Kerala Budget 2022 : ഐടി വളർച്ചയിലൂന്നിയുള്ള ബജറ്റ് പ്രഖ്യാപനം; വികസന പ്രതീക്ഷയിൽ കൊച്ചി

By Web TeamFirst Published Mar 11, 2022, 5:09 PM IST
Highlights

പുതിയ ഐടി ഇടനാഴികളും ഗിഫ്റ്റ് സിറ്റിയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടൽ. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതിയും കൊച്ചിക്കാർക്ക് പ്രതീക്ഷയാകുന്നു.

കൊച്ചി: ഐടി വളർച്ചയിലൂന്നിയുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ (Kerala Budget 2022)  വികസനം കൊണ്ടുവരുമെന്ന പ്രതീക്ഷയിൽ കൊച്ചി. പുതിയ ഐടി ഇടനാഴികളും ഗിഫ്റ്റ് സിറ്റിയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടൽ. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതിയും കൊച്ചിക്കാർക്ക് പ്രതീക്ഷയാകുന്നു.

കൊച്ചിയ്ക്ക് പ്രതീക്ഷയായി എറണാകുളം-കൊരട്ടി, എറണാകുളം-ചേര്‍ത്തല എന്നിവിടങ്ങളിൽ ഐടി ഇടനാഴികൾ. ഇവിടെ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത് 50,000 മുതൽ 2 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള 20 ചെറിയ പാര്‍ക്കുകൾ. കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയിൽ ഗിഫ്റ്റ് സിറ്റി. പ്രതീക്ഷിക്കുന്നത് പതിനായിരം കോടി രൂപയുടെ നിക്ഷേപം. പ്രധാന ഐടി പാർക്കുകളിൽ നിന്ന് മാറി പുതിയ പാർക്കുകൾ വരുന്നതോടെ പ്രതീക്ഷിക്കുന്നത് അരലക്ഷത്തോളം പേർക്ക് നേരിട്ടും ഒന്നര ലക്ഷം പേർക്കും പരോക്ഷമായും തൊഴിൽ അവസരങ്ങൾ, ഒപ്പം ആ മേഖലയുടെ വികസനവും.

ആദ്യഘട്ട കമ്മീഷനിങ്ങിനൊരുങ്ങുന്ന ജല മെട്രോയ്ക്കായി 150 കോടി രൂപ അനുവദിച്ചതാണ് മറ്റൊരു ശ്രദ്ധേയ പ്രഖ്യാപനം. ഒപ്പം പുതിയ റോ-റോ സ‍ർവ്വീസിനായി 10 കോടി രൂപയും അനുവദിച്ചു. മഴക്കാലത്ത് നഗരത്തിലെ വെള്ളക്കെട്ട് പതിറ്റാണ്ടുകളായുള്ള കൊച്ചിയുടെ ശാപമാണ്. വെള്ളക്കെട്ട് പരിഹാരത്തിന് ബ്രേക്ക് ത്രൂ പദ്ധതിയ്ക്ക് 10 കോടി രൂപ ബജറ്റിൽ വകയിരുത്തി.

കാത്തുകാത്തിരുന്ന കൊച്ചി കാൻസർ സെന്‍ററിന്‍റെ ആദ്യഘട്ടം അടുത്ത വർഷം പൂർത്തിയാക്കുമെന്നതും കൊച്ചിക്കാരെ സംബന്ധിച്ച് ആശ്വസകരമായ പ്രഖ്യാപനമാണ്. ഇതിനായി അനുവദിച്ചത് 14.5 കോടി രൂപ. കൊല്ലം-ചെങ്കോട്ട റോഡിനൊപ്പം തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് വികസനത്തിനായി 1500 കോടി രൂപ അനുവദിച്ചതാണ് മറ്റൊരു ശ്രദ്ധേയ പ്രഖ്യാപനം.

അതേസമയം തകർച്ചയിൽ നിന്ന് കരകയറുന്ന ടൂറിസം മേഖലയുടെ വികസനത്തിനായി സമുദ്ര പദ്ധതി ഒഴിച്ചാൽ മറ്റൊന്നും ഇല്ലെന്നതും നിരാശയായി.

Read Also: ആരോഗ്യമേഖലയ്ക്ക് 2629.33 കോടി; കരുത്തേകുന്ന ബജറ്റെന്ന് മന്ത്രി വീണാ ജോര്‍ജ്

click me!