മുംബൈ ഇന്ത്യന്‍സ് കിരീടം നിലനിര്‍ത്തും; കാരണം വ്യക്തമാക്കി സുനില്‍ ഗവാസ്‌കര്‍

By Web TeamFirst Published Sep 18, 2020, 1:57 PM IST
Highlights

രോഹിത് തുടക്ക മത്സരങ്ങളില്‍ ഓപ്പണറായി ഇറങ്ങണമെന്നും ഗവാസ്‌കര്‍ നിര്‍ദേശിച്ചു. തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രം മൂന്നിലോ നാലിലോ കളിക്കുന്ന കാര്യം ആലോചിച്ചാല്‍ മതി. 

ദുബായ്: നിലവിലെ ചാംപ്യന്മാര്‍ എന്ന പേരോടെയാണ് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിനെത്തുന്നത്. കഴിഞ്ഞ സീസണില്‍ ഉള്‍പ്പെടെ നാല് തവണ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്. എന്നാല്‍ അത്ര മികച്ച റെക്കോഡല്ല മുംബൈ ഇന്ത്യന്‍സിന്. മുമ്പ് യുഎഇയില്‍ കളിച്ചപ്പോള്‍ എല്ലാ മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു.

ഇത്തവണയും ഫേവറൈറ്റുകളിലെ നിരയിലുണ്ട് മുംബൈ ഇന്ത്യന്ത്യന്‍സ്. മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കുന്നതും ഇക്കാര്യം തന്നെയാണ്. മുംബൈ ഇന്ത്യന്‍സ് കിരീടം നിലനിര്‍ത്തുമെന്നാണ് അദ്ദേഹം പറയുന്നത്. ''ടി20 ഫോര്‍മാറ്റില്‍ പ്രവചനം അത്ര സാധ്യമല്ല. കളി മാറാന്‍ ഒരോവര്‍ മതി. ഗ്രൂപ്പ് ഘട്ടത്തിലേയും നോക്കൗട്ടിലേയും മത്സരങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. മുംബൈ നാല് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്. ഇതെല്ലാം ഓരോ പ്രതിസന്ധി ഘട്ടത്തേയും തോല്‍പ്പിച്ച് നേടിയതാണ്. ഈ അനുഭവസമ്പത്താണ് മുംബൈ ഇന്ത്യന്‍സിന്റെ കരുത്ത്. അതുകൊണ്ടുതന്നെയാണ് ഞാന്‍ പറയുന്നത് മുംബൈ ഇന്ത്യന്‍സ് കിരീടം നിലനിര്‍ത്തുമെന്ന്.'' ഗവാസ്‌കര്‍ വ്യക്തമാക്കി. 

എന്നാല്‍ വമ്പന്‍ താരങ്ങളുള്ള മുംബൈ ഇന്ത്യന്‍സില്‍ ഇത്തവണയും  പ്രശ്‌നങ്ങുണ്ടെന്നും ഗവാസ്‌കര്‍ പറയുന്നു. ''യുഎഇയിലെ സ്പിന്‍ മൈതാനത്ത് സ്‌പെഷ്യലിസ്റ്റ് സ്പിന്‍ ബൗളറുടെ അഭാവം മുംബൈയ്ക്ക് തിരിച്ചടിയാവും. രാഹുല്‍ ചാഹര്‍, ജയന്ത് യാദവ്, ക്രുനാല്‍ പാണ്ഡ്യ എന്നിവരാണ് ടീമിനെ സ്പിന്നര്‍മാര്‍. ഇവര്‍ എത്രത്തോളം കരുത്ത് കാണിക്കുമെന്ന് കണ്ടറിയണം.'' ഗവാസ്‌കര്‍ പറഞ്ഞു.

രോഹിത് തുടക്ക മത്സരങ്ങളില്‍ ഓപ്പണറായി ഇറങ്ങണമെന്നും ഗവാസ്‌കര്‍ നിര്‍ദേശിച്ചു. തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രം മൂന്നിലോ നാലിലോ കളിക്കുന്ന കാര്യം ആലോചിച്ചാല്‍ മതി. നാലാം നമ്പറില്‍ ഇശാന്‍ കിഷന്‍ വരണമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

click me!