കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടുമിറങ്ങുന്നു; എതിരാളികള്‍ ജംഷഡ്പൂര്‍ എഫ്‌സി

By Web TeamFirst Published Jan 10, 2021, 2:26 PM IST
Highlights

നാണക്കേടിന്റെ പടുകുഴിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലീഗിലെ അവസാന സ്ഥാനക്കാരായ ഒഡിഷയോട് തോറ്റ ഏക ടീം ബ്ലാസ്റ്റേഴ്‌സാണ്. ഒന്‍പത് കളി പിന്നിടുമ്പോള്‍ ഒഡിഷയെക്കാള്‍ ഒരുപോയിന്റ് മാത്രം മുന്നിലാണ് മഞ്ഞപ്പട.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷെഡ്പൂര്‍ എഫ് സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. നാണക്കേടിന്റെ പടുകുഴിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലീഗിലെ അവസാന സ്ഥാനക്കാരായ ഒഡിഷയോട് തോറ്റ ഏക ടീം ബ്ലാസ്റ്റേഴ്‌സാണ്. ഒന്‍പത് കളി പിന്നിടുമ്പോള്‍ ഒഡിഷയെക്കാള്‍ ഒരുപോയിന്റ് മാത്രം മുന്നിലാണ് മഞ്ഞപ്പട. ഫിനിഷിംഗില്‍ പിഴയക്കുന്ന മുന്നേറ്റനിര. പഴുതുകള്‍ മാത്രമുള്ള പ്രതിരോധം. മധ്യനിരയിലുമില്ല ആശ്വാസം. കളിയുടെ സര്‍വമേഖലകളിലും നിരാശ. പത്ത് ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് പതിനേഴെണ്ണം. വിശ്വസിക്കാവുന്നൊരു ടീം കോംപിനേഷന്‍ പോലുമായിട്ടില്ല. മോഹന്‍ ബഗാനെ ഐ ലീഗ് ചാന്പ്യന്‍മാരാക്കിയ കിബു വികൂനയുടെ തന്ത്രങ്ങളെല്ലാം ബ്ലാസ്റ്റേഴ്‌സില്‍ എത്തിയപ്പോള്‍ പാളി. 

പ്ലേ ഓഫ് സാധ്യത സജീവമാക്കാനാണ് ജംഷെഡ്പൂര്‍ ഇറങ്ങുന്നത്. 13 പോയിന്റുമായി അഞ്ചാം സ്ഥാനത്താണിപ്പോള്‍. ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചാല്‍ മൂന്നാം സ്ഥാനത്തേക്കുയരാം. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വലയം കാത്ത ടി പി രഹനേഷ് ഇത്തവണ ജംഷെഡ്പൂരിനൊപ്പമാണ്. ആറ് ഗോള്‍ നേടിയ വാല്‍സ്‌കിസിനെ പിടിച്ചുകെട്ടുക ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല. മാത്രമല്ല, ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ തോല്‍പിക്കാനാവാത്ത ടീമാണ് ജംഷെഡ്പൂര്‍. ആറ് കളിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് രണ്ടില്‍ തോറ്റു. നാല് കളി സമനിലയില്‍ അവസാനിച്ചു. ജംഷെഡ്പൂര്‍ പത്ത് ഗോള്‍ നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത് എട്ട് ഗോള്‍. 

രണ്ട് മത്സരങ്ങളാണ് ഇന്നുള്ളത്. ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ് സി അവസാന സ്ഥാനക്കാരായ ഒഡിഷ എഫ്‌സിയെ നേരിടും. വൈകിട്ട് അഞ്ചിനാണ് കളി തുടങ്ങുക. പത്ത് പോയിന്റുള്ള ചെന്നൈയിന്‍ ലീഗില്‍ എട്ടാണ് സ്ഥാനത്താണ്. ഒന്‍പത് കളിയില്‍ ചെന്നൈയിന്‍ രണ്ട് കളിയിലും ഒഡിഷ ഒരു കളിയിലുമാണ് ഇതുവരെ ജയിച്ചത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ തോറ്റ ടീമാണ് ഒഡിഷ.

click me!