ഹൈദരാബാദിന് രണ്ടാംജയം; ത്രില്ലറില്‍ ഈസ്റ്റ് ബംഗാളിന് നിരാശ

By Web TeamFirst Published Dec 15, 2020, 9:40 PM IST
Highlights

തിലക് മൈതാനിയില്‍ 26-ാം മിനുറ്റില്‍ ഡീലെടുത്തിരുന്നു ഈസ്റ്റ് ബംഗാള്‍. ജാക്വസ് മഖോമയാണ് ലക്ഷ്യം കണ്ടത്. 

തിലക് മൈതാന്‍: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെതിരെ രണ്ടാംപകുതിയിലെ വമ്പന്‍ തിരിച്ചുവരവില്‍ ഹൈദരാബാദ് എഫ്‌സിക്ക് ജയം. ഇരു ടീമുകളും ഗോളടിയും തിരിച്ചടിയുമായി ആവേശം നിറച്ച ത്രില്ലറില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഹൈദരാബാദ് ജയം സ്വന്തമാക്കിയത്. സീസണില്‍ ഹൈദരാബാദിന്‍റെ രണ്ടാം ജയമാണിത്. 

തിലക് മൈതാനിയില്‍ 26-ാം മിനുറ്റില്‍ ലീഡെടുത്തിരുന്നു ഈസ്റ്റ് ബംഗാള്‍. ജാക്വസ് മഖോമയാണ് ലക്ഷ്യം കണ്ടത്. ആദ്യപകുതി ഈസ്റ്റ് ബംഗാളിന് അനുകൂലമായി പിരിഞ്ഞപ്പോള്‍ രണ്ടാംപകുതിയില്‍ അരിഡാനെ സാന്‍റാനയുടെ വമ്പന്‍ മികവില്‍ തിരിച്ചടിക്കുകയായിരുന്നു ഹൈദരാബാദ്. 28-ാം മിനുറ്റില്‍ മുഹമ്മദ് യാസിറിന്‍റെ ഫ്രീകിക്കില്‍ സാന്‍റാന തലകൊണ്ട് പന്ത് വലയിലെത്തിച്ച് തുല്യത പിടിച്ചു. ഒരു മിനുറ്റ് പോലും സമയമെടുക്കാതെ അടുത്ത ഗോളും വലയിലാക്കി സാന്‍റാന. ഇത്തവണയും നീക്കത്തിന് തുടക്കമിട്ടത് യാസിര്‍. മൈതാനമധ്യത്തുനിന്ന് പന്തുമായി കുതിച്ച യാസിര്‍ പന്ത് ലിസ്റ്റണിന് കൈമാറി. ലിസ്റ്റണിന്‍റെ അളന്നുമുറിച്ച പാസ് തെറ്റുകൂടാതെ അരിഡാനെ വലയിലിട്ടു. 

68-ാം മിനുറ്റില്‍ ഹാളിചരണ്‍ നര്‍സാരിയാണ് ഹൈദരാബാദിന്‍റെ മൂന്നാം ഗോള്‍ നേടിയത്. ഇടതുവിങ്ങിലൂടെ കുതിച്ച ലിസ്റ്റണിന്‍റെ പാസിലായിരുന്നു ഗോള്‍. ഇതോടെ 3-1ന് ലീഡുറപ്പിച്ചു ഹൈദരാബാദ്. എന്നാല്‍ 81-ാം മിനുറ്റില്‍  ഈസ്റ്റ് ബംഗാളിനായി മഖോമ വീണ്ടും ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 3-2 ആയി. പില്‍കിഗ്‌ടണ്‍ എടുത്ത ഫ്രീകിക്കില്‍ ഹെഡറിലൂടെയായിരുന്നു മഖോമയുടെ രണ്ടാം ഗോള്‍. അതേസമയം 90 മിനുറ്റ് അവസാനിച്ച് അഞ്ച് മിനുറ്റ് അധികസമയം ഈസ്റ്റ് ബംഗാളിനെ തുണച്ചില്ല. 

അഞ്ച് മത്സരങ്ങളില്‍ ഒന്‍പത് പോയിന്‍റുള്ള ഹൈദരാബാദ് അഞ്ചാം സ്ഥാനത്തും ഇതുവരെ ഒരു ജയം പോലുമില്ലാത്ത ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനക്കാരുമാണ്. ഇതുവരെ ഒരു പോയിന്‍റ് മാത്രമാണ് ബംഗാള്‍ ടീമിന്‍റെ സമ്പാദ്യം. 

click me!