ഷെഹ്‍ലയുടെ മരണം മോണോ ആക്ട് വേദിയിലും; വ്യത്യസ്തനായി സിദ്ധാർത്ഥ

By Web TeamFirst Published Nov 29, 2019, 1:06 PM IST
Highlights

ഗതാഗതക്കുരുക്ക് കാരണം വൈകി എത്തിയെങ്കിലും വ്യത്യസ്തനായി സിദ്ധാർത്ഥ. പാമ്പുകടിയേറ്റ് മരിച്ച ഷഹലാ ഷെറിന്റെ ദാരുണാന്ത്യം അവതരിപ്പിച്ച കൊച്ചു മിടുക്കൻ എ ഗ്രേഡും നേടിയാണ് മടങ്ങിയത്.

കാസര്‍കോട്: വയനാട്ടില്‍ പാമ്പുകടിയേറ്റ് മരിച്ച ഷെഹ്‍ല ഷെറിന്റെ ജീവിതം മോണോ ആക്ട് വേദിയിൽ അവതരിപ്പിച്ച് എട്ടാം ക്ലാസുകാരൻ സിദ്ധാർത്ഥ. അപ്പീലിൽ മത്സരിക്കാൻ എത്തിയ ഈ കൊച്ചുമിടുക്കന് കാഞ്ഞങ്ങാട്ടെ ഗതാഗതക്കുരുക്കിൽപ്പെട്ട് മത്സരം നഷ്ടമാകുമായിരുന്നു. പ്രതിഷേധത്തിനൊടുവില്‍ മത്സരിക്കാൻ അവസരം ലഭിച്ചപ്പോള്‍ ഷെഹ്‍ലയുടെ ദാരുണാന്ത്യം അവതരിപ്പിച്ച് എ ഗ്രേഡും നേടിയാണ് സിദ്ധാർത്ഥ മടങ്ങിയത്.

ഇതോടുകൂടി ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മോണോ ആക്റ്റ് മത്സരം അവസാനിച്ചു. പെൺകുട്ടികളുടെ മിമിക്രി മത്സരം തുടങ്ങുന്നു ജഡ്ജസ് പ്ലീസ് നോട്ട്... എന്ന അനൗൺസ്മെന്റ് തീരും മുമ്പ് ഷാജഹാൻ മകനെയും കൊണ്ട് സ്റ്റേജിന് പിന്നിലേക്ക് കിതച്ചോടിയെത്തി. അപ്പീലിൽ മത്സരിക്കാനുള്ള ഉത്തരവുമായി വരുമ്പോൾ ഗതാഗതക്കുരുക്കിൽ പെട്ടുപോവുകയായിരുന്നു. മത്സരം കഴിഞ്ഞെന്ന് സംഘാടക‍ര്‍ വാദിച്ചെങ്കിലും രക്ഷിതാവ് വിട്ടുകൊടുത്തില്ല. തര്‍ക്കത്തിനൊടുവിൽ മത്സരിക്കാൻ അനുമതി ലഭിച്ചു. 

ആദ്യം പരിഭ്രമിച്ച് വേദിയിൽ കയറിയ സിദ്ധാർത്ഥ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. വൈലോപ്പിള്ളിയുടെ മാമ്പഴം കവിതയിൽ തുടങ്ങി ഷെഹ്‍ല ഷെറിന് പാമ്പുകടിയേൽക്കുന്ന കാലത്തെ കുഞ്ഞുങ്ങളുടെ മനസിനെ സിദ്ധാർത്ഥ നൊമ്പരത്തോടെ വരച്ചിട്ടു. തിരുവനന്തപുരം സെൻജോൺസൺ ഹയ‍‍ര്‍സെക്കണ്ടറി സ്കൂൾ വിദ്യാ‍ര്‍ത്ഥിയായ സിദ്ധാർത്ഥ എ എസിന് അഭിനയത്തിൽ നിരവധി സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. പ്രളയവും യുഎപിഎ കേസുമടക്കം സമകാലിക വിഷയങ്ങളാണ് ഇത്തവണ മോണോ ആക്ട് വേദിയിൽ പ്രമേയങ്ങളായത്. 

click me!