ഉപതെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്: അരൂരിലെ തിരിച്ചടി ചർച്ചയാകും

By Web TeamFirst Published Oct 25, 2019, 6:16 AM IST
Highlights

ഉപതെരഞ്ഞെടുപ്പുകളിലെ തുടർ വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ കരുത്തറിയിച്ച പിണറായി, മന്ത്രസഭാ പുനസംഘടനയിലേക്ക് കടക്കുമോ എന്നാണ് ഇനി അറിയേണ്ടത്...

തിരുവനന്തപുരം:ഉപതെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും. എൽഡിഎഫ് കോട്ടയായ അരൂരിലെ തിരിച്ചടി സിപിഎം പരിശോധിക്കും. തുടർവിജയങ്ങൾക്ക് പിന്നാലെ മന്ത്രിസഭാ പുനസംഘടനയിലേക്ക് സിപിഎം കടക്കുമോ എന്നതും പ്രധാന ചോദ്യമാണ്.

പാലാക്ക് പിന്നാലെ വട്ടിയൂർക്കാവും കോന്നിയും ജയിച്ചു കയറി മിന്നുന്ന ജയം ആണ് ഇക്കുറി ഉപതെരഞ്ഞെടുപ്പിൽ എൽ‍ഡിഎഫ് നേടിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ഉപതെരഞ്ഞെടുപ്പിൽ ആറിൽ മൂന്നും നേടി ശക്തമായ തിരിച്ചുവരവ് തന്നെ എൽഡിഎഫ് നടത്തി. എന്നാൽ ജയത്തിളക്കത്തിലും തിരിച്ചടി നൽകിയ അരൂരാണ് സിപിഎമ്മിന്‍റെ ദുഖം. സിപിഎമ്മിന്റെ കോട്ടയായിരുന്ന അരൂർ എങ്ങനെ കൈവിട്ടു എന്നത് ഇടത് ക്യാമ്പിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉപതെരഞ്ഞെടുപ്പിലും അരൂർ യുഡിഎഫിനൊപ്പം നിൽക്കുമ്പോൾ ഉത്തരം പറയേണ്ടി വരുന്നത് രണ്ട് മന്ത്രിമാർ അടക്കം ഒരു നിര നേതാക്കൾ ആണ്. എം വി ഗോവിന്ദനും,പി ജയരാജനും അടക്കം കണ്ണൂർ നേതാക്കൾ നേരിട്ട് മേൽനോട്ടം വഹിച്ച തെരഞ്ഞെടുപ്പിലാണ് ഈ തിരിച്ചടി എന്നതും ശ്രദ്ധേയം ആകുന്നു.

രണ്ടായിരം വോട്ടിന്‍റെ തോൽവിയിൽ ജി സുധാകരന്‍റെ പൂതന പരാമർശവും സിപിഎമ്മിന് ഉണ്ടാക്കിയ ആഘാതം ചെറുതല്ല. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ അരൂരിലെ തോൽവി ചർച്ചയായേക്കും. ഉപതെരഞ്ഞെടുപ്പുകളിലെ തുടർ വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ കരുത്തറിയിച്ച പിണറായി, മന്ത്രസഭാ പുനസംഘടനയിലേക്ക് കടക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

കോന്നിയിൽ എൽഡിഎഫിനൊപ്പം നിന്നാൽ ഓർത്ത‍ഡോക്സ് സഭക്ക് പരിഗണന ലഭിക്കുമെന്ന് റിപ്പോർട്ടുകൾ കോടിയേരിയുടെ ദേവലോകം സന്ദർശനത്തിന് ശേഷം ശക്തമാണ്. 28ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ എൽഡിഎഫ് സർക്കാരിനെ പ്രതികൂട്ടിലാക്കിയ മാർക്ക് ദാന വിവാദവും ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയായേക്കും.

click me!