
മുംബൈ: വിരാട് കോലിക്ക് കീഴില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടുമ്പോള്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ ടീമംഗം തന്‍മയ് ശ്രീവാസ്തവ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്റെ 30ാം വയസിലാണ് ശ്രീവാസ്തവ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. 2008ല്‍ കോലിക്ക് കീഴില്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ ശ്രീവാസ്തവയായിരുന്നു ടോപ് സ്‌കോറര്‍. ആറ് മത്സരങ്ങളില്‍ നിന്ന് 52.40 ശരാശരിയില്‍ 262 റണ്‍സാണ് താരം മലേഷ്യയില്‍ നടന്ന ലോകകപ്പില്‍ ശ്രീവാസ്തവ നേടിയത്. അതേ സീസണില്‍ ഉത്തര്‍ പ്രദേശിനെ പ്രതിനിധീകരിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കുകയും ചെയ്തു. 2008ല്‍ യുപിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും ശ്രീവാസ്തവയായിരുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2008 മുതല്‍ 2010 വരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി കളിച്ചു. 2011ല്‍ കൊച്ചി ടസ്‌കേഴ്‌സിനൊപ്പമായിരുന്നു ശ്രീവാസ്തവ. തൊട്ടടുത്ത വര്‍ഷം ഡക്കാണ്‍ ചാര്‍ജേഴ്‌സിലും ശ്രീവാസ്തവ ഉണ്ടായാരുന്നു. 90 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 4918 റണ്‍സ് നേടി. 10 സെഞ്ചുറിയും 27 അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. 44 ലിസ്റ്റ് എ മത്സരങ്ങളില്‍ 1728 റണ്‍സാണ് നേടിയത്. 124 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 34 ടി20 മത്സരളില്‍ നിന്ന് 649 റണ്‍സാണ് നേടിയത്.
ക്രിക്കറ്റ് കരിയറില്‍ ഒരുപാട് സുഹൃത്തുകളെ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചെന്നും ജൂനിയര്‍ ക്രിക്കറ്റില്‍ ഏറ്റവും മികച്ചതു നേടിയെടുക്കാന്‍ കഴിഞ്ഞുവെന്നും ശ്രീവാസ്തവ വിരമിക്കല്‍ സന്ദേശത്തില്‍ പറഞ്ഞു. ടീമിനൊപ്പം ജൂനിയര്‍ ലോകകപ്പ് ഇന്ത്യയിലേക്കു കൊണ്ടു വരാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും ശ്രീവാസ്തവ ട്വിറ്ററില്‍ കുറിച്ചിട്ടു.
മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന, വിവിഎസ് ലക്ഷ്മണ്‍, രോഹന്‍ ഗവാസ്‌കര്‍, ആകാശ് ചോപ്ര, മനോജ് തിവാരി തുടങ്ങിയവരെല്ലാം താരത്തിന് ആശംസകളുമായെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!