Asianet News MalayalamAsianet News Malayalam

മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി

ഡാനിഷ് ഫാറൂഖിന്റെ വകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഏക ഗോള്‍. സീസണില്‍ മഞ്ഞപ്പടയുടെ ആദ്യ തോല്‍വിയാണിത്. മുംബൈയുടെ രണ്ടാം ജയവും. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തേക്ക് വീണു.

Kerala Blasters lost to Mumbai City FC in ISL full match report saa
Author
First Published Oct 8, 2023, 10:10 PM IST

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ എവേ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. മുന്‍ ബ്ലാസ്‌റ്റേഴ്‌സ്താരം ജോര്‍ജെ പെരേര ഡയസ്, ലാലാംഗ്മാവിയ റാല്‍റ്റെ എന്നിവരാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്. ഡാനിഷ് ഫാറൂഖിന്റെ വകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഏക ഗോള്‍. സീസണില്‍ മഞ്ഞപ്പടയുടെ ആദ്യ തോല്‍വിയാണിത്. മുംബൈയുടെ രണ്ടാം ജയവും. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തേക്ക് വീണു. മുംബൈ രണ്ടാമതെത്തി. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയമുള്ള ബ്ലാസ്‌റ്റേഴ്‌സ് ആറ് പോയിന്റുണ്ട്. രണ്ട് ജയവും ഒരു സമനിലയുമുള്ള മുംബൈ രണ്ടാമതാണ്.

ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ ജയിച്ച ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് മുംബൈയിലെത്തിയത്. ആദ്യ മത്സരത്തില്‍ ബംഗളൂരു എഫ്‌സി, പിന്നാലെ ജംഷഡ്പൂര്‍ എഫ്‌സി എന്നിവരെ ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചിരുന്നു. എന്നാല്‍ അതേമികവ് മുംബൈയില്‍ തുടരാനായില്ല. ബോള്‍ പൊസിഷനില്‍ മുംബൈ ആയിരുന്നു മുന്നില്‍. എന്നാല്‍ കൂടുതല്‍ ഷോട്ടുകളുതിര്‍ത്തത് ബ്ലാസ്‌റ്റേഴ്‌സായിരുന്നു. പക്ഷേ, മുംബൈയുടെ രണ്ട് ഷോട്ടുകള്‍ ഗോള്‍വര കടന്നു. 

ആദ്യപകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു മുംബൈയുടെ ആദ്യ ഗോള്‍. മുന്‍ ബ്ലാസറ്റേഴ്‌സ് താരമായിരുന്ന അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഗോള്‍വര കടത്തി. പിന്നാലെ ആദ്യപാതി അവസാനിച്ചു. രണ്ടാംപാതി തുടങ്ങി 12 മിനിറ്റുകള്‍ക്കിടെ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. ഡാനിഷ് ഫാറൂഖിന്റെ ഹെഡ്ഡറിലാണ് ബ്ലാസ്റ്റേഴ്‌സ് സമനില ഗോള്‍ കണ്ടെത്തിയത്. മഞ്ഞപ്പടയുടെ ആഘോഷങ്ങള്‍ക്ക് ഒമ്പത് മിനിറ്റ് മാത്രമായിരുന്നു ആയുസ്. റാല്‍റ്റെ മുംബൈയുടെ വിജയഗോള്‍ കണ്ടെത്തി. പിന്നാലെ കൊമ്പന്മാര്‍ കിണഞ്ഞ് ശ്രമിച്ചു. എന്നാല്‍ സമനില ഗോള്‍ കണ്ടെത്താനായില്ല. അവസാന നിമിഷങ്ങളില്‍ ഇരുടീമിലെ താരങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലും ഏര്‍പ്പെട്ടു. ഇതിന്റെ ഫലമായി മുംബൈയുടെ യോല്‍ വാന്‍ നീഫ്, ബ്ലാസ്റ്റേഴ്‌സിന്റെ മിലോസ് ഡ്രിന്‍സിച്ച് എന്നിവര്‍ ചുവപ്പ് കാര്‍ഡുമായി പുറത്താവുകയും ചെയ്തു.

ഇന്ത്യ തുടങ്ങിയത് തകര്‍ച്ചയോടെ! കോലിയും രാഹുലും ടീമിനെ തോളിലേറ്റി; അവസാനം ഓസ്‌ട്രേലിയ തരിപ്പണം

Follow Us:
Download App:
  • android
  • ios