
കൊച്ചി: മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങുന്ന കാണികൾക്കെതിരെ കര്‍ശന നടപടിയെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ ഹോം മത്സരങ്ങളിൽ സുരക്ഷ വലയം തകർത്ത് ഗ്രൗണ്ടിലേക്കിറങ്ങിയതുൾപ്പടെ ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടായ മോശം പെരുമാറ്റത്തിൻ്റെ സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കാൻ ക്ലബ് തീരുമാനിച്ചത്. ഇനിയുള്ള മത്സരങ്ങളിൽ താരങ്ങളുടെയും ഒഫീഷ്യൽസിന്റെയും സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന തരത്തിൽ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറുന്ന ആരാധകരെ കാത്തിരിക്കുന്ന കടുത്ത നടപടികളാണ്. അഞ്ച് ലക്ഷം രൂപ പിഴയ്ക്ക് പുറമെ സ്റ്റേഡിയത്തിലേക്ക് വിലക്കും ഏർപ്പെടുത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് അധികൃതർ അറിയിച്ചു. ബെംഗളൂരു എഫ്സിക്കെതിരെ ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഹോം മത്സരം