Latest Videos

ISL 2021-22 : ആദ്യ നാലിലെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു; ഹൈദരബാദിന്റെ ലക്ഷ്യം സെമി ഫൈനല്‍

By Web TeamFirst Published Feb 23, 2022, 9:51 AM IST
Highlights

17 കളിയില്‍ 32 പോയിന്റുമായാണ് ഹൈദരാബാദ് ഒന്നാം സ്ഥാനം സ്ഥാനത്ത് തുടരുന്നത്. 16 കളിയില്‍ 27 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് (Manjappada) അഞ്ചാം സ്ഥാനത്താണ്.  

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ നാലില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഇന്ന് പതിനേഴാം റൗണ്ട് മത്സരത്തിനിറങ്ങും. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദാണ് (Hyderabad FC) എതിരാളികള്‍. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. 17 കളിയില്‍ 32 പോയിന്റുമായാണ് ഹൈദരാബാദ് ഒന്നാം സ്ഥാനം സ്ഥാനത്ത് തുടരുന്നത്. 16 കളിയില്‍ 27 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് (Manjappada) അഞ്ചാം സ്ഥാനത്താണ്.  

ആദ്യകിരീടം സ്വപ്നംകാണുന്ന ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകം. സസ്‌പെന്‍ഷനിലായ ഡിയാസും സന്ദീപും പരിക്കേറ്റ നിഷുകുമാറും കളിക്കില്ല. അഡ്രിയന്‍ ലൂണ, അല്‍വാരോ വാസ്‌ക്വേസ് ജോഡിയിലാണ് പ്രതീക്ഷയത്രയും.ബാര്‍ത്തലോമിയോ ഒഗ്ബചേയെ പിടിച്ചുകെട്ടുകയാവും ഏറ്റവും വലിയ വെല്ലുവിളി. ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍നായകന്‍കൂടിയായ ഒഗ്ബചേ പതിനാറ് ഗോള്‍ നേടിക്കഴിഞ്ഞു. 

സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമും ഹൈദബാദാണ്. 39 തവണയാണ് ഹൈദരാബാദ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. വഴങ്ങിയത് പതിനെട്ട് ഗോളും. ബ്ലാസ്റ്റേഴ്‌സ് 23 ഗോള്‍ നേടിയപ്പോള്‍ 17 ഗോള്‍ വഴങ്ങി.ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ജയം ഒറ്റഗോളിന് ബ്ലാസ്റ്റേഴ്‌സിനൊപ്പം. 

സ്‌ട്രൈക്കര്‍ ഹോര്‍ജെ പെരേര ഡിയാസിന്റെ അഭാവം ടീമിനെ ബാധിക്കില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലയാളിതാരം കെ പി രാഹുല്‍ ടീമില്‍ തിരിച്ചെത്തിയേക്കുമെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞു.

ശക്തരായ എതിരാളികളാണ് മുന്നിലുള്ളത്. ഏറ്റവും മികച്ച സംഘത്തെ അണിനിരത്തും. ഡിയാസും നിഷുവും അടക്കമുളളവരുവരുടെ അഭാവം ബ്ലാസ്റ്റേഴ്‌സിനെ ബാധിക്കില്ലെന്നും കോച്ച് ഇവാന്‍ വുകോമനോവിച്ച്.

click me!