ലീഡ് എടുത്തിട്ടും പണിവാങ്ങി ബ്ലാസ്റ്റേഴ്‌സ്; ആദ്യ പകുതി സമനിലയില്‍

By Web TeamFirst Published Jan 10, 2021, 8:23 PM IST
Highlights

മഞ്ഞപ്പടയ്‌ക്ക് ആശ്വസിക്കാന്‍ ആദ്യ 20 മിനുറ്റുകളിലെ മിന്നലാക്രമണം. എന്നിട്ടും ലീഡ് എടുത്ത ശേഷം ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങി. 

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ ജംഷഡ്‌പൂര്‍ എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതി സമാസമം(1-1). ബ്ലാസ്റ്റേഴ്‌സിനായി കോസ്റ്റയും ജംഷഡ്‌പൂരിനായി വാല്‍സ്‌കിസുമാണ് ലക്ഷ്യം കണ്ടത്.   

ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത് മൂന്ന് മാറ്റങ്ങളുമായി

തിലക് മൈതാനായില്‍ ജംഷഡ്‌പൂര്‍ 4-3-1-2 ശൈലിയിലും ബ്ലാസ്റ്റേഴ്‌സ് 4-4-2 ഫോര്‍മേഷനിലുമാണ് ഇറങ്ങിയത്. ഒഡീഷയ്‌ക്കെതിരായ വന്‍ തോല്‍വി മറക്കാന്‍ മഞ്ഞപ്പട മൈതാനത്തെത്തിയത് മൂന്ന് മാറ്റങ്ങളുമായി. അറ്റാക്കില്‍ ഗാരി ഹൂപ്പറും ജോര്‍ദാന്‍ മുറേയും മടങ്ങിയെത്തിയപ്പോള്‍ നിഷു കുമാറിന് പകരം കോസ്റ്റയും കിബു വികൂനയുടെ ആദ്യ ഇലവനിലെത്തി. അതേസമയം ഒരൊറ്റ മാറ്റമായിരുന്നു ജംഷഡ്‌പൂര്‍ ഇലവനില്‍. ലോറന്‍സോയുടെ മടങ്ങിവരവ് മാത്രമാണ് കോയ്‌ല്‍ വരുത്തിയത്. 

വികൂന ചിരിച്ച ആദ്യ മിനുറ്റുകള്‍

വമ്പന്‍ മാറ്റങ്ങളുമായി ഇറങ്ങിയതിന്‍റെ മാറ്റം ആദ്യ മിനുറ്റുമുതല്‍ മൈതാനത്ത് കാട്ടി ബ്ലാസ്റ്റേഴ്‌സ്. 12-ാം മിനുറ്റില്‍ ഹൂപ്പറുടെ അളന്നുമുറിച്ച പാസ് രഹനേഷ് മാത്രം മുന്നില്‍ നില്‍ക്കേ മുറേയുടെ കാല്‍കളില്‍ എത്തിയെങ്കിലും പന്ത് ഗോള്‍ബാറിന് മുകളിലൂടെ പറന്നു. 16-ാം മിനുറ്റില്‍ അടുത്ത അപകടം സൃഷ്‌ടിച്ച് ഹൂപ്പറുടെ ഷോട്ട്. അവസരമൊരുക്കിയത് മുറേ. എന്നാല്‍ ഇത്തവണയും പന്ത് ബാറിന് മുകളിലൂടെ പോയി. എന്നാല്‍ 22-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് സുവര്‍ണ പ്രതീക്ഷയൊരുക്കി ബോക്‌സിന് പുറത്ത് ഫ്രീകിക്ക് ഭാഗ്യം. 

കോസ്റ്റ ഇറങ്ങി, ബ്ലാസ്റ്റേഴ്‌സ് മുന്നില്‍

മൈതാനത്തിന്‍റെ ഇടതു ഭാഗത്തുനിന്ന് ഫ്രീകിക്ക് എടുത്തത് ഫക്കുണ്ടോ പെരേര. പെരേരയുടെ മഴവില്‍ കിക്ക് ബോക്‌സിലേക്ക് കുതിച്ചെത്തിയ കോസ്റ്റ അതിമനോഹരമായി വലയിലിട്ടു.തൊട്ടുപിന്നാലെ സമനില നേടാനുള്ള ജംഷഡ്‌പൂരിന്‍റെ ശ്രമം ബ്ലാസ്റ്റേഴ്‌സ് ഇല്ലാതാക്കി. വാല്‍സ്‌കിസിന്‍റെ ബുള്ളറ്റ് ഹെഡര്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി ആല്‍ബിനോ ഗോമസ് പറന്ന് തടുക്കുകയായിരുന്നു. 

ഫ്രീകിക്ക് വഴങ്ങി പണിവാങ്ങി!

എന്നാല്‍ 36-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് പുറത്ത് ഫ്രീകിക്ക് വഴങ്ങിയത് അപകടമായി. ഇടത് ഭാഗത്തുനിന്ന് വാല്‍സ്‌കിസ് തൊടുത്ത കലക്കന്‍ ഫ്രീകിക്ക് ആല്‍ബിനോയ്‌ക്ക് ഒരവസരം പോലും നല്‍കാതെ നേരിട്ട് വലയിലെത്തി. ഇതോടെ ഗോള്‍നില 1-1. മറ്റൊരു മത്സരത്തില്‍ കൂടി ലീഡെടുത്ത ശേഷം ബ്ലാസ്റ്റേഴ്‌സിന് നിരാശ. പിന്നാലെയും ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ചെങ്കിലും 45 മിനുറ്റും രണ്ട് മിനുറ്റ് ഇഞ്ചുറി ടൈമും പൂര്‍ത്തിയാകുമ്പോള്‍ ലീഡ് തിരിച്ചുപിടിക്കാനായില്ല. 

ജയിച്ചാല്‍ നേട്ടം ജംഷഡ്‌പൂരിന് 

കളിച്ച ഒന്‍പത് മത്സരങ്ങളില്‍ ഏഴ് പോയിന്‍റുമായി അവസാന സ്ഥാനക്കാരാണ് ബ്ലാസ്റ്റേഴ്‌സ്. 13 പോയിന്‍റുള്ള ജംഷഡ്‌പൂര്‍ അഞ്ചാം സ്ഥാനത്തുണ്ട്. ജയിച്ചാല്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് ജംഷഡ്‌പൂരിന് പ്ലേ ഓഫ് സാധ്യത സജീവമാക്കാം. 

click me!