Asianet News MalayalamAsianet News Malayalam

മുംബൈയുടെ മോഹമരിഞ്ഞ് മോഹിത്, 5 വിക്കറ്റ്! ഐപിഎല്ലില്‍ ചെന്നൈ-ഗുജറാത്ത് ഫൈനല്‍

സൂര്യകുമാർ യാദവ് 33 പന്തില്‍ സിക്സോടെ അർധസെഞ്ചുറി നേടിയപ്പോള്‍ കൂറ്റനടിക്കുള്ള ശ്രമത്തിനിടെ 15-ാം ഓവറിലെ രണ്ടാം പന്തില്‍ മോഹിത് ശർമ്മ സ്റ്റംപ് പിഴുതു

Chennai Super Kings to face Gujarat Titans in IPL 2023 Final as Mumbai Indians lost in Qualifier 2 jje
Author
First Published May 27, 2023, 12:01 AM IST

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പർ കിംഗ്സ്-ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍. രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ 62 റണ്ണിന് തോല്‍പിച്ചാണ് നിലവിലെ ചാമ്പ്യന്‍മാരായ ടൈറ്റന്‍സ് ഫൈനലിലേക്ക് പ്രവേശിച്ചത്. ടൈറ്റന്‍സ് മുന്നോട്ടുവെച്ച 234 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 18.2 ഓവറില്‍ 171 റണ്‍സില്‍ എല്ലാവരും പുറത്തായി. ബാറ്റിംഗില്‍ 60 പന്തില്‍ 129 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ബൗളിംഗില്‍ 2.2 ഓവറില്‍ 10 റണ്‍സിന് 5 വിക്കറ്റുമായി മോഹിത് ശർമ്മയും ടൈറ്റന്‍സിന്‍റെ വിജയശില്‍പികളായി. മുഹമ്മദ് ഷമിയും റാഷിദ് ഖാനും രണ്ട് വീതവും ജോഷ്വ ലിറ്റില്‍ ഒരു വിക്കറ്റും നേടി.  ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ചെന്നൈ-ഗുജറാത്ത് കലാശപ്പോര്. 

മറുപടി ബാറ്റിംഗില്‍ ഇംപാക്‌ട് പ്ലെയറായി ആദ്യ ഓവറില്‍ നെഹാല്‍ വധേരയെ ഇറക്കിയെങ്കിലും അഞ്ചാം പന്തില്‍ മുഹമ്മദ് ഷമി മടക്ക ടിക്കറ്റ് കൊടുത്തു. മൂന്ന് പന്ത് നേരിട്ട് 5 റണ്‍സ് മാത്രം നേടിയ വധേര വിക്കറ്റിന് പിന്നില്‍ വൃദ്ധിമാന്‍ സാഹയുടെ ക്യാച്ചില്‍ പുറത്താവുകയായിരുന്നു. കാമറൂണ്‍ ഗ്രീന്‍ പരിക്കേറ്റ് റിട്ടയ‍ര്‍ഡ് ഹര്‍ട്ടായി മടങ്ങിയപ്പോള്‍ തൊട്ടുപിന്നാലെ രോഹിത് ശര്‍മ്മ(7 പന്തില്‍ 8) ഷമിയുടെ പന്തില്‍ ജോഷ്വ ലിറ്റിലിന്‍റെ ക്യാച്ചില്‍ പുറത്തായി. അ‌ഞ്ചാമനായി ക്രീസിലെത്തിയ തിലക് വര്‍മ്മ അതിവേഗം സ്കോര്‍ ചെയ്‌തെങ്കിലും പവര്‍പ്ലേയിലെ അവസാന പന്തില്‍ റാഷിദ് ഖാന്‍ മടക്കി. 14 പന്തില്‍ 5 ഫോറും 3 സിക്‌സും സഹിതം 43 റണ്‍സ് തിലക് നേടി. ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 72-3 എന്ന നിലയിലായിരുന്നു മുംബൈ. പരിക്ക് മാറിയെത്തിയ കാമറൂണ്‍ ഗ്രീന്‍ സൂര്യകുമാർ യാദവിനൊപ്പം ടീമിനെ 100 കടത്തി. 11 ഓവറില്‍ 123 റണ്‍സുണ്ടായിരുന്നെങ്കിലും ജോഷ്വ ലിറ്റില്‍ തൊട്ടടുത്ത ഓവറില്‍ ഗ്രീനിനെ(20 പന്തില്‍ 30) മടക്കിയത് മത്സരത്തില്‍ വഴിത്തിരിവായി. 

സൂര്യകുമാർ യാദവ് 33 പന്തില്‍ സിക്സോടെ അർധസെഞ്ചുറി നേടിയപ്പോള്‍ കൂറ്റനടിക്കുള്ള ശ്രമത്തിനിടെ 15-ാം ഓവറിലെ രണ്ടാം പന്തില്‍ മോഹിത് ശർമ്മ സ്റ്റംപ് പിഴുതു. 38 ബോളില്‍ 7 ഫോറും രണ്ട് സിക്സും സഹിതം 61 റണ്‍സാണ് സ്കൈ നേടിയത്. രണ്ട് പന്തിന്‍റെ ഇടവേളയില്‍ വിഷ്ണു വിനോദും(7 പന്തില്‍ 5) പുറത്തേക്ക് പോയി. ടിം ഡേവിഡിനെ(3 പന്തില്‍ 2) തൊട്ടടുത്ത ഓവറില്‍ റാഷിദ് ഖാന്‍ പറഞ്ഞയച്ചതോടെ മുംബൈയുടെ വിധി എഴുതപ്പെട്ടു. 17-ാം ഓവറിലെ ആദ്യ പന്തില്‍ ക്രിസ് ജോർദാനെയും(5 ബോളില്‍ 2), മൂന്നാം പന്തില്‍ പീയുഷ് ചൗളയേയും(2 പന്തില്‍ 0), അടുത്ത വരവില്‍ കുമാർ കാർത്തികേയയേയും(7 പന്തില്‍ 6) പുറത്താക്കി മോഹിത് ശർമ്മ 5 വിക്കറ്റ് തികച്ചു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തം മൈതാനത്ത് പടുകൂറ്റന്‍ സ്കോറാണ്(233-3) മുംബൈ ഇന്ത്യന്‍സിനെതിരെ 20 ഓവറില്‍ അടിച്ചുകൂട്ടിയത്. സീസണിലെ മൂന്നാം സെഞ്ചുറി നേടിയ ശുഭ്‌മാന്‍ ഗില്ലാണ് ടൈറ്റന്‍സിനെ ഹിമാലയന്‍ സ്കോറിലേക്ക് നയിച്ചത്. 49 പന്തില്‍ സെഞ്ചുറി തികച്ച ഗില്‍ പുറത്താകുമ്പോള്‍ 60 ബോളില്‍ 7 ഫോറും 10 സിക്‌സറും ഉള്‍പ്പടെ 129 റണ്‍സെടുത്തിരുന്നു. വൃദ്ധിമാന്‍ സാഹ 16 പന്തില്‍ 18 റണ്ണുമായി പുറത്തായപ്പോള്‍ സായ് സുദര്‍ശന്‍ 31 പന്തില്‍ 43 റണ്‍സുമായി റിട്ടയഡ് ഔട്ടായി. പകരമെത്തിയ റാഷിദ് ഖാനും(2 പന്തില്‍ 5*), നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും(13 പന്തില്‍ 28*) മികച്ച ഫിനിഷിംഗുമായി ടൈറ്റന്‍സിനെ 233ലെത്തിച്ചു. 

എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ 3.3 ഓവറില്‍ 5 റണ്‍സിന് 5 വിക്കറ്റ് നേടിയ ആകാശ് മധ്‌വാളിനെ ഇക്കുറി 4 ഓവറില്‍ 52 റണ്‍സാണ് ഗുജറാത്ത് ടൈറ്റന്‍സ് ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത്. മധ്‌വാളിന്‍റെ ഒരോവറില്‍ ഗില്‍ മൂന്ന് സിക്‌സുകള്‍ പറത്തി. ഒരു വിക്കറ്റേ താരം നേടിയുള്ളൂ. സ്‌പിന്നര്‍ പീയുഷ് ചൗളയാണ് മറ്റൊരു വിക്കറ്റ് നേടിയത്.

Read more: വിഷ്‌ണു വിനോദ് അപ്രതീക്ഷിതമായി വിക്കറ്റ് കീപ്പര്‍! ഇഷാന്‍ കിഷന് എന്തുപറ്റി, സംഭവിച്ചത് ഇത്

Follow Us:
Download App:
  • android
  • ios