സ്ഥാനാ‍ര്‍ഥി ചിത്രം തെളിയുന്നു: മഞ്ചേശ്വരത്ത് ഏഴ് പേര്‍, അരൂരില്‍ കോണ്‍ഗ്രസ് വിമതയടക്കം ആറ് പേര്‍

Published : Oct 03, 2019, 05:03 PM IST
സ്ഥാനാ‍ര്‍ഥി ചിത്രം തെളിയുന്നു: മഞ്ചേശ്വരത്ത് ഏഴ് പേര്‍, അരൂരില്‍ കോണ്‍ഗ്രസ് വിമതയടക്കം ആറ് പേര്‍

Synopsis

അബ്ദുള്ളയുമായി ബന്ധപ്പെട്ട പണമിടപാട് തര്‍ക്കം പരിഹരിക്കാന്‍ നടപടിയെടുക്കാമെന്ന് ലീഗ് നേതൃത്വം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അദ്ദേഹം പത്രിക പിന്‍വലിച്ചത്.

കാസർ​ഗോഡ്: നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥിക്ക് എതിരെ പത്രിക നൽകിയ വിമതന്‍ കെഎം അബ്ദുള്ള പത്രിക പിന്‍വലിച്ചതോടെ മത്സരരംഗത്ത്  7 സ്ഥാനാർഥികള്‍ മാത്രമായി.  

അബ്ദുള്ളയുമായി ബന്ധപ്പെട്ട പണമിടപാട് തര്‍ക്കം പരിഹരിക്കാന്‍ നടപടിയെടുക്കാമെന്ന് ലീഗ് നേതൃത്വം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അദ്ദേഹം പത്രിക പിന്‍വലിച്ചത്. അതേസമയം ലീഗ് സ്ഥാനാര്‍ത്ഥിയുടെ അപരന്‍ കമറൂദ്ധീന്‍ എംസി മത്സരരംഗത്ത് ഉറച്ചു നില്‍ക്കുകയാണ്. നിലവിൽ യുഡിഎഫ് സ്ഥാനാർഥി എം.സി.ഖമറുദ്ദീൻ,  എൽഡിഎഫ് സ്ഥാനാർഥി ശങ്കർ റൈ, ബിജെപി സ്ഥാനാർഥി  രവീശ് തന്ത്രി കുണ്ടാർ എന്നിവരാണ് പ്രമുഖ മുന്നണി സ്ഥാനാർഥികൾ. ബാക്കി ഉള്ളവർ സ്വതന്ത്രരാണ്. 

മഞ്ചേശ്വരത്തോടൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂരില്‍ ആറ് പേരാണ് മത്സരരംഗത്തുള്ളത്.  കോൺഗ്രസ് വിമത സ്ഥാനാർഥി ഗീത അശോകൻ അടക്കമാണ് ആറ് പേർ മത്സരിക്കുന്നത്. നാമനിർദ്ദേശ പത്രിക നൽകിയ ആരും പത്രിക പിൻവലിച്ചില്ല. കോൺഗ്രസ് വിമത ഗീത അശോകൻ ടെലിവിഷൻ ചിഹ്നത്തിൽ മത്സരിക്കും. 

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞപ്പോൾ കോന്നിയിൽ  ആകെ അഞ്ച് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മൂന്ന് മുന്നണി സ്ഥാനാർത്ഥികളും രണ്ട് സ്വതന്ത്രരും കോന്നിയില്‍ ഏറ്റുമുട്ടും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മോഹന്‍ രാജ്, സിപിഎം സ്ഥാനാര്‍ത്ഥി ജനീഷ് കുമാര്‍, ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ എന്നിവരെ കൂടാതെ ജോമോൻ ജോസഫ് സ്രാമ്പിക്കൽ, ശിവാനന്ദൻ എന്നിവരാണ് സ്വതന്ത്ര സ്ഥാനാർത്ഥികളായി കോന്നിയില്‍ മത്സരരംഗത്തുള്ളത്. 

എറണാകുളത്ത് 9 പേരാണ് മത്സരരംഗത്തുള്ളത്. ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന അഡ്വ.മനു റോയിക്ക് ഓട്ടോറിക്ഷയാണ് തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദിന്‍റെ അപരനായി എപി വിനോദും മനു റോയിയുടെ അപരനായി കെഎം മനുവും മത്സരരംഗത്തുണ്ട്. 

PREV
click me!

Recommended Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്