ആവേശക്കൊടുമുടിയിൽ കൊട്ടിക്കയറി സപ്തഭാഷാ സംഗമഭൂമി, കണക്കുകൂട്ടി മുന്നണികൾ

By Web TeamFirst Published Oct 19, 2019, 6:45 PM IST
Highlights

ചില്ലറ വോട്ട് പോലും മഞ്ചേശ്വരത്ത് പാഴായിക്കൂടാ. കാരണം, കഴിഞ്ഞ തവണ എൻഡിഎക്ക് മണ്ഡലം കൈവിട്ടത് വെറും 89 വോട്ടിനാണ്. ഇതുവരെ പുറമേയ്ക്ക് വലിയ ആവേശമില്ലായിരുന്നെങ്കിലും അവസാനദിനം ഗംഭീര കൊട്ടിക്കലാശത്തിലെത്തി മുന്നണികൾ.

മഞ്ചേശ്വരം: പുറമേയ്ക്ക് വലിയ ആഘോഷങ്ങളും പ്രചാരണകോലാഹലങ്ങളുമില്ലായിരുന്നെങ്കിലും അവസാന ദിവസം ആവേശക്കൊടുമുടിയേറ്റിയ കൊട്ടിക്കലാശമായിരുന്നു മഞ്ചേശ്വരത്ത്. 

എല്ലാ സ്ഥാനാർത്ഥികളും റോഡ് ഷോയായിട്ടായിരുന്നു കൊട്ടിക്കലാശത്തിനെത്തിയത്. സമാധാനപരമായിരുന്നു അവസാന ആഘോഷം. ഒപ്പം ആവേശോജ്ജ്വലവും. 

ഭക്തജനങ്ങളെ കണ്ട്, പള്ളികളിലും ക്ഷേത്രങ്ങളും സന്ദർശിച്ചായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈ കൊട്ടിക്കലാശത്തിന്‍റെ അവസാനദിനം ചെലവിട്ടത്. ഭൂരിപക്ഷം കൂടുമെന്നും വിജയിക്കുമെന്നും ഉറപ്പെന്ന് ശങ്കർ റൈ ഏഷ്യാനെറ്റ് ന്യൂസിനോട്. ശബരിമലയിൽ നടന്നതെന്തെന്നും, അതിനൊക്കെ പിന്നിലെന്തെന്നും എല്ലാവർക്കുമറിയാം. അതറിയാവുന്നവരെല്ലാം തനിക്ക് വോട്ട് ചെയ്യുമെന്നും എൽഡിഎഫ് തിരിച്ചു വരുമെന്നും ഉറപ്പിച്ച് ശങ്കർ റൈ. 

'Walk Every Street, Knock Every Door' എന്നതാണ് ബിജെപിയുടെ പ്രചാരണ തന്ത്രമെന്നാണ് എൻഡിഎ സ്ഥാനാർത്ഥി രവീശ തന്ത്രി പറഞ്ഞത്. പുറമേയ്ക്ക് വലിയ ബഹളമുണ്ടാകണമെന്നില്ല. പക്ഷേ, നിശ്ശബ്ദം നല്ല ഗ്രൗണ്ട് വർക്ക് നടത്തിയിട്ടുണ്ടെന്ന് രവീശ തന്ത്രിക്ക് ആത്മവിശ്വാസം. മികച്ച ഭൂരിപക്ഷം നേടി വിജയിക്കുമെന്നും തന്ത്രി. എല്ലാ പഞ്ചായത്ത് വഴിയും ബൈക്ക് റാലിയായി റോഡ് ഷോയായി കൊട്ടിക്കലാശവേദിയിലേക്ക് എത്തി തന്ത്രിയും സംഘവും.

ഓരോ ദിവസം കൂടുമ്പോഴും ഭൂരിപക്ഷം കൂടുമെന്ന ഉറപ്പുണ്ടെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി എം സി ഖമറുദ്ദീൻ പറയുന്നത്. അടുക്കും ചിട്ടയുമായ പ്രവർത്തനം നടത്തിയെന്ന ആത്മവിശ്വാസമുണ്ട്. തന്‍റെ സ്വീകാര്യതയും വർഗീയതയ്ക്കും അക്രമത്തിനും എതിരായ വികാരവും വോട്ടായി മാറും. കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്കെതിരാണ് ജനം. വളരെ മതേതരമനസ്സുള്ള മഞ്ചേശ്വരത്തുകാർ തന്‍റെ ഒപ്പമേ നിൽക്കൂവെന്ന് എം സി ഖമറുദ്ദീൻ. 

ഇനി കണക്കുകൂട്ടലുകളുടെ ദിവസങ്ങൾ

മഞ്ചേശ്വരത്ത് മുൻപില്ലാത്ത വിധം അടിത്തട്ടിൽ കേന്ദ്രീകരിച്ച പ്രവർത്തനമാണ് മുന്നണികൾ നടത്തിയത്. അടിയൊഴുക്കിൽ ഹിന്ദു വോട്ട് ബാങ്കിൽ വിള്ളൽ വീഴുമോയെന്ന് ബിജെപി ആശങ്കപ്പെടുമ്പോൾ, അപകടമം ഒഴിവാക്കാൻ പ്രാദേശിക  പ്രശ്നങ്ങൾ പോലും ഓരോന്നായി തീർക്കുകയാണ് യുഡിഎഫ്. വോട്ട് വിഹിതം വർധിപ്പിച്ച് മാറിയ നിലപാടിന് സാധൂകരണം കണ്ടെത്തലാണ് ഇടതുമുന്നണിയുടെ വെല്ലുവിളി.

കന്നഡ മേഖലയിലെ ശക്തമായ അടിത്തറയും രവീശതന്ത്രി ചെലുത്തുന്ന സ്വാധീനം. 35 ശതമാനത്തിൽ നിൽക്കുന്ന ഉറച്ച വോട്ട് ബാങ്ക്. ഓരോ വീടുകളും അടയാളപ്പെടുത്തി, കേന്ദ്രീകരിച്ച പ്രവർത്തനം. വിജയം പ്രതീക്ഷിക്കാൻ ബിജെപിക്ക് കാരണങ്ങളിതൊക്കെയാണ്.

തുളു മേഖലയിൽ നിന്നുള്ള ശങ്കർ റൈ സ്വന്തം വോട്ടുകൾ കൊണ്ടുപോകുമോയെന്ന ആശങ്ക ചെറുതല്ല. ഒപ്പം, ജില്ലാ നേതാക്കളിൽ നിന്നു തുടങ്ങിയ തന്ത്രിക്ക് എതിരായ വികാരം അടിയൊഴുക്കായി മാറുമോയെന്നതും ബിജെപിയുടെ നെഞ്ചിടിപ്പേറ്റുന്നു.   

ബിജെപി വിരുദ്ധ വികാരത്തിൽ എ.പി വിഭാഗമടക്കം 52 ശതമാനം ന്യൂനപക്ഷ വോട്ടുകൾ ഒന്നടങ്കം പെട്ടിയിൽ വീഴുമെന്ന സാധ്യതയാണ് യുഡിഎഫിന്റെ മേൽക്കൈ.  കുഞ്ഞാലിക്കുട്ടി നേരിട്ടാണ്, പ്രവർത്തനത്തിന്റെ നേതൃത്വം. മാറിയ സാഹചര്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നു യുഡിഎഫ്. 

എന്നാൽ 2006-ലേതിന് സമാനമായി, തുടക്കം മുതലുണ്ടായ പ്രശ്നങ്ങൾ അടിയൊഴുക്കായാൽ കാര്യങ്ങൾ കൈവിടും. ഖമറുദ്ദീൻ, നാട്ടുകാരനല്ലാത്ത, ഭാഷയറിയാത്ത സ്ഥാനാർത്ഥിയെന്ന പ്രചാരണം ശക്തമാണ്. പ്രാദേശിക വികാരവും വെല്ലുവിളിയാണ്.

പതിറ്റാണ്ടുകൾക്ക് ശേഷം നാട്ടുകാരനായ സ്ഥാനാർത്ഥിയെ ഇറക്കി ശക്തമായ ത്രികോണ മത്സരത്തിന് വേദിയൊരുക്കാൻ കഴിഞ്ഞതാണ് ഇടത് മുന്നണിയുടെ അനുകൂല ഘടകം. ഒപ്പം, സ്ഥാനാർത്ഥിയുടെ മികവും. 

അവസാന ഘട്ടത്തിലെ രഹസ്യ നീക്കങ്ങളിൽ വോട്ടുകൾ ചിതറിയാൽ ഒപ്പം പ്രതീക്ഷകളും ചിതറും. ശബരിമലയിലെ മാറിയ നിലപാടിന്റെ ഫലമറിയാനുള്ള പരീക്ഷണ ശാല കൂടിയാണ് മഞ്ചേശ്വരം.

click me!