Latest Videos

മുംബൈയെ ഫൈനലില്‍ എത്തിക്കാനായില്ല; പക്ഷേ സൂര്യകുമാര്‍ ഒരു ജിന്നാണ്, വമ്പന്‍ നേട്ടങ്ങള്‍

By Web TeamFirst Published May 27, 2023, 4:27 PM IST
Highlights

ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിനായി പിന്നീട് ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെച്ച ബാറ്റര്‍ സൂര്യകുമാര്‍ യാദവായിരുന്നു

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സ് കെട്ടിയ ഹിമാലയന്‍ റണ്‍മല താണ്ടാന്‍ മുംബൈ ഇന്ത്യന്‍സിന് ആയില്ലെങ്കിലും വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമായി സൂര്യകുമാര്‍ യാദവ് മടങ്ങിയത് വ്യക്തിഗത റെക്കോര്‍ഡുമായി. സ്കൈയുടെ ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച സീസണാണ് കടന്നുപോകുന്നത്. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഒരു റെക്കോര്‍ഡ് തലനാരിഴയ്‌ക്കാണ് സൂര്യക്ക് തകര്‍ക്കാനാവാതെ വന്നത്. 

ഗുജറാത്ത് ടൈറ്റന്‍സിന്‍റെ 233 റണ്‍സ് പിന്തുടരുമ്പോള്‍ നെഹാല്‍ വധേര(3 പന്തില്‍ 4), രോഹിത് ശര്‍മ്മ(7 പന്തില്‍ 8) എന്നിവരുടെ വിക്കറ്റ് നഷ്‌ടമായി പ്രതിസന്ധിയിലായ മുംബൈ ഇന്ത്യന്‍സിനായി പിന്നീട് ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെച്ച ബാറ്റര്‍ സൂര്യകുമാര്‍ യാദവായിരുന്നു. 14 പന്തില്‍ 43 നേടിയ തിലക് വര്‍മ്മയ്‌ക്കും 20 പന്തില്‍ 30 എടുത്ത കാമറൂണ്‍ ഗ്രീനിനും ഒപ്പം സ്കൈ പൊരുതിയത് മാത്രമാണ് മത്സരത്തില്‍ മുംബൈ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയ ഏക നിമിഷം. 38 ബോളില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 61 റണ്‍സെടുത്ത് മോഹിത് ശര്‍മ്മയുടെ പന്തില്‍ സൂര്യ പുറത്തായതോടെ മുംബൈ തോല്‍വി ഉറപ്പിച്ചു. എങ്കിലും ക്വാളിഫയര്‍-2ലടക്കം പൊരുതിയ സൂര്യകുമാറിന് ഇത് അഭിമാന സീസണാണ്. 

ഐപിഎല്‍ കരിയറില്‍ സൂര്യകുമാര്‍ യാദവ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സീസണാണിത്. 16 കളികളില്‍ സ്കൈക്ക് 605 റണ്‍സുണ്ട്. 2018 എഡിഷനില്‍ 14 കളിയില്‍ 512 റണ്‍സ് നേടിയതായിരുന്നു ഇതിന് മുമ്പ് സൂര്യയുടെ ഏറ്റവും മികച്ച പ്രകടനം. ഈ സീസണില്‍ മുംബൈ ബാറ്റര്‍മാരില്‍ മറ്റാര്‍ക്കും 600+ റണ്‍സ് ഇല്ല. മാത്രമല്ല, ഐപിഎല്‍ ചരിത്രത്തില്‍ ഒരു എഡിഷനില്‍ മുംബൈ ഇന്ത്യന്‍സ് താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടോട്ടല്‍ കൂടിയാണ് സൂര്യ ഇത്തവണ കുറിച്ചത്. 2010ല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 618 റണ്‍സ് അടിച്ചുകൂട്ടിയത് മാത്രമേ സൂര്യയുടെ ഇത്തവണത്തെ 605ന് മുന്നിലുള്ളൂ. ഈ സീസണില്‍ 43.21 ശരാശരിയിലും 181.13 സ്ട്രൈക്ക് റേറ്റിലുമാണ് സൂര്യയുടെ റണ്‍വേട്ട. ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മുന്‍ മത്സരത്തില്‍ സെഞ്ചുറി നേടുകയും ചെയ്‌തു.

Read more: റണ്‍മെഷീന്‍ ശുഭ്‌മാന്‍ ഗില്‍ അല്ല; ടൈറ്റന്‍സില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വിശ്വസ്‌ത താരം മറ്റൊരാള്‍! 

click me!