ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം; ഗോവ, മുംബൈക്കെതിരെ

By Web TeamFirst Published Mar 8, 2021, 12:13 PM IST
Highlights

ആദ്യ ഫൈനല്‍ ലക്ഷ്യമിട്ടാണ് മുംബൈ സിറ്റി ഇറങ്ങുന്നത്. ഗോവിയുടെ ലക്ഷ്യം മൂന്നാം ഫൈനലാണ്. ആദ്യപാദ സെമിയില്‍ ഇരു ടീമുകളും രണ്ടുഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. 

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. രണ്ടാംപാദ സെമിയില്‍ മുംബൈ സിറ്റി വൈകിട്ട് 7.30ന് എഫ് സി ഗോവയെ നേരിടും. ആദ്യ ഫൈനല്‍ ലക്ഷ്യമിട്ടാണ് മുംബൈ സിറ്റി ഇറങ്ങുന്നത്. ഗോവിയുടെ ലക്ഷ്യം മൂന്നാം ഫൈനലാണ്. ആദ്യപാദ സെമിയില്‍ ഇരു ടീമുകളും രണ്ടുഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. 

രണ്ടുഗോളിന് പിന്നിലായിട്ടും ഗോവയ്‌ക്കെതിരെ സമനില പിടിച്ചെടുത്തെങ്കിലും ടീമിന്റെ പ്രകടനത്തില്‍ മുംബൈ കോച്ച് സെര്‍ജിയോ ലൊബേറ തൃപ്തനല്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി ലീഗ് കിരീടം നേടിയ താരങ്ങളോട് പടിക്കല്‍ കലമുടയ്ക്കരുതെന്ന് ലൊബേറ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ബാര്‍ത്തലോമിയോ ഒഗ്ബചേ, ആഡം ലേ ഫോന്‍ഡ്രേ മുന്നേറ്റനിരയിലാണ് മുംബൈയുടെ പ്രതീക്ഷ. ഹ്യൂഗോ ബൗമസ്, റൗളിംഗ് ബോര്‍ജസ് അഹമ്മദ് ജാഹു എന്നിവരുള്‍പ്പെട്ട മധ്യനിരയും ശക്തം. 

രണ്ട് ഗോള്‍ ലീഡ് നഷ്ടപ്പെടുത്തിയ നിരാശയിലാണ് ഗോവന്‍ കോച്ച് യുവാന്‍ ഫെറാന്‍ഡോ. സീസണില്‍ 14 ഗോള്‍ നേടിയിട്ടുള്ള ഇഗോര്‍ അന്‍ഗ്യൂലോ രണ്ടാംപാദ സെമിയിലും ടീമിന്റെ രക്ഷകനാവുമെന്നാണ് ഫെറാന്‍ഡോയുടെ പ്രതീക്ഷ. എഡു ബെഡിയ, മെന്‍ഡോസ, സേവ്യര്‍ ഗാമ എന്നിവരുടെ പ്രകടനവും ഗോവയ്ക്ക് നിര്‍ണായകമാവും. ഇരുടീമും ആകെ പതിനേഴ് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഗോവ ഏഴിലും മുംബൈ അഞ്ചിലും ജയിച്ചു. അഞ്ച് മത്സരം സമനിലയില്‍. 

click me!