പ്രചാരണത്തിന്‍റെ അവസാനവും ജാതിയിൽ തിരിയുന്ന വട്ടിയൂർകാവ്

By Web TeamFirst Published Oct 19, 2019, 6:22 AM IST
Highlights

എതിർപക്ഷത്ത് എൻഎസ്എസ് കൂടി ഉണ്ടെന്നത് കണ്ട് അരയും തലയും മുറുക്കിയാണ് ഇടത് പ്രചാരണം. സമുദായനേതൃത്വത്തിൻറെ ആഹ്വാനം അണികൾ തള്ളുമെന്നാണ് സിപിഎം വിശ്വാസം. 

തിരുവനന്തപുരം: വട്ടിയൂർകാവിൽ അവസാനനിമിഷത്തെ പ്രധാന ചർച്ച യുഡിഎഫിനുള്ള എൻഎസ്എസ്സിൻറെ പരസ്യപിന്തുണയാണ്. മേയറുടെ പ്രതിച്ഛായയും ചിട്ടയായ പ്രവർത്തനവും കൊണ്ട്, എതിർഘടകങ്ങളെ മറികടക്കാനാണ് ഇടത് ശ്രമം. ത്രികോണപ്പോരിൽ ബിജെപിക്കും ഉള്ളത് വലിയ പ്രതീക്ഷ

ശരിദൂരം വിട്ട് കരയോഗങ്ങൾ തോറും സമ്മേളനം വിളിച്ച് യുഡിഎഫിനായി എൻഎസ്എസ് ഇറങ്ങിയത് വട്ടിയൂർകാവിൽ. സംസ്ഥാനത്തെ തന്നെ പ്രധാന രാഷ്ട്രീയചർച്ചയായ പരസ്യമായ വോട്ടുപിടുത്തം മണ്ഡലത്തിലുണ്ടാക്കാവുന്ന സ്വാധീനത്തെച്ചൊല്ലിയാണ് മുന്നണികളുടെ കണക്ക് കൂട്ടൽ. മൂന്നാം വട്ടവും മണ്ഡലം നിലനിർത്താനൊരുങ്ങുന്ന യുഡിഎഫ് വട്ടിയൂർകാവിൽ നിർണ്ണായകമായ എൻഎസ്എസ് പിന്തുണ ബോണസ്സായി കാണാന്നു. ആദ്യഘട്ടത്തിലെ മെല്ലെപ്പോക്ക് പിന്നിട്ട യുഡിഎഫ് അവസാനലാപ്പിൽ പ്രചാരണത്തിൽ മുന്നേറി.

എതിർപക്ഷത്ത് എൻഎസ്എസ് കൂടി ഉണ്ടെന്നത് കണ്ട് അരയും തലയും മുറുക്കിയാണ് ഇടത് പ്രചാരണം. സമുദായനേതൃത്വത്തിൻറെ ആഹ്വാനം അണികൾ തള്ളുമെന്നാണ് സിപിഎം വിശ്വാസം. മേയർ ബ്രോയിൽ ഊന്നി തുടക്കം മുതലുള്ള ചിട്ടയായ പ്രവർത്തനം വഴി മണ്ഡലം പിടിക്കാനാകുമെന്നാണ് എൽഡിഎഫ് കണക്ക് കൂട്ടൽ.

കുമ്മനത്തെ വെട്ടിയതിലെ ആശയക്കുഴപ്പം, ആദ്യം ഇറങ്ങാൻ മടിച്ച ആർഎസ്എസ്. പാർട്ടിയുടെ എ പ്ലസ് മണ്ഡലത്തിൽ ഇത്തവണ ബിജെപി നേരിട്ടത് കടുത്ത പ്രതിസന്ധി. ആദ്യത്തെ ആശയക്കുഴപ്പത്തിന് ശേഷം പ്രചാരണം കടുപ്പിച്ച ബിജെപി ഒടുവിൽ ശക്തമായിത്തന്നെ രംഗത്തുണ്ട്. വട്ടിയൂർകാവിൽ ആര് ജയിക്കുമെന്നത് മാത്രമല്ല, രണ്ടാമതും മൂന്നാമതും ആരാകുമെന്നതും വലിയ ആകാംക്ഷയാണ്.

click me!