സമൂഹവ്യാപന സാധ്യത: മൂന്ന് ജില്ലകളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ തീരുമാനം

By Web TeamFirst Published Jun 7, 2020, 1:06 PM IST
Highlights

മൂന്നാം ഘട്ടത്തിൽ സംസ്ഥാനത്താകെ ആശങ്ക ഉയർത്തിയാണ് രോഗികളുടെ എണ്ണം കൂടുന്നത്. അതിൽ തന്നെ പാലക്കാടും കണ്ണൂരും കൊല്ലത്തും കൂടുതൽ ശ്രദ്ധ വേണമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. 

തിരുവനന്തപുരം:  കൊവിഡ് രോഗികളുടെ എണ്ണം ആശങ്കയായി ഉയരുന്ന സാഹചര്യത്തിൽ കണ്ണൂർ, പാലക്കാട്, കൊല്ലം ജില്ലകളിൽ കൂടുതൽ ജാഗ്രത നൽകി പ്രതിരോധപ്രവർത്തനം ശക്തമാക്കാൻ തീരുമാനം. സമൂഹവ്യാപനസാധ്യത കണ്ടെത്താനുള്ള ദ്രൂതപരിശോധന നാളെ മുതൽ തുടങ്ങും. രണ്ട് ലക്ഷത്തോളം വരുന്നവർക്ക് പാളിച്ചയില്ലാതെ നിരീക്ഷണം ഉറപ്പാക്കലും ഈ ഘട്ടത്തിൽ വെല്ലുവിളിയാണ്.

മൂന്നാം ഘട്ടത്തിൽ സംസ്ഥാനത്താകെ ആശങ്ക ഉയർത്തിയാണ് രോഗികളുടെ എണ്ണം കൂടുന്നത്. അതിൽ തന്നെ പാലക്കാടും കണ്ണൂരും കൊല്ലത്തും കൂടുതൽ ശ്രദ്ധ വേണമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ മാത്രം ആക്ടീവ് കേസുകൾ 172 ആയിട്ടുണ്ട്.  31 പേർക്ക് രോഗബാധ സമ്പർക്കം വഴിയാണ് ലഭിച്ചത്. അതിൽ 21 പേർ ആരോഗ്യപ്രവർത്തകരാണ് എന്നത് സ്ഥിതി ഗുരുതരമാക്കുന്നു.

കണ്ണൂരിൽ 138 ആക്ടീവ് കേസിൽ 26 പേർക്ക് രോഗം വന്നത് സമ്പർക്കത്തിലൂടെ. കൊല്ലത്തും ഉറവിടമില്ലാത്ത കേസുകൾ നിരവധി. അസാധാരണമായി രോഗികൾ ഉള്ള സാഹചര്യത്തിലാണ് ഈ മൂന്ന് ജില്ലകളിൽ കൂടുതൽ കരുതൽ. ആശുപത്രികളിൽ കൂടുതൽ വെൻറിലേറ്ററുകളടക്കമുള്ള ചികിത്സാ സൗകര്യങ്ങൾ കൂട്ടാനാണ് ശ്രമം.

ഒരോദിവസവും ആയിരക്കണക്കിന് ആളുകളാണ് നിരീക്ഷണത്തിലേക്ക് വരുന്നത്. നിലവിൽ രണ്ട് ലക്ഷത്തിലേക്കെത്തുന്നു. പ്രവാസികൾക്ക് സർക്കാർ കേന്ദ്രങ്ങളിലെ ക്വാറൻ്രീൻ ഹോം ക്വാറൻ്രീനിലേക്ക് കൂടി മാറുന്നതോടെ വെല്ലുവിളി ഏറുകയാണ്, നിരീക്ഷണത്തിൽ ചെറിയ വീഴ്ചയുണ്ടായാൽ പോലും വൻ തിരിച്ചടിയുണ്ടാകും. 

പല സ്ഥലങ്ങളിലും സമൂഹവ്യാപനമുണ്ടെന്ന സംശയം വിദഗ്ധർ ഇതിനകം പ്രകടിപ്പിച്ചുകഴിഞ്ഞു. സമൂഹവ്യാപനസാധ്യത ഉറപ്പാക്കാനാണ് ദ്രുതപരിശോധന. എച്ച് എൽഎല്ലിൽ നിന്നം ലഭിച്ച കിറ്റ് ഉപയോഗിച്ചാണ് നാളെ മുതൽ രോഗവ്യാപന തോത് കൂടിയ സ്ഥലങ്ങളിലും മുൻഗണനാ വിഭാഗങ്ങളിലും പരിശോധന നടത്തും. 

click me!