ISL 2021-22 : എഫ്‌സി ഗോവ- ബെംഗളൂരു എഫ്‌സി, എടികെ- ഒഡീഷ എഫ്‌സി; ഇന്ന് രണ്ട് മത്സരങ്ങള്‍

By Web TeamFirst Published Jan 23, 2022, 4:10 PM IST
Highlights

11 മത്സരങ്ങളില്‍ 13  പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബെംഗളൂരു. ഒരു മത്സരം കൂടുതല്‍ കളിച്ച ഗോവ ഇത്രയും പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ്. രണ്ടാം മത്സരത്തില്‍ എടികെ മോഹന്‍ ബഗാന്‍ രാത്രി 9.30ന് ഒഡീഷയെ നേരിടും.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) ഇന്ന് രണ്ട് മത്സരങ്ങള്‍. ബെംഗളൂരു എഫ്‌സി (Bengaluru FC) വൈകിട്ട് ഏഴരയ്ക്ക് എഫ്‌സി ഗോവയെ നേരിടും. ആദ്യപാദത്തില്‍ ഗോവ ഒന്നിനെതിരെ രണ്ട് ഗോളിന് ബിഎഫ്‌സിയെ തോല്‍പിച്ചിരുന്നു. 11 മത്സരങ്ങളില്‍ 13  പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബെംഗളൂരു. ഒരു മത്സരം കൂടുതല്‍ കളിച്ച ഗോവ ഇത്രയും പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ്. രണ്ടാം മത്സരത്തില്‍ എടികെ മോഹന്‍ ബഗാന്‍ രാത്രി 9.30ന് ഒഡീഷയെ നേരിടും. കൊവിഡ് കാരണം എടികെ ബഗാന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങളും മാറ്റിവച്ചിരുന്നു. 

ഇന്നലെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എട്ടാം തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ചെന്നൈയിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് തോറ്റത്. മുപ്പത്തിയഞ്ചാം മിനിറ്റില്‍ ലാല്‍ഡന്‍മാവിയ റാള്‍ട്ടെയുടെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ തോല്‍വി. അഞ്ചാം ജയത്തോടെ 18 പോയിന്റുമായി മുന്‍ ചാംപ്യന്മാരായ ചെന്നൈയിന്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഒമ്പത് പോയിന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് ലീഗില്‍ അവസാന സ്ഥാനത്താണ്. 

ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയാണ് ഐഎസ്എല്‍ ക്യാംപില്‍ നിന്ന് പുറത്ത് വരുന്നത്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്‌സ് പരിശീലനം തുടങ്ങി. ടീമിലെ നിരവധി താരങ്ങള്‍ കൊവിഡ് ബാധിതരായതോടെ അവസാന രണ്ട് മത്സരങ്ങള്‍ മാറ്റിവയ്ക്കുകയും ചെയ്തു. 

കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത എടികെ മോഹന്‍ ബഗാനും ജംഷെഡ്പൂര്‍ എഫ് സിയും പരിശീലീനം പുനരാരംഭിച്ചിട്ടുണ്ട്. കോച്ച് ഇവാന്‍ വുകോമനോവിച്ച് പരിശീലന ഗ്രൗണ്ടില്‍ ഇരിക്കുന്ന ചിത്രത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒഡിഷയ്‌ക്കെതിരായ ജയത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് ഇതുവരെ പരിശീലനം നടത്തിയിട്ടില്ല. 

click me!