ഐഎസ്എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ നോര്‍ത്ത് ഈസ്റ്റും ജംഷഡ്പൂരും

By Web TeamFirst Published Feb 14, 2021, 1:26 PM IST
Highlights

16 കളിയില്‍ അഞ്ച് ജയവും എട്ട് സമനിലയുമായി 23 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് നിലവില്‍ അഞ്ചാം സ്ഥാനത്താണ്.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. വൈകിട്ട് 5മണിക്ക് നടക്കുന്ന കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഒഡീഷ എഫ്‌സിയെ നേരിടും. 16 കളിയില്‍ അഞ്ച് ജയവും എട്ട് സമനിലയുമായി 23 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് നിലവില്‍ അഞ്ചാം സ്ഥാനത്താണ്. പതിനാറ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിച്ച ഒഡീഷ അവസാന സ്ഥാനത്തും.

പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ നോര്‍ത്ത് ഈസ്റ്റിന് ജയം അനിവാര്യമാണ്. ആകെ പതിമൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ നാല് തവണ ഇരുവരും ജയിച്ചു. അഞ്ച് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. സീസണില്‍ നേരത്തെ നേര്‍ക്കുനേര്‍ വന്നപ്പോഴും സമനിലയായിരുന്നു ഫലം.

രണ്ടാം മത്സരത്തില്‍ എടികെ മോഹന്‍ ബഗാന്‍, ജംഷഡ്പൂര്‍ എഫ്‌സിയെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ ജംഷഡ്പൂരിന് ഇന്ന് ജയിക്കണം. 17 മത്സരങ്ങളില്‍ നിന്നായി 21 പോയിന്റാണ് ജംഷഡ്പൂറിന്റെ സമ്പാദ്യം. എന്നാല്‍ 16 മത്സരങ്ങളില്‍ നിന്നായി 33 പോയിന്റുള്ള എടികെ ഇന്ന് ജയിച്ച്
പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനാകും ശ്രമിക്കുക. അവസാന മുന്ന് കളികളും ജയിച്ച എടികെ മികച്ച ഫോമിലുമാണ്. 

ഇന്നലെ നടന്ന എഫ്‌സി ഗോവ- ചെന്നൈയിന്‍ എഫ്‌സി മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഇരുവരും രണ്ട് ഗോള്‍ വീതമാണ് നേടിയത്. ഇതോടെ  ഗോവ പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. 17 കളികളില്‍ നിന്ന് 24 പോയിന്റാണ് ഗോവയുടെ സമ്പാദ്യം.

click me!