Latest Videos

'തല'യെ തള്ളി റെയ്‌ന; ഐപിഎല്‍ 2023ലെ മികച്ച ഇലവനുമായി മുന്‍ താരം, ധോണി പുറത്ത്!

By Web TeamFirst Published May 25, 2023, 10:09 PM IST
Highlights

ഐപിഎല്‍ കരിയറില്‍ കൂടുതല്‍ കാലവും എം എസ് ധോണിക്ക് കീഴില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ കളിച്ച താരമാണ് സുരേഷ് റെയ്‌ന

മുംബൈ: ഐപിഎല്‍ 2023 സീസണ്‍ അവസാനിക്കാന്‍ രണ്ട് മത്സരങ്ങള്‍ മാത്രം അവശേഷിക്കേ സീസണിലെ മികച്ച പ്ലേയിംഗ് ഇലവനുമായി മിസ്റ്റര്‍ ഐപിഎല്‍ സുരേഷ് റെയ്‌ന. തന്‍റെ മുന്‍ നായകന്‍ കൂടിയായ സിഎസ്‌കെ താരം എം എസ് ധോണിയെ അല്ല മികച്ച ക്യാപ്റ്റനായി റെയ്‌ന തെരഞ്ഞെടുത്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 

ഐപിഎല്‍ കരിയറില്‍ കൂടുതല്‍ കാലവും എം എസ് ധോണിക്ക് കീഴില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ കളിച്ച താരമാണ് സുരേഷ് റെയ്‌ന. സിഎസ്‌കെയ്‌ക്ക് ഒപ്പം നാല് കിരീടങ്ങള്‍ നേടുകയും ചെയ്‌തു. ഐപിഎല്‍ പതിനാറാം സീസണിലും ചെന്നൈയെ ധോണി ഫൈനലില്‍ എത്തിച്ചിട്ടുണ്ടെങ്കിലും മികച്ച ഇത്തവണത്തെ മികച്ച നായകനായി റെയ്‌ന കാണുന്നത് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ഹാര്‍ദിക് പാണ്ഡ്യയെയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ വെടിക്കെട്ട് വീരന്‍ നിക്കോളാസ് പുരാനെയാണ് ടീമിന്‍റെ വിക്കറ്റ് കീപ്പറായി റെയ്‌ന തെര‌ഞ്ഞെടുത്തിരിക്കുന്നത്. 

ഐപിഎല്‍ പതിനാറാം സീസണിലെ ഏറ്റവും മികച്ച രണ്ട് ഇന്ത്യന്‍ യുവ ബാറ്റര്‍മാരാണ് ടീമിലെ ഓപ്പണര്‍മാര്‍. രാജസ്ഥാന്‍ റോയല്‍സിന്‍റെ യശസ്വി ജയ്‌സ്വാളും ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ശുഭ്‌മാന്‍ ഗില്ലും. ആര്‍സിബി സൂപ്പര്‍ താരം വിരാട് കോലി, മുംബൈ ഇന്ത്യന്‍സിന്‍റെ സൂര്യകുമാര്‍ യാദവ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫിനിഷര്‍ റിങ്കു സിംഗ് എന്നിവരാണ് ബാറ്റിംഗില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. സിഎസ്‌കെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ടൈറ്റന്‍സ് പേസര്‍ മുഹമ്മദ് ഷമി, ആര്‍സിബി പേസര്‍ മുഹമ്മദ് സിറാജ്, റോയല്‍സ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് പ്ലേയിംഗ് ഇലവനിലുള്ള മറ്റുള്ളവര്‍. 

മുംബൈ ഇന്ത്യന്‍സിനായി തകര്‍ത്തടിക്കുന്ന ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, സിഎസ്‌കെ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ്, പഞ്ചാബ് കിംഗ്‌സ് ഫിനിഷര്‍ ജിതേഷ് ശര്‍മ്മ, സിഎസ്‌കെയുടെ ലങ്കന്‍ പേസര്‍ മതീഷ പതിരാന, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പേസര്‍ യഷ് താക്കൂര്‍ എന്നിവരാണ് സുരേഷ് റെയ്‌നയുടെ സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളുടെ പട്ടികയിലുള്ളത്. ജിയോ സിനിമയിലെ ഐപിഎല്‍ പരിപാടിക്കിടെയായിരുന്നു മുന്‍ താരത്തിന്‍റെ ടീം തെരഞ്ഞെടുപ്പ്. 

Read more: പുതിയ ഗെറ്റപ്പില്‍ താരങ്ങള്‍; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് കച്ചമുറുക്കല്‍ തുടങ്ങി ടീം ഇന്ത്യ

click me!