Latest Videos

രാഷ്ട്രീയത്തിനൊപ്പം നടന്ന സൈദ്ധാന്തികന്‍; പൊതുപ്രവര്‍ത്തകനായി വീരേന്ദ്രകുമാര്‍ താണ്ടിയ വഴിത്താരകള്‍

By Web TeamFirst Published May 29, 2020, 12:36 AM IST
Highlights

ജനനം കൊണ്ടുതന്നെ ഒരു രാഷ്ട്രീയ പാരമ്പര്യമുണ്ടായിരുന്നു വീരേന്ദ്ര കുമാറിന്. പ്രമുഖ സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എംകെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കൽപറ്റയിലായിരുന്നു എംപി വിരേന്ദ്രകുമാറിന്റെ ജനനം.

ജനനം കൊണ്ടുതന്നെ ഒരു രാഷ്ട്രീയ പാരമ്പര്യമുണ്ടായിരുന്നു വീരേന്ദ്ര കുമാറിന്. പ്രമുഖ സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എംകെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കൽപറ്റയിലായിരുന്നു എംപി വിരേന്ദ്രകുമാറിന്റെ ജനനം. സ്കൂൾ വിദ്യാർഥി ആയിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ജയപ്രകാശ് നാരായണനാണ് പാർട്ടിയിൽ അംഗത്വം നൽകിയത്. 

ഉപരി പഠനത്തിന് അമേരിക്കയിലേക്ക് പോകുന്നതു വരെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നു. അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷം രാംമനോഹർ ലോഹ്യയുടെ ആശയങ്ങളിൽ ആകൃഷ്ടനായി സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1968ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിലേക്ക്. 1970ലായി അഖിലേന്ത്യ ട്രഷറർ ആയി ചുമതലയേറ്റത്ത്. അക്കാലത്ത് ജോർജ്ജ് ഫെർണാണ്ടസ് ആയിരുന്നു അധ്യക്ഷൻ.

1974ൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യ സെക്രട്ടറിയായി.  1975ൽ സംസ്ഥാനത്ത് പ്രതിപക്ഷ ഐക്യമുന്നണിയുടെ കൺവീനർ സ്ഥാനത്തേക്ക്.  അടിയന്തിരാവസ്ഥക്കാലത്ത് ഒളിവിൽ പോയെങ്കിലും ഒമ്പത് മാസത്തിന് ശേഷം മൈസൂരിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. കണ്ണൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, സയ്യദ് ഉമ്മർ ബഫാഖി തങ്ങൾ, ചെറിയ മാമ്മുകേയി, ഇമ്പിച്ചി കോയ, കെ ചന്ദ്രശേഖരൻ, അബു സാഹബ്, പിഎം അബൂബക്കർ, എംവി രാഘവൻ എന്നിവര്‍ക്കുമൊപ്പം ജയില്‍വാസം.

1977ൽ ജനത പാർട്ടി സംസ്ഥാന സെക്രട്ടറിയായി.  1983ൽ ജനത പാർട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ സ്ഥാനത്ത്. കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി  1987 ൽ  ചുമതലയേറ്റു. വനങ്ങളിലെ മരങ്ങൾ മുറിക്കരുതെന്നായിരുന്നു ആദ്യ ഉത്തരവ്. 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവെച്ചു. രാജിക്കാരണം ഇന്നും തര്‍ക്കവിഷയങ്ങളിലൊന്നാണ്. 1991 വരെ നിയമസഭാംഗമായി തുടർന്നു. 1991ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ സിറ്റിങ് എംപിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ കെ മുരളീധരനെ 38,703 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് ആദ്യമായി ലോക്സഭാംഗമായി.

1993ൽ ജനതാദൾ സംസ്ഥാന അധ്യക്ഷൻ. 1996ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ നിന്ന് രണ്ടാമതും വിജയിച്ചു. 1997 ഫെബ്രുവരി 21 മുതൽ 1997 ജൂൺ 9 വരെ ദേവഗൗഡ മന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രി. 1997 ജൂൺ 10 മുതൽ 1998 മാർച്ച് 19 വരെ ഐ കെ ഗുജ്റാൾ മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയോടെ തൊഴിൽ സഹമന്ത്രി, നഗരവികസന മന്ത്രാലയത്തിന്‍റെ അധിക ചുമതല കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന്.

2004ൽ പ്ലാച്ചിമടയിൽ ലോക ജല സമ്മിറ്റ് (World Water Conference) സംഘടിപ്പിച്ചു.  2004ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മൂന്നാമതും കോഴിക്കോട് മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ കോഴിക്കോട് സീറ്റ് ഇടതു മുന്നണി നിഷേധിച്ചതിനെത്തുടർന്ന് മുന്നണി ബന്ധം ഉപേക്ഷിച്ചു.  വിഎസ്-പിണറായി വിഭാഗീയത സിപിഎമ്മിൽ മൂർധന്യത്തിലായിരുന്ന കാലത്തായിരുന്നു ഇത്. മാതൃഭൂമി പത്രവും വീരേന്ദ്രകുമാറും വിഎസ് പക്ഷത്തെന്ന് സിപിഎം ഔദ്യോഗിക വിഭാഗത്തിന്‍റെ വിമർശനമുയര്‍ന്നു. 

അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയനുമായി അനവധി വോക്പോരുകൾ വാര്‍ത്തയായിരുന്നു. ദേശാഭിമാനി ബോണ്ട് വിഷയത്തിലും വിവാദ വ്യവസായി ഫാരീസ് അബൂബക്കർ വിഷയത്തിലും മാതൃഭൂമി പത്രാധിപരെ പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചിരുന്നു. തുടര്‍ന്ന്  യുഡിഎഫിൽ ചേർന്നെങ്കിലും 2009ൽ മൽസരിച്ചില്ല. 2014ൽ പാലക്കാട് മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് ഇടതുമുന്നണി സ്ഥാനാർത്ഥി എംബി രാജേഷിനോട് പരാജയപ്പെട്ടതിന് ശേഷം കോൺഗ്രസുമായി നല്ല ബന്ധത്തിലായിരുന്നില്ല. 2017 ഡിസംബർ 20ന് രാജ്യസഭാംഗത്വം രാജിവെച്ചു.

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജനതാദൾ യുണൈറ്റഡുമായുള്ള ബന്ധം വിച്ഛേദിച്ചതിനെ തുടർന്നായിരുന്നു രാജി. നിതീഷ്കുമാറിന്‍റെ നേതൃത്വത്തിൽ ജെഡിയു എൻഡിഎയിൽ ചേർന്നതിൽ പ്രതിഷേധിച്ചായിരുന്നു ബന്ധം ഉപേക്ഷിച്ചത്. പിന്നീട് യുഡിഎഫുമായുള്ള മുന്നണി ബന്ധവും ഉപേക്ഷിച്ചു. ലോക് താന്ത്രിക് ജനതാദൾ രൂപീകരിച്ചു. 2018 മാർച്ചിൽ ഇടതുമുന്നണിയുടെ പിന്തുണയോടെ വീണ്ടും രാജ്യസഭാംഗമായി. 2018 ഡിസംബറിൽ ലോക് താന്ത്രിക് ജനതാദൾ ഇടതുമുന്നണിയിൽ ഘടകകക്ഷിയായി എത്തുകയും ചെയ്തു. 
 

click me!