
മുംബൈ: ടോസ് ജയിക്കുന്ന കാര്യത്തില്‍ ഐപിഎല്ലില്‍ മാത്രമല്ല രാജ്യാന്തര ക്രിക്കറ്റിലും വിരാട് കോലി അല്‍പം പുറകിലാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തുടര്‍ച്ചയായി ആറു തവണയാണ് കോലിക്ക് ടോസ് നഷ്ടമായത്. അതുകൊണ്ടുതന്നെ ടോസില്‍ ഭാഗ്യമില്ലാത്ത നായകനെന്ന ചീത്തപ്പേരും കോലിക്കുണ്ട്.
ഐപിഎല്ലില്‍ ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തില്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണൊപ്പം ടോസിനായി എത്തിയപ്പോഴും കോലിക്ക് ടോസിലൊന്നും വലിയ പ്രതീക്ഷയില്ലായിരുന്നു. അതുകൊണ്ടുതന്നെ ടോസിനായി നാണയമിട്ടശേഷം ടോസ് ജയിച്ചോ തോറ്റോ എന്നുപോലും നോക്കാതെ കോലി രണ്ടടി പുറകോട്ട് മാറിനിന്നു.
കോലി കറക്കിവിട്ട നാണയത്തില്‍ സഞ്ജു ടെയ്ല്‍സ് ആണ് വിളിച്ചതെങ്കിലും ഹെഡ്സ് ആണ് വീണത്. സ്വാഭാവികമായും ടോസ് ജയിക്കുന്ന ക്യാപ്റ്റനാണ് ആദ്യം സംസാരിക്കേണ്ടത്. എന്നാല്‍ ടോസില്‍ ഭാഗ്യം കടാക്ഷിക്കാത്ത കോലി സഞ്ജുവിന്‍റെ പുറത്ത് തട്ടി സംസാരിക്കാന്‍ ആവശ്യപ്പെട്ടു.
സഞ്ജു സംസാരിക്കാന്‍ തുടങ്ങുമ്പോഴാണ് അവതാരകനായ ഇയാന്‍ ബിഷപ്പ് കോലിക്കാണ് ടോസ് കിട്ടിയതെന്നും അദ്ദേഹമാണ് ആദ്യം സംസാരിക്കേണ്ടതെന്നും വ്യക്തമാക്കിയത്. ടോസ് കിട്ടിയത് തനിക്കാണെന്ന് ബിഷപ്പ് പറഞ്ഞപ്പോള്‍ ആശ്ചര്യത്തോടെ മുന്നോട്ടുവന്ന കോലി, എനിക്കങ്ങനെ ടോസൊന്നും കിട്ടാറില്ലല്ലോ, ഞങ്ങള്‍ ബൗളിംഗ് തെരഞ്ഞെടുക്കുന്നു എന്ന് പറഞ്ഞത് കൂട്ടച്ചിരിക്ക് കാരണമാകുകയും ചെയ്തു.
Also Read: മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!