സീസണ്‍ അവസാനിപ്പിക്കുന്നത് പത്താം സ്ഥാനക്കാരായി; ബ്ലാസ്റ്റേഴ്‌സിന് ഇനിയെന്ത്..?

By Web TeamFirst Published Feb 27, 2021, 12:06 PM IST
Highlights

മോഹന്‍ ബഗാനെ ഐ ലീഗ് ചംപ്യന്മാരാക്കിയ പരിശീലകന്‍ കിബു വികൂന, ക്ലബിന് ആദ്യമായി ഒരു സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍, വമ്പന്മാരായ വിദേശതാരങ്ങള്‍.

ഫറ്റോര്‍ഡ: കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ആദ്യ കിരീടം നേടുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. പതിവുപോലെ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയ ടീമായാണ് ബ്ലാസ്റ്റേഴ്‌സ് സീസണ്‍ അവസാനിപ്പിച്ചത്. മോഹന്‍ ബഗാനെ ഐ ലീഗ് ചംപ്യന്മാരാക്കിയ പരിശീലകന്‍ കിബു വികൂന, ക്ലബിന് ആദ്യമായി ഒരു സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍, വമ്പന്മാരായ വിദേശതാരങ്ങള്‍. കെപി രാഹുലും സഹല്‍ അബ്ദുല്‍ സമദും അടക്കമുള്ള യുവതാരങ്ങള്‍. എന്നിവരെല്ലാം ഉണ്ടായിട്ടും പോയിന്റ് പട്ടികയില്‍ പത്താമതാണ് ബ്ലാസ്റ്റേഴ്‌സ്. 

ഇത്തവണ കൊമ്പന്മാര്‍ ഇടയുമെന്നും കലിപ്പും കടവും വീട്ടുമെന്നും ആരാധകര്‍ ഉറച്ച് പ്രതീക്ഷിച്ചു. എന്നാല്‍ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സിന് പിഴച്ചു. എടികെ മോഹന്‍ ബഗാനോട് തോറ്റ് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് സീസണ്‍ അവസാനിപ്പിച്ചത് പത്താം സ്ഥാനത്ത്. ഒരിക്കല്‍പ്പോലും ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാതിരുന്ന ബ്ലാസ്റ്റേഴ്‌സ് സീസണില്‍ ആകെ ജയിച്ചത് മൂന്ന് കളിയില്‍. എട്ട് സമനിലയും ഒന്‍പത് തോല്‍വിയും.

ഏറെ പ്രതീക്ഷയോടെ എത്തിയ സ്‌ട്രൈക്കര്‍ ഗാരി ഹൂപ്പര്‍ നനഞ്ഞ പടക്കമായി. പ്രതിരോധനിരയില്‍ കോസ്റ്റ നൊമെയ്‌നേസുവും ബെകാരി കോനെയും കോട്ടകെട്ടുമെന്നാണ് കരുതിയത്. കോട്ടയിലെ വിള്ളലുകളും ആനമണ്ടത്തരങ്ങളും ബ്ലാസ്റ്റേഴ്‌സിന്റെ വലനിറച്ചു. 23 ഗോള്‍ നേടിയ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത് 36 ഗോളുകള്‍.

വിസെന്റെയും മറെയും പെരേരയും രാഹുലും മാത്രമാണ് ആരാധകര്‍ക്ക് ആശ്വാസമായത്. സഹല്‍ കിട്ടിയ അവസരങ്ങള്‍ പാഴാക്കാന്‍ മത്സരിച്ചു. എന്തായാലും ഒരുകാര്യം ഉറപ്പാണ്, അടുത്ത സീസണിലും പുതിയ കോച്ചും പുതിയ താരങ്ങളും ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാവും.

click me!