
അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങുകയാണ്. തുടര്‍ജയങ്ങളുമായി പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്തിയശേഷം ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതാണ് ഗുജറാത്തിന് തിരിച്ചടിയായത്. മുംബൈ ആകട്ടെ മങ്ങിയ തുടക്കത്തിനുശേഷം ശരിയായ സമയത്ത് ഫോമിലേക്കുയര്‍ന്നാണ് ക്വാളിഫയറിന് യോഗ്യത നേടിയത്. എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ തകര്‍ത്താണ് മുംബൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്.
ഇന്ന് ഗുജറാത്തിന്‍റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് രണ്ടാം ക്വാളിഫയര്‍ നടക്കുന്നത്. ഫൈനലും ഞായറാഴ്ച ഇതേ സ്റ്റേഡിയത്തിലാണ് നടക്കുക. ഇന്നത്തെ മത്സരത്തിന് മഴ ഭീഷണിയില്ലെങ്കിലും അപ്രതീക്ഷിതമായി മഴമൂലം കളി തടസപ്പെട്ടാല്‍ ആരാകും ഫൈനലില്‍ എത്തുക എന്ന ചോദ്യം പ്രസക്തമാണ്.
ഐപിഎല്‍ ഫൈനല്‍, ക്വാളിഫയര്‍, എലിമിനേറ്റര്‍ പോരാട്ടങ്ങള്‍ക്ക് ബിസിസിഐ ഔദ്യോഗികമായി റിവസര്‍വ് ദിനം പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ മത്സരദിവസം തന്നെ കളി പൂര്‍ത്തികരിക്കേണ്ടിവരും. മഴമൂലം കളി തടസപ്പെട്ടാല്‍ കുറഞ്ഞത് അഞ്ചോവര്‍ വീതമുള്ള മത്സരമെങ്കിലും സാധ്യമാവുമോ എന്നായിരിക്കും അമ്പയര്‍മാര്‍ ആദ്യം നോക്കുക. ഐപിഎല്‍ പ്ലേയിംഗ് കണ്ടീഷന്‍ അനുസരിച്ച് 7.30ന് തുടങ്ങേണ്ട ക്വാളിഫയര്‍ മത്സരം 9.40നെങ്കിലും തുടങ്ങാനാവുമോ എന്ന് അമ്പയര്‍മാര്‍ പരിശോധിക്കും. എന്നിട്ടും അഞ്ചോവര്‍ മത്സരം പോലും തുടങ്ങാനുള്ള സാധ്യത ഇല്ലെങ്കില്‍ പിന്നീട് സൂപ്പര്‍ ഓവറെങ്കിലും സാധ്യമാവുമോ എന്ന് അമ്പയര്‍മാര്‍ പരിശോധിക്കും. ഇതിനുശേഷം മാത്രമെ നോക്കൗട്ടില്‍ ഫലം പ്രഖ്യാപിക്കു. ഫൈനല്‍ 8 മണിക്ക് തുടങ്ങുന്നതിനാല്‍ 10.10 വരെ മത്സരം തുടങ്ങാന്‍ കഴിയുമോ എന്ന് അമ്പയര്‍മാര്‍ പരിശോധിക്കും.
അഹമ്മദാബാദില്‍ റണ്ണൊഴുകുമോ മഴയൊഴുകുമോ; പിച്ച് റിപ്പോര്‍ട്ടും കാലാവസ്ഥാ പ്രവചനവും
റിസര്‍വ് ദിനമില്ലാത്തതിനാല്‍ ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ രണ്ടാം സ്ഥാനത്തെത്തിയ ടീം(ആദ്യ ക്വാളിഫയറില്‍ തോറ്റ ടീം) ഫൈനലിലേക്ക് മുന്നേറും. ആദ്യ ക്വാളിഫയറില്‍ ചെന്നൈയോട് തോറ്റത് ഗുജറാത്ത് ടൈറ്റന്‍സായിരുന്നു. മുംബൈ ഇന്ത്യന്‍സ് എലിമിനേറ്ററില്‍ ലഖ്നൗവിനെ വീഴ്ത്തിയാണ് ക്വാളിഫയറില്‍ എത്തിയത് എന്നതിനാല്‍ ഗുജറാത്താവും ഫൈനലിലെത്തുക.
ഞായറാഴ്ച നടക്കുന്ന ഫൈനലിനും ഔദ്യോഗികമായി റിസര്‍വ് ദിനം പ്രഖ്യാപിച്ചിട്ടില്ലങ്കിലും മഴമൂലം പൂര്‍ണമായും കളി തടസപ്പെട്ടാല്‍ 29ന് മത്സരം നടത്താനുള്ള സാധ്യതയുണ്ട്. അത് സാധ്യമായില്ലെങ്കില്‍ സൂപ്പര്‍ ഓവറെങ്കിലും സാധ്യമാവുമോ എന്ന് പരിശോധിക്കും. അതിനും കഴിഞ്ഞില്ലെങ്കില്‍ ലീഗ് റൗണ്ടില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാതമെത്തിയ ടീമിനെയാകും വിജയികളായി പ്രഖ്യാപിക്കുക. അപ്പോഴും ഗുജറാത്ത് ടൈറ്റന്‍സിന് തന്നെയാണ് സാധ്യത.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!