ജെംഷഡ്‌പൂരിനെ സമനിലയില്‍ തളച്ചു; ഈസ്റ്റ് ബംഗാളിന് സീസണിലെ ആദ്യ പോയിന്‍റ്

By Web TeamFirst Published Dec 10, 2020, 9:36 PM IST
Highlights

90 മിനുറ്റ് പൂര്‍ത്തിയായി ആറ് മിനുറ്റ് അധികസമയം നല്‍കിയെങ്കിലും ഇരു ടീമും സ്‌കോര്‍ ചെയ്യാന്‍ മറന്നു. 

തിലക് മൈതാന്‍: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാള്‍-ജെംഷഡ്‌പൂര്‍ എഫ്‌സി മത്സരം ഗോള്‍രഹിത സമനിലയില്‍. ഇതുവരെ ഒരു ജയം പോലുമില്ലാത്ത ഈസ്റ്റ് ബംഗാള്‍ സീസണിലെ ആദ്യ പോയിന്‍റ് ഇതോടെ സ്വന്തമാക്കിയെങ്കിലും അവസാന സ്ഥാനത്ത് തുടരുകയാണ്. അതേസമയം അഞ്ചാം സ്ഥാനത്താണ് പോയിന്‍റ് പട്ടികയില്‍ ജെംഷഡ്‌പൂരിന്‍റെ സ്ഥാനം. ഇരു ടീമിലെയും താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ടത് മത്സരം നാടകീയമാക്കി. 

ഈസ്റ്റ് ബംഗാള്‍ 3-4-2-1 ശൈലിയിലും ജംഷഡ്‌പൂര്‍ 4-3-3 ഫോര്‍മേഷനിലുമാണ് ഇറങ്ങിയത്. മലയാളി താരം ടി പി രഹനേഷാണ് ജെംഷഡ്‌പൂരിന്‍റെ വല കാത്തത്. ഈസ്റ്റ് ബംഗാള്‍ നിരയിലും മലയാളി താരമുണ്ടായിരുന്നു. പ്രതിരോധത്തില്‍ മുഹമ്മദ് ഇര്‍ഷാദ് തിളങ്ങുകയും ചെയ്തു.  

ആദ്യം ആക്രമിച്ച് ജെംഷഡ്‌പൂര്‍

ആദ്യ 10 മിനുറ്റുകളില്‍ ജെംഷഡ്‌പൂരിന്‍റെ ആധിപത്യമായിരുന്നു. ആറാം മിനുറ്റില്‍ ബോക്‌സില്‍ ലഭിച്ച അവസരം ജെംഷഡ്‌പൂരിന്‍റെ അനികേത് ജാദവ് ബാറിന് മുകളിലൂടെ അടിച്ചുകളഞ്ഞു. എന്നാല്‍ വാല്‍സ്‌ക്കിന് ആക്രമിക്കാനുള്ള കാര്യമായ അവസരങ്ങള്‍ ഒരുങ്ങിയില്ല. 19-ാം മിനുറ്റില്‍ വാല്‍സ്‌കസിന്‍റെ ഹെഡറിന് ശക്തി ചോര്‍ന്നുപോയി. 

യൂജിന്‍സണ് ചുവപ്പ് കാര്‍ഡ്

24-ാം മിനുറ്റില്‍ ഈസ്റ്റ് ബംഗാളിനെതിരെ ചുവപ്പ് കാര്‍ഡുയര്‍ന്നു. അലക്‌സ് ലിമയെ ഫൗള്‍ ചെയ്തതിന് മിഡ് ഫീല്‍ഡര്‍ യൂജിന്‍സണ്‍ പുറത്തേക്ക് പോയി. ഇതോടെ 10 പേരായി ചുരുങ്ങി ഈസ്റ്റ് ബംഗാള്‍. 29-ാം മിനുറ്റില്‍ വാല്‍സ്‌കസിന്‍റെ തകര്‍പ്പന്‍ വോളി ബാറിനെ ഉരസി കടന്നുപോയി. 38-ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്ന് സ്റ്റീഫന്‍ എസ്സേ മികച്ച ഹെഡര്‍ ഉതിര്‍ത്തെങ്കിലും ബാറില്‍ തട്ടിത്തെറിച്ചു. മൂന്ന് മിനുറ്റ് അധിക സമയവും ടീമുകള്‍ക്ക് മുതലാക്കാനായില്ല. 

പരിക്കേറ്റ് ഗോളി

രണ്ടാംപകുതിയുടെ തുടക്കത്തില്‍ മറ്റൊരു തിരിച്ചടിയേറ്റു ഈസ്റ്റ് ബംഗാളിന്. ഗോള്‍കീപ്പര്‍ ശങ്കര്‍ റോയി പരിക്കേറ്റ് പുറത്തേക്ക് പോവുകയും പകരക്കാരനായി ദേബ്‌ജിത്ത് മജുദര്‍ എത്തുകയും ചെയ്തു. 70-ാം മിനുറ്റില്‍ ജെംഷഡ്‌പൂരിന്‍റെ ഐസക്ക് മികച്ച ഷോട്ട് പായിച്ചെങ്കിലും ഫലം കണ്ടില്ല. 90 മിനുറ്റ് പൂര്‍ത്തിയായി ആറ് മിനുറ്റ് അധികസമയം നല്‍കിയെങ്കിലും ഇരു ടീമും സ്‌കോര്‍ ചെയ്യാന്‍ മറന്നു. ജെംഷഡ്‌പൂരിന്‍റെ ലാദിന്‍ലിയാന 90+2 മിനുറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങി. 

വിരമിക്കലിന് തൊട്ടുപിന്നാലെ പാര്‍ഥീവിന് പുതിയ ചുമതല നല്‍കി മുംബൈ ഇന്ത്യന്‍സ്

click me!