വെള്ളക്കെട്ടില്‍ മുങ്ങി എറണാകുളത്തെ ഉപതെരഞ്ഞെടുപ്പ്; വിജയം നേടുമെന്ന് മൂന്ന് മുന്നണികളും

By Web TeamFirst Published Oct 22, 2019, 9:11 AM IST
Highlights

പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും മൂന്ന് സ്ഥാനാർത്ഥികളും വിജയപ്രതീക്ഷയിലാണ്. വോട്ടെടുപ്പിന്‍റെ അവസാനമണിക്കൂറുകളിൽ വോട്ടർമാർ ബൂത്തുകളിലേക്ക് ഒഴുകിയെത്തിയത് ആരെ തുണയ്ക്കുമെന്നാണ് എറണാകുളത്ത് ചര്‍ച്ചയാകുന്നത്

കൊച്ചി: മുന്നണികള്‍ തമ്മിലുള്ള മത്സരത്തേക്കാള്‍ ശക്തമായ മഴയും വെള്ളക്കെട്ടും എറണാകുളം മണ്ഡലത്തില്‍ വോട്ടെടുപ്പ് ദിനം ചര്‍ച്ചയായത്. മഴയും വെള്ളക്കെട്ടും ജനങ്ങളെ ദുരിതത്തിലാക്കിയപ്പോള്‍  57.54 ശതമാനം പോളിംഗ് മാത്രമാണ് എറണാകുളം മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. പോളിംഗ് ദിനത്തിന്‍റെ തലേരാത്രി മുതൽ തുടങ്ങിയതാണ് ശക്തമായ മഴ.

എറണാകുളം മണ്ഡലത്തിലെ കടാരിബാഗ് , അയ്യപ്പൻകാവ് ബൂത്തുകൾ രാവിലെ തന്നെ വെള്ളത്തിൽ മുങ്ങി.വോട്ടെടുപ്പ് തന്നെ തടസ്സപ്പെടുമോ എന്ന ആശങ്ക രാവിലെ മുതല്‍ പടര്‍ന്നു തുടങ്ങി. മന്ദഗതിയിലാണ് ആദ്യമണിക്കൂറുകളിൽ എറണാകുളത്തെ വോട്ടർമാർ ബൂത്തിലേക്ക് എത്തിയത്. ഒരു മണിക്കൂർ പിന്നിട്ടപ്പോൾ പോളിംഗ് ശതമാനം 2.37 മാത്രമായിരുന്നു. വെള്ളക്കെട്ടിനെ തുടർന്ന് ആറ് ബൂത്തുകളാണ് മണ്ഡലത്തിൽ മാറ്റിസ്ഥാപിച്ചത്.

പിന്നീട് പോളിംഗ് തുടർന്നെങ്കിലും കനത്ത മഴയെ തുടർന്ന് വോട്ടർമാർ ബൂത്തിലേക്ക് എത്താൻ മടിച്ചുനിന്നു. ഒരുമണിയോടെ പോളിംഗ് ശതമാനം 27.3 കടന്നു. ഉച്ചയ്ക്ക് ശേഷം മഴ മാറി നിന്നതോടെ വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്കെത്തി. മഴയുടെയും വെള്ളക്കെട്ടിന്‍റെയും സാഹചര്യം കണക്കിലെടുത്ത് രാത്രി എട്ടുമണിവരെ വോട്ട് ചെയ്യാൻ സമയം വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

എന്നാൽ, വോട്ടിംഗ് സമയം നീട്ടിനൽകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും മൂന്ന് സ്ഥാനാർത്ഥികളും വിജയപ്രതീക്ഷയിലാണ്. വോട്ടെടുപ്പിന്‍റെ അവസാനമണിക്കൂറുകളിൽ വോട്ടർമാർ ബൂത്തുകളിലേക്ക് ഒഴുകിയെത്തിയത് ആരെ തുണയ്ക്കുമെന്നാണ് എറണാകുളത്ത് ചര്‍ച്ചയാകുന്നത്. രാത്രിയും പലബൂത്തുകളിലും വോട്ടെടുപ്പ് തുടർന്നിരുന്നു. വെള്ളക്കെട്ടിനെ തുടർന്ന് പോളിംഗ് ശതമാനം കുറഞ്ഞ 14 ബൂത്തുകളിൽ റീപോളിംഗ് വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ചീഫ് ഇലക്ഷൻ കമ്മീഷന് കത്തയച്ചിട്ടുണ്ട്. 

click me!