ഈസ്റ്റ് ബംഗാളിന്‍റെ ജര്‍മന്‍ കരുത്ത്; സ്റ്റെയിന്‍മാന്‍ കളിയിലെ താരം

By Web TeamFirst Published Dec 26, 2020, 10:00 PM IST
Highlights

ഓസ്ട്രേലിയൻ എ-ലീഗിൽ മത്സരിക്കുന്ന ന്യൂസിലൻഡ് ക്ലബ്ബ് ആയ വെല്ലിംഗ്ടൺ ഫീനിക്സില്‍ നിന്നാണ്  25കാരനായ സ്റ്റെയിൻമാൻ ഈസ്റ്റ്‌ ബംഗാളിലെത്തിയത്.  ജർമ്മൻ അണ്ടർ-15, അണ്ടർ-16, അണ്ടർ-17, അണ്ടർ-20 ദേശീയ ടീമുകൾക്കായും മാറ്റി സ്റ്റെയിൻമാൻ കളിച്ചിട്ടുണ്ട്.

മഡ്ഗാവ്: ഐഎസ്എല്ലില്‍ ചെന്നൈയിനെതിരെ രണ്ട് തവണ പിന്നിലായിട്ടും ഈസ്റ്റ് ബംഗാളിന് സമനില സമ്മാനിച്ചത് മധ്യനിരയിലെ ജര്‍മന്‍ കരുത്തായ മാറ്റി സ്റ്റെയിന്‍മാനായിരുന്നു. ഈസ്റ്റ് ബംഗാളിനായി രണ്ടു തവണ ചെന്നൈയിന്‍ വലയില്‍ പന്തെത്തിച്ച സ്റ്റെയിന്‍മാന്‍ തന്നെയാണ് ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതും. 10 റേറ്റിംഗ് പോയന്‍റ് നേടിയ സ്റ്റെയിന്‍മാന് ഹിറോ ഓഫ് ദ് മാച്ച് പുരസ്കാരത്തില്‍ എതിരാളികളില്ലായിരുന്നു.

Matti Steinmann is tonight's Hero of the Match for his brilliant brace 🙌 pic.twitter.com/V9AAFO0jIZ

— Indian Super League (@IndSuperLeague)

ഓസ്ട്രേലിയൻ എ-ലീഗിൽ മത്സരിക്കുന്ന ന്യൂസിലൻഡ് ക്ലബ്ബ് ആയ വെല്ലിംഗ്ടൺ ഫീനിക്സില്‍ നിന്നാണ്  25കാരനായ സ്റ്റെയിൻമാൻ ഈസ്റ്റ്‌ ബംഗാളിലെത്തിയത്.  ജർമ്മൻ അണ്ടർ-15, അണ്ടർ-16, അണ്ടർ-17, അണ്ടർ-20 ദേശീയ ടീമുകൾക്കായും മാറ്റി സ്റ്റെയിൻമാൻ കളിച്ചിട്ടുണ്ട്.

സെൻട്രൽ മിഡ്ഫീൽഡർ ആയും ഡിഫൻസീവ് മിഡ്ഫീൽഡർ ആയും കളിക്കാനാവുന്ന സ്റ്റെയിന്‍മാന് ബുണ്ടസ്‌ലീഗയിൽ ഒമ്പത് മത്സരങ്ങളും ഓസ്‌ട്രേലിയൻ എ-ലീഗിൽ 23 മത്സരങ്ങളും ഉൾപ്പടെ ക്ലബ്ബ് ഫുട്ബാളിൽ 238 മത്സരങ്ങളുടെ പരിചയസമ്പത്തുണ്ട്. ജർമ്മൻ ബുണ്ടസ്‌ലീഗ ക്ലബുകൾ ആയ ഹാംബർഗറിനു വേണ്ടിയും മെയ്ൻസിനു വേണ്ടിയും കളത്തിലിറങ്ങിയിട്ടുള്ള താരമാണ് മാറ്റി സ്റ്റെയിൻമാൻ.

യൂത്ത് കരിയറിൽ ടി എസ് വി, എസ് വി, ഹാംബർഗർ തുടങ്ങിയ ക്ലബുകൾക്കായി ബൂട്ടുകെട്ടിയിട്ടുള്ള മാറ്റി സ്റ്റെയിൻമാന്റെ സീനിയർ അരങ്ങേറ്റം 2012-ൽ ഹാംബർഗർ -ബി ടീമിലൂടെയായിരുന്നു. തുടർന്നു അവരുടെ സീനിയർ ടീമിലും കളിച്ച സ്റ്റെയിൻമാൻ 2016-ൽ ജർമ്മൻ ക്ലബ്ബ് ആയ മെയിൻസിൽ എത്തി. അവിടെ ഒരു സീസൺ കളിച്ച ശേഷം വീണ്ടും അദ്ദേഹം ഹാംബർഗറിൽ മടങ്ങിയെത്തി.

ഏഴ് വർഷത്തോളം മാറ്റി സ്റ്റെയിൻമാൻ ഹാംബർഗറിനായി ബൂട്ടണിഞ്ഞു. ഇതിനിടയിൽ 2 ലോൺ സ്പെല്ലുകളിൽ ആയി വിവിധ ജർമ്മൻ ക്ലബുകളിലും സ്റ്റെയിൻമാൻ കളിച്ചിരുന്നു. തുടർന്നു കഴിഞ്ഞ സീസണിൽ ആണ് ഇദ്ദേഹം വെല്ലിംഗ്ടൺ ഫീനിക്സിൽ എത്തുന്നത്. അവിടെ നിന്നാണ് ഇപ്പോള്‍ ഈസ്റ്റ് ബംഗാളിന്‍റെ ജര്‍മന്‍ കരുത്തായി ഐഎസ്എല്ലില്‍ എത്തിയത്.

Powered By

click me!