ചിലത് ശരിയാവും ചിലത് ശരിയാവില്ല; പഞ്ചാബിനെതിരായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോലി

By Web TeamFirst Published Sep 25, 2020, 10:38 AM IST
Highlights

സെഞ്ചുറി നേടിയ പഞ്ചാബിന്റെ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ രണ്ട് അനായാസ ക്യാച്ചുകള്‍ വിരാട് കോലി വിട്ടുകളഞ്ഞിരുന്നു. പിന്നാലെ ബാറ്റിങ്ങിനെത്തിപ്പോള്‍ താരത്തിന് ഒരു റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനോടേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്യാപ്റ്റന്‍ വിരാട് കോലി. ആര്‍സിബിക്കെതിരെ 97 റണ്‍സിനായിരുന്നു പഞ്ചാബിന്റെ ജയം. 206നെതിരെ 17 ഓവറില്‍ 109 റണ്‍സിന് ആര്‍സിബി പുറത്താവുകയായിരുന്നു. 30 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദറും 28 നേടിയ എബി ഡിവില്ലിയേഴ്‌സുമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. സെഞ്ചുറി നേടിയ പഞ്ചാബിന്റെ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ രണ്ട് അനായാസ ക്യാച്ചുകള്‍ വിരാട് കോലി വിട്ടുകളഞ്ഞിരുന്നു. പിന്നാലെ ബാറ്റിങ്ങിനെത്തിപ്പോള്‍ താരത്തിന് ഒരു റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.

മത്സരശേഷമാണ് തോല്‍വിയുടെ കാരണം കോലി വ്യക്തമാക്കിയത്. അദ്ദേഹം പറയുന്നതിങ്ങനെ... ''ഞങ്ങള്‍ പന്തെറിയുമ്പോള്‍ ആദ്യ പത്ത് ഓവര്‍വരെ നല്ല നിലയിലായിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ കൈവിട്ട് പോയി. ഞാന്‍ തന്നെയാണ് തോല്‍ക്കാനുണ്ടായ കാരണത്തിന്റെ പ്രധാന ഉത്തരവാദി. രണ്ട് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതിന് കനത്ത വില നല്‍കേണ്ടിവന്നു. അവരെ 180 റണ്‍സില്‍ ഒതുക്കിയിരുന്നെങ്കില്‍ ബാറ്റിങ്ങിന് ഇറങ്ങുമ്പോള്‍ ഇത്രത്തോളം സമ്മര്‍ദ്ദം അനുഭവപ്പെടില്ലായിരുന്നു.  30-40 റണ്‍സ് അവര്‍ കൂടുതല്‍ നേടി. 

ഇത്തരം കാര്യങ്ങള്‍ കരിയറില്‍ സംഭവിക്കും. ചില മത്സരങ്ങളില്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കും ചിലതില്‍ മോശമായിരിക്കും. ഇത്തരം തെറ്റുകളില്‍ നിന്ന് പഠിക്കണം. നേരത്തെ പറഞ്ഞത് പോലെ ആ ക്യാച്ചുകള്‍ നിലത്തിട്ടത് നിര്‍ണായകമായി. ബാറ്റുകൊണ്ടും എനിക്ക് തിളങ്ങാന്‍ സാധിച്ചില്ല. ജോഷ് ഫിലിപ്പെ ബിഗ് ബാഷില്‍ ഓപ്പണറായി ബാറ്റ് ചെയ്തിട്ടുണ്ട്. വിജയിച്ചിട്ടുമുണ്ട്. ആ കഴിവ് ഇവിടെയും ഉപയോഗിക്കാമെന്് കരുതി. ഒരു വിലയ സ്‌കോര്‍ പിന്തുടരുമ്പോള്‍ മധ്യനിര ശക്തിപ്പെടുത്തേണ്ടതുണ്ടായിരുന്നു. എന്നാല്‍ അതിന് സാധിക്കാതെ വന്നു'' കോലി പറഞ്ഞുനിര്‍ത്തി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ക്ലാസി ഇന്നിങ്‌സുകളില്‍ ഒന്നായിരുന്നു കെ എല്‍ രാഹുല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പുറത്തെടുത്തത്. 69 പന്തില്‍ 14 ഫോറിന്റെയും ഏഴ് സിക്‌സുകളുടേയും അകമ്പടിയോടെ 132 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. രാഹുല്‍ നേടിയ സ്‌കോറിന് അടുത്തെത്താന്‍ പോലും ആര്‍സിബിക്ക് സാധിച്ചിരുന്നില്ല.

click me!