്‍വിയേറ്റ കൊല്‍ക്കത്ത സ്വന്തം കാണികള്‍ക്ക് മുന്നില്‍ എല്ലാ മേഖലകളിലും ആധിപത്യം പുലര്‍ത്തിയാണ് ഇന്നലെ വിജയം നേടിയത്. വിരാട് കോലിയടക്കം മൈതാനത്ത് ഇറങ്ങിയപ്പോള്‍ ഗാലറിയില്‍ തിളങ്ങിയത് ഷാരുഖ് ഖാനായിരുന്നു.
ഇപ്പോള്‍ മത്സരശേഷം ഒരു ആരാധകനൊപ്പമുള്ള ഷാരുഖിന്‍റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്. ഈഡൻ ഗാര്‍ഡൻസില്‍ കെകെആറിന്‍റെ എല്ലാ മത്സരങ്ങള്‍ക്കും എത്തുന്ന ഹര്‍ഷുല്‍ എന്ന ആരാധകനെയാണ് ഷാരുഖ് നെഞ്ചോടടക്കി പിടിച്ചത്. ഹര്‍ഷുലിന്‍റെ നെറ്റിയില്‍ ഷാരുഖ് ഉമ്മ നല്‍കുകയും ചെയ്തു.
ഇതാദ്യമായല്ല ഹര്‍ഷുല്‍ ഗോയങ്ക ഷാരുഖിന്‍റെ സ്നേഹം അടുത്തറിയുന്നത്. നേരത്തെ, 2018ലും ഇരുവരും പരസ്പരം കണ്ടിരുന്നു. അന്നും ഇരുവരുടെയും കണ്ടുമുട്ടല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം, ആരാധകര്‍ക്ക് വിരുന്നാകുന്ന പ്രകടനമാണ് ഇന്നലെ കെകെആര്‍ പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സടിച്ചു. മറുപടി ബാറ്റിംഗില്‍ നല്ല തുടക്കം കിട്ടിയിട്ടും ആര്‍സിബി 44-0ല്‍ നിന്ന് 86-9ലേക്ക് കൂപ്പു കുത്തി.
ഡേവിഡ് വില്ലിയും ആകാശ് ദീപും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പില്‍ 100 കടന്ന ആര്‍സിബി 17.4 ഓവറില്‍ 123 റണ്‍സിന് ഓള്‍ ഔട്ടായി. 89-5ലേക്ക് കൂപ്പുകുത്തിയ കൊല്‍ക്കത്ത തകര്‍ന്നടിയുമെന്ന് കരുതിയവരെ ഞെട്ടിച്ചാണ് ആറാം വിക്കറ്റില്‍ ഷര്‍ദുല്‍ താക്കൂറും റിങ്കു സിംഗും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് കൊല്‍ക്കത്തയെ പ്രതീക്ഷക്കും അപ്പുറത്തേക്ക് എത്തിച്ചത്. വരുണ്‍ ചക്രവര്‍ത്തി, സുയാഷ് ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ആര്‍സിബി ബാറ്റിംഗ് നിരയെ തകര്‍ക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!