മഴ ചതിക്കുമോ? വോട്ടെടുപ്പ് മാറ്റി വയ്ക്കുമോ? സാഹചര്യം നിരീക്ഷിച്ചു വരികയാണെന്ന് ടിക്കാറാം മീണ

Published : Oct 21, 2019, 09:32 AM ISTUpdated : Oct 21, 2019, 10:51 AM IST
മഴ ചതിക്കുമോ? വോട്ടെടുപ്പ് മാറ്റി വയ്ക്കുമോ? സാഹചര്യം നിരീക്ഷിച്ചു വരികയാണെന്ന് ടിക്കാറാം മീണ

Synopsis

നിലവിൽ വോട്ടെടുപ്പ് മാറ്റി വയ്ക്കുകയോ, നിർത്തി വയ്ക്കുകയോ ചെയ്യേണ്ട സാഹചര്യമില്ല. പക്ഷേ, മഴ കനത്താൽ അത്തരം നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട്. 

തിരുവനന്തപുരം/കൊച്ചി: കനത്ത മഴ സംസ്ഥാനത്ത് തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ആവശ്യമെങ്കിൽ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. നിലവിൽ അത്തരത്തിലൊരു സാഹചര്യമില്ലെന്നാണ് തനിക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് കൂടുതൽ കാര്യങ്ങൾ പറയാമെന്നും ടിക്കാറാം മീണ വ്യക്തമാക്കി. 

''പരമാവധി പോളിംഗ് മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുകയാണ്. വെള്ളം കളയാനാകുമോ എന്ന് നോക്കും. അല്ലെങ്കിൽ ആറ് മണിക്ക് ശേഷവും പോളിംഗ് തുടരുന്ന കാര്യം ആലോചിക്കും. വേറെ നിവൃത്തി ഒന്നുമില്ലെങ്കിൽ സ്ഥലത്ത് നിന്ന് സ്ഥിതിയെക്കുറിച്ച് കളക്ടറിൽ നിന്ന് റിപ്പോർട്ട് വാങ്ങിക്കും. എന്നിട്ട്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി സംസാരിച്ച ശേഷം, പോളിംഗ് മാറ്റുന്ന കാര്യം ആലോചിക്കാം'', എന്നാണ് ടിക്കാറാം മീണ വ്യക്തമാക്കിയത്.

ടിക്കാറാം മീണയുടെ പ്രതികരണം:

''വെള്ളം കയറിയ ഇടങ്ങളിലെല്ലാം വോട്ടിംഗ് യന്ത്രങ്ങളെല്ലാം ഒന്നാം നിലയിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലാ ഭരണകൂടം, പോളിംഗ് പരമാവധി നന്നായി കൊണ്ടുപോകാൻ തന്നെയാണ് നോക്കുന്നത്. സ്ഥിതിഗതികൾ അപ്പോഴപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നുണ്ട്. പരമാവധി പോളിംഗ് ഇന്ന് തന്നെ നടത്താൻ നോക്കും'', എന്ന് ജില്ലാ കളക്ടർ എസ് സുഹാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കനത്ത മഴ തുടരുകയാണ് എറണാകുളത്ത് പലയിടത്തും. അയ്യപ്പൻകാവ് ബൂത്തിലെ സ്ഥിതി തീരെ മോശമാണ്. ഇവിടെ ഒന്നാം നിലയുടെ തറ വരെ വെള്ളം കയറിയ സ്ഥിതിയിലാണ്. പൊതുപ്രവർത്തകർ ഇവിടെ എത്തിയിട്ടുണ്ട്. ഇവിടത്തെ വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്നാണ് ഇവരെല്ലാവരും ആവശ്യപ്പെടുന്നത്. വോട്ടിംഗ് യന്ത്രങ്ങളെല്ലാം ബൂത്തിൽ രണ്ടാം നിലയിലേക്ക് മാറ്റിയിരിക്കുകയാണ്. 

എന്നാൽ ബോട്ടിൽ വോട്ടർമാരെ എത്തിക്കാൻ ശ്രമിക്കും എന്ന്‌ ഫയർഫോഴ്‌സ് പറയുന്നു. അത് മതിയാകില്ലെന്നും, എത്രത്തോളം പേർ ബോട്ടിൽ കയറി വോട്ട് ചെയ്യാനെത്തുമെന്നും പൊതുപ്രവർത്തകർ ചോദിക്കുന്നു. വോട്ടെടുപ്പ് മാറ്റി വയ്ക്കുകയല്ലാതെ വേറെ വഴിയില്ലെന്നുമാണ് ഇവർ പറയുന്നത്.

എറണാകുളം ജില്ലയിൽ പലയിടത്തും ഇത്തരത്തിൽ സ്ഥിതി അതീവഗുരുതരമാണ്. പലയിടത്തും വെള്ളം പൊങ്ങി. നഗരമേഖലയായതിനാൽ പലപ്പോഴും വോട്ടിംഗ് തീർത്തും മന്ദഗതിയിലാണ് പുരോഗമിക്കുക പതിവ്. ഈ മഴ കൂടി വന്നതോടെ എത്ര പേർ വോട്ട് ചെയ്യാനെത്തും എന്നതിൽ സംശയവുമുണ്ട്. 

അയ്യപ്പൻകാവിൽ നിന്ന് ഞങ്ങളുടെ പ്രതിനിധി എൻ കെ ഷിജു തയ്യാറാക്കിയ റിപ്പോർട്ട് കാണാാം:

PREV
click me!

Recommended Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്