കെ സുരേന്ദ്രന്‍റെ വോട്ടഭ്യർത്ഥിച്ചുള്ള വീഡിയോ പെരുമാറ്റച്ചട്ട ലംഘനം; അടിയന്തരനടപടിക്ക് നിർദേശം

By Web TeamFirst Published Oct 20, 2019, 8:59 PM IST
Highlights

വീഡിയോ നിര്‍മിച്ചവരെയും  പ്രചരിപ്പിച്ചവരെയും കണ്ടെത്തണമെന്ന് ജില്ലാ കളക്ടറുടെ നിർദേശം. വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് അടിയന്തിരമായി നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിയോട് ജില്ലാ കളക്ടർ

പത്തനംതിട്ട: കോന്നി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രൻ പ്രചാരണത്തിന് മതചിഹ്നം ദുരുപയോഗപ്പെടുത്തിയെന്ന പരാതിയിൽ അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി ബി നൂഹ് നിര്‍ദേശം നല്‍കി. പരാതിക്ക് അടിസ്ഥാനമായ വീഡിയോയുടെ പ്രചാരണം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും മത ചിഹ്നങ്ങളുടെ ദുരുപയോഗമാണെന്നും പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. 

വീഡിയോ നിര്‍മിച്ചത് ആരാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. വീഡിയോ അടിയന്തിരമായി സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. 

Read More: മതചിഹ്നം ഉപയോഗിച്ചു, സുരേന്ദ്രനെതിരെ പരാതിയുമായി ഇരുമുന്നണികൾ, മോർഫ് ചെയ്തതെന്ന് സുരേന്ദ്രൻ

വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കോന്നി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ ഏജന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരന്‍, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, ഡിസിസി മീഡിയ കണ്‍വീനര്‍ സലിം പി ചാക്കോ എന്നിവര്‍ നല്‍കിയ പരാതികളും മീഡിയ മോണിറ്ററിംഗ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റി റിപ്പോര്‍ട്ടും പരിഗണിച്ചാണ് കളക്ടറുടെ നിര്‍ദേശം. കോന്നി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് വി എസ് ഹരീഷ് ചന്ദ്രനും വീഡിയോ വ്യാജമാണെന്ന് കാണിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. 

Read More: ആരോപണം അടിസ്ഥാനരഹിതം: പ്രചാരണത്തിന് മത ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രൻ

കോന്നി ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മതചിഹ്നങ്ങൾ ഉപയോഗിച്ച വോട്ട് പിടിച്ചെന്ന് കാണിച്ചാണ് യുഡിഎഫും എൽഡിഎഫും ജില്ലാ കളക്ടർക്ക് പരാതി സമർപ്പിച്ചത്. സ്ഥാനാർത്ഥിയായ കെ സുരേന്ദ്രൻ ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്റെ ഫോട്ടോയും , ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് ക്രൈസ്തവസഭകൾ കുർബ്ബാന സമയത്ത് ഉപയോഗിക്കുന്ന ഗാനത്തിന്റെ ഈണത്തിൽ പാരഡിഗാനം രചിച്ച് പ്രചരിപ്പിച്ചെന്നായിരുന്നു പരാതി.

Read More: പ്രചാരണഗാനത്തിൽ ഓർത്തഡോക്സ് സഭാദ്ധ്യക്ഷന്റെ ചിത്രം; കെ സുരേന്ദ്രനെതിരെ ജില്ലാ കളക്ടർക്ക് പരാതി

മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായമായ ഓർത്തഡോക്‌സ് സഭാംഗങ്ങളെ സ്വാധീനിച്ച് സഭാ വിശ്വസികളുടെ വോട്ടുനേടുന്നതിനു വേണ്ടി സ്ഥാനാർത്ഥി പ്രവർത്തിച്ചതിനാൽ സ്ഥാനാർത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനും , അഴിമതി പ്രവർത്തി നടത്തിയതിനും നിയമ നടപടികൾ സ്വീകരിക്കണമെന്നും ആയിരുന്നു പരാതിയിലെ ആവശ്യം.

click me!