രോഹിത്തിനെ പോലും മറികടന്ന് സൂര്യയുടെ ഐപിഎല്‍ റണ്‍വേട്ട, എന്നിട്ടും ഇളകാതെ സച്ചിന്‍റെ റെക്കോര്‍ഡ്

Published : May 27, 2023, 08:13 AM IST
രോഹിത്തിനെ പോലും മറികടന്ന് സൂര്യയുടെ ഐപിഎല്‍ റണ്‍വേട്ട, എന്നിട്ടും ഇളകാതെ സച്ചിന്‍റെ റെക്കോര്‍ഡ്

Synopsis

ഈ സീസണില്‍ 16 മത്സരങ്ങളില്‍ 605 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. സീസണിന്‍റെ തുടക്കത്തില്‍ നിറം മങ്ങിയില്ലായിരുന്നെങ്കില്‍ സൂര്യക്ക് സച്ചിന്‍റെ റെക്കോര്‍ഡും മറികടക്കാമായിരുന്നു.

അഹമ്മദാബാദ്: ഐപിഎല്‍ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ റണ്‍മല കയറ്റത്തില്‍ മുംബൈയുടെ പ്രതീക്ഷയായിരുന്നു സൂര്യകുമാര്‍ യാദവ്. തിലക് വര്‍മയുടെ മിന്നലാട്ടത്തിനുശേഷം ക്രീസില്‍ നിറഞ്ഞ സൂര്യകുമാര്‍ കാമറൂണ്‍ ഗ്രീനിനൊപ്പം ഒരു ഘട്ടത്തില്‍ ഹാര്‍ദ്ദിക്കിന്‍റെ ഗുജറാത്തിനെ വിറപ്പിക്കുകയും ചെയ്തു.38 പന്തില്‍ 61 റണ്‍സടിച്ച സൂര്യ ഏഴ് ഫോറും രണ്ട് സിക്സും പറത്തി ക്രീസില്‍ നിന്നപ്പോള്‍ മുംബൈ അവിശ്വസനീയ ജയം പ്രതീക്ഷിച്ചു.

എന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മോഹിത് ശര്‍മയുടെ കൈകളില്‍ പന്ത് കൊടുക്കുന്നതുവരെയെ മുംബൈയുടെ പ്രതീക്ഷകള്‍ക്ക് ആയുസുണ്ടായുള്ളു. പതിനഞ്ചാം ഓവറില്‍ മോഹിത്തിനെ സിക്സ് അടിച്ച് വരവേറ്റ സൂര്യ അടുത്ത പന്തില്‍ ബൗള്‍ഡായി. പിന്നീട് മുംബൈയുടെ പോരാട്ടം മോഹിത്തിന്‍റെ മോഹസ്പെല്ലിന് മുന്നില്‍ അവസാനിച്ചു. ഇന്നലെ 61 റണ്‍സടിച്ചതോടെ സൂര്യ പക്ഷെ മറ്റൊരു അപൂര്‍വ നേട്ടത്തിലെത്തി. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഐപിഎല്ലില്‍ ഒരു സീസണില്‍ മുംബൈക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡ് ഇന്നലെ സൂര്യ സ്വന്തമാക്കി.

മുംബൈയുടെ മോഹമരിഞ്ഞ് മോഹിത്, 5 വിക്കറ്റ്! ഐപിഎല്ലില്‍ ചെന്നൈ-ഗുജറാത്ത് ഫൈനല്‍

ഈ സീസണില്‍ 16 മത്സരങ്ങളില്‍ 605 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. സീസണിന്‍റെ തുടക്കത്തില്‍ നിറം മങ്ങിയില്ലായിരുന്നെങ്കില്‍ സൂര്യക്ക് സച്ചിന്‍റെ റെക്കോര്‍ഡും മറികടക്കാമായിരുന്നു. 2010ല്‍ സച്ചില്‍ 618 റണ്‍സടിച്ചതാണ് ഒരു ഐപിഎല്‍ സീസണില്‍ മുംബൈ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ട. സച്ചിനുശേഷം മുംബൈക്കായി ഒരു സീസണില്‍ 600 റണ്‍സ് പിന്നിടുന്ന ആദ്യ ബാറ്ററുമാണ് സൂര്യ. 2011ല്‍ സച്ചിന്‍(553), 2015ല്‍ ലെന്‍ഡല്‍ സിമണ്‍സ്(540), 2013ല്‍ രോഹിത് ശര്‍മ(538) എന്നിവരാണ് മുംബൈക്കായി സീസണില്‍ 500 പിന്നിട്ട മറ്റ് ബാറ്റര്‍മാര്‍.

13 വര്‍ഷം മുമ്പ് സച്ചിന്‍ സ്ഥാപിച്ച റെക്കോര്‍ഡ് തകര്‍ക്കാനായില്ലെന്നതിനെക്കാള്‍ മുംബൈയെ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താനായില്ലെന്നതിന്‍റെ നിരാശയും സങ്കടവും പുറത്തായശേഷം സൂര്യകുമാറില്‍ കാണാമായിരുന്നു. മോഹിത്തിന്‍റെ പന്തില്‍ ബൗള്‍ഡായശേഷം അവിശ്വസനീയതയയോടെ കുറച്ചുനേരം ക്രീസില്‍ നിന്നശേഷമാണ് സൂര്യകുമാര്‍ മടങ്ങിയത്.

PREV
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍