Asianet News MalayalamAsianet News Malayalam

പുതിയ ഗെറ്റപ്പില്‍ താരങ്ങള്‍; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് കച്ചമുറുക്കല്‍ തുടങ്ങി ടീം ഇന്ത്യ

ഓവലില്‍ ജൂണ്‍ ഏഴാം തിയതിയാണ് ഓസ്ട്രേലിയക്ക് എതിരായ ഫൈനല്‍ ആരംഭിക്കുന്നത്

Team India started practice ahead WTC 2023 Final against Australia jje
Author
First Published May 25, 2023, 9:39 PM IST

ലണ്ടന്‍: ഓസ്‌ട്രേലിയക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് തയ്യാറെടുപ്പുകള്‍ തുടങ്ങി ടീം ഇന്ത്യ. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും സഹപരിശീലകര്‍ക്കുമൊപ്പം സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും പേസര്‍മാരായ ഉമേഷ് യാദവും ഷര്‍ദ്ദുല്‍ താക്കൂറും മുഹമ്മദ് സിറാജും സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും ലണ്ടനിലെത്തി. പുതിയ ജേഴ്‌സിയിലാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ പറന്നിറങ്ങിയത്. ലണ്ടനിലെത്തിയ ടീമംഗങ്ങളുടെ ചിത്രങ്ങള്‍ ബിസിസിഐ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. 

ഓവലില്‍ ജൂണ്‍ ഏഴാം തിയതിയാണ് ഓസ്ട്രേലിയക്ക് എതിരായ ഫൈനല്‍ ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. കഴിഞ്ഞ തവണ ന്യൂസിലന്‍ഡിനോട് കൈവിട്ട കിരീടം സ്വന്തമാക്കുകയാണ് ഇക്കുറി ഇന്ത്യന്‍ ടീമിന്‍റെ ലക്ഷ്യം. രോഹിത് ശര്‍മ്മയെ നായകനാക്കി ഫൈനലിനുള്ള സ്‌ക്വാഡിനെ ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഷര്‍ദുല്‍ താക്കൂര്‍ പരിക്ക് മാറിയാണ് എത്തിയിരിക്കുന്നതെങ്കില്‍ ഉമേഷ് യാദവ് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ല. ജയ്‌ദേവ് ഉനദ്‌കട്ടിന്‍റെ തോളിലെ പരിക്കിന്‍റെ കാര്യത്തിലും അപ്‌ഡേറ്റ് വരാനുണ്ട്. 

ഐപിഎല്ലില്‍ വിരാട് കോലിയും മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഉള്‍പ്പടെയുള്ള താരങ്ങള്‍ ഫോമിലായിരുന്നതും ചേതേശ്വര്‍ പൂരാജ കൗണ്ടി ക്രിക്കറ്റിനായി നേരത്തെ ഇംഗ്ലണ്ടിലെത്തിയിരുന്നതും ടീം ഇന്ത്യക്ക് പ്രതീക്ഷയാണ്. കൗണ്ടി മത്സരങ്ങള്‍ കഴിഞ്ഞുള്ള ചെറിയ ഇടവേളയ്‌ക്ക് ശേഷം പൂജാര ടീമിനൊപ്പം ചേരും. മെയ് 28ന് നടക്കുന്ന ഐപിഎല്‍ 2023 ഫൈനലിന് ശേഷം 30ന് ഇന്ത്യന്‍ ടീമൊന്നാകെ കൂടിച്ചേരും. വിറ്റാലിറ്റി ബ്ലാസ്റ്റ് ടി20 ചാമ്പ്യന്‍ഷിപ്പ് പുരോഗമിക്കുന്നതിനാല്‍ ഇന്ത്യന്‍ ടീമിന് പരിശീലന മത്സരം സാധ്യമല്ല. അതിനാല്‍ ഇന്‍ട്രാ-സ്‌ക്വാഡ് മത്സരമാകും ഫൈനലിന് മുമ്പ് രോഹിത് ശര്‍മ്മയും കൂട്ടരും ഇംഗ്ലണ്ടില്‍ കളിക്കുക. 

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍). 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍

റുതുരാജ് ഗെയ്‌ക്‌വാദ്, മുകേഷ് കുമാര്‍, സൂര്യകുമാര്‍ യാദവ്. 

Read more: ആയിരങ്ങളുടെ ക്യൂ, ഉന്തും തള്ളും വീഴ്‌ചയും; കൈവിട്ട് ഐപിഎല്‍ ഫൈനല്‍ ടിക്കറ്റ് വില്‍പന'- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios