വട്ടിയൂര്‍ക്കാവ് മുതല്‍ മഞ്ചേശ്വരം വരെ അഞ്ച് മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ സംസ്ഥാനത്ത് മിനി തെരഞ്ഞെടുപ്പിന്‍റെ പ്രതീതി. പിഎസ്‍സി വിവാദം മുതല്‍ മാര്‍ക്ക് ദാനം വരെയും, കപടഹിന്ദു പ്രയോഗം മുതല്‍ എന്‍എസ്എസിന്‍റെ ശരിദൂരം വരെയുമുള്ള വിഷയങ്ങള്‍ നിറഞ്ഞ് നിന്ന ഒരു മാസത്തെ കാടിളക്കിയുള്ള പ്രചാരണം ആര്‍ക്ക് അനുകൂലമാകും?

06:34 PM (IST) Oct 21
ബൂത്തുകളിൽ ക്യൂവിൽ നിൽക്കുന്നവർക്ക് മാത്രം വോട്ട് ചെയ്യാം . 6 മണിക്കുള്ളിൽ ക്യൂവിൽ എത്തിയവർക്ക് മാത്രമാണ് ഇനി വോട്ട് ചെയ്യാനാവുക.
05:47 PM (IST) Oct 21
മഞ്ചേശ്വരം മണ്ഡലത്തിൽ വോട്ടെടുപ്പിനായി കർണാടകയിൽനിന്നും വോട്ടർമാരുമായി എത്തിയ കർണാടക രജിസ്ട്രേഷനിലുള്ള രണ്ടു വാഹനങ്ങൾ ഉപ്പളയിൽ ഫ്ലയിംഗ് സ്ക്വാഡ് നിർദ്ദേശപ്രകാരം മഞ്ചേശ്വരം പോലീസ് പിടികൂടി. നൂറോളം വോട്ടർമാരുമായി ആണ് രണ്ടു ബസ്സ് ഉപ്പളയിൽ എത്തിയത്.
05:44 PM (IST) Oct 21
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വൈകിട്ട് അഞ്ചു വരെയുള്ള കണക്ക് പ്രകാരം 60.47 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തിൽ ആകെയുള്ള 1,97,570 വോട്ടർമാരിൽ 1,19,481 പേർ ഇതുവരെ വോട്ട് രേഖപ്പെടുത്തി. ഇതിൽ 59160 പേർ പുരുഷന്മാരും 60,320 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്‌ജെൻഡറുമാണ്. വൈകിട്ട് ആറു മണിക്കാണ് വോട്ടെടുപ്പ് പൂർത്തിയാകുന്നത്.
05:34 PM (IST) Oct 21
പോളിംഗ് ശതമാനം കുറയുന്നത് എറണാകുളം മണ്ഡലത്തിൽ യുഡിഎഫ് വിജയത്തെ ബാധിക്കില്ലെന്ന് യുഡിഎഫ് സ്ഥാനാര‍്ത്ഥി ടിജെ വിനോദ്. വിജയത്തെക്കുറിച്ച് ആശങ്കയില്ല. പോളിംഗ് കുറയുന്നത് മൂന്ന് മുന്നണികൾക്കും ഒരുപോലെ ബാധകമെന്നും വിനോദ്.
04:50 PM (IST) Oct 21
അഞ്ച് മണ്ഡലങ്ങളിലും വൈകിട്ട് ആറുമണി വരെ ക്യൂവിലുള്ള വോട്ടർമാർക്ക് എത്ര വൈകിയാലും വോട്ടു ചെയ്യാൻ അവസരം നൽകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഇതു സംബന്ധിച്ച നിർദ്ദേശം ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രിസൈഡിംഗ് ഓഫീസർമാർക്കുള്ള മാന്വലിൽ ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടിങ് സമയം അവസാനിക്കുന്ന ആറു മണിക്ക് ക്യൂവിലുള്ള വോട്ടർമാർക്ക് ക്രമമനുസരിച്ച് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അവസരം ഒരുക്കും.
04:37 PM (IST) Oct 21
മഞ്ചേശ്വരം മണ്ഡലത്തിലെ 69 മുതൽ 73 വരെ ബൂത്തുകൾ നിരീക്ഷിക്കുന്നതിനായി പ്രത്യേകം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിയോഗിച്ചു. ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബുവിൻറെ നിർദേശപ്രകാരമാണ് കാസർഗോഡ് ആർഡിഒ കെ രവികുമാറിനെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആയി നിയോഗിച്ചത്.
04:33 PM (IST) Oct 21
എറണാകുളത്ത് പോളിംഗ് ശതമാനം കുറഞ്ഞാലും യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പെന്ന് വിഡി സതീശൻ എംഎൽഎ. വിജയത്തിൽ ആശങ്കയില്ല. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ മികച്ച പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം വോട്ടർമാർക്ക് പ്രവേശിക്കാൻ കഴിയാത്ത ബൂത്തുകളിൽ റീ പോളിംഗ് വേണമെന്നും പോളിംഗ് സമയം രണ്ട് മണിക്കൂർ കൂടി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിഡി സതീശന്‍.
04:03 PM (IST) Oct 21
കാലാവസ്ഥ ഇടതിന് അനുകൂലമെന്ന് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി മനു റോയ്. എറണാകുളത്തെ പ്രതികൂല കാലവസ്ഥ വിജയത്തെ ബാധിക്കില്ല. ഇടതു മുന്നണിയുടെ വോട്ടുകൾ കൃത്യമായി രേഖപ്പെടുത്താനായിട്ടുണ്ട്. എറണാകുളത്ത് അട്ടിമറി വിജയം ഉണ്ടാകുമെന്നും മനു റോയ്.
04:00 PM (IST) Oct 21
എറണാകുളത്ത് പോളിംഗ് സമയം എട്ട് മണി വരെയാക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ക്ക് വി ഡി സതീശൻ എംഎല്‍എ ആ ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ റീപോളിംഗ് നടത്തണമെന്നും യുഡിഎഫ് ആവശ്യം
03:59 PM (IST) Oct 21
മഞ്ചേശ്വരത്ത് നബീസക്കെതിരെ കള്ളവോട്ട് ആരോപണം ഉയർന്നത് തെറ്റിദ്ധാരണ മൂലമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്. ലോക്സഭാ തെരെഞ്ഞെടുപ്പിൽ വോട്ട് ഉണ്ടായിരുന്ന നബീസയുടെ പേര് ഇത്തവണ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടു. ഇത് അറിയാതെ മറ്റൊരു നബീസയുടെ സ്ലിപ് തെറ്റിദ്ധരിച്ചു ഇവർക്ക് നൽകിയതാണ് പ്രശ്നമെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് മജീദ് പറയുന്നത്.
03:57 PM (IST) Oct 21
മഴക്ക് ശമനം ആയതോടെ വെള്ളക്കെട്ടിനെ അവഗണിച്ച് അയ്യപ്പൻ കാവ് ശ്രീ നാരായണ ഹയർസെക്കൻഡറി സ്കൂളിലെ ക്യൂ .....
03:42 PM (IST) Oct 21
രാവിലെ മുതല്‍ പെയ്ത കനത്ത മഴ ശമിച്ചതോടെ ഉപതെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഉയരുന്നു. കോന്നിയിലും അരൂരിലുമാണ് കനത്ത പോളിംഗ് രേഖപ്പെടുത്തുന്നത്.
03:25 PM (IST) Oct 21
വട്ടിയൂര്‍കാവ്- 45.31
കോന്നി- 56.76
അരൂര്‍ - 60.41
എറണാകുളം - 36.31
മഞ്ചേശ്വരം - 49.43
03:19 PM (IST) Oct 21
മഴ മേഘങ്ങള്‍ ഒഴിഞ്ഞതോടെ അരൂരില്‍ പോളിംഗ് കേന്ദ്രത്തിലേക്ക് വോട്ടര്‍മാരുടെ ഒഴുക്ക്. മൂന്ന് മണി പിന്നിടുമ്പോള്‍ പോളിംഗ് ശതമാനം 60 പിന്നിട്ടു.
02:54 PM (IST) Oct 21
കനത്തുപെയ്യുന്ന മഴ തിരിച്ചടിയാകുമെന്ന് ഭയപ്പെട്ടിരുന്നങ്കിലും മഴ കുറഞ്ഞതോടെ അരൂരില്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ സജീവം. മഴയുടെ ശക്തി കുറഞ്ഞതോടെ അരൂരിലെ 183 ബൂത്തുകളില്‍ മിക്ക സ്ഥലങ്ങളിലും നീണ്ട നിരതന്നെയുണ്ട്. അദ്യഘട്ടത്തില്‍ പോളിംഗ് മന്ദഗതിയിലായിരുന്നെങ്കിലും നിലവില്‍ 51.45 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്
02:51 PM (IST) Oct 21
മഞ്ചേശ്വരത്ത് 42 ആം ബൂത്തില്‍ നടന്നത് കള്ളവോട്ടിനുള്ള ശ്രമമല്ലെന്ന് കോണ്‍ഗ്രസ്. നബീസയുടെ അറസ്റ്റ് അനാവശ്യമാണ്. ഒരു വീട്ടില്‍ രണ്ട് നബീസമാര്‍ ഉള്ളതിനാല്‍ സ്ലിപ്പ് മാറിയതാണെന്നും രാജ്‍മോഹന്‍ ഉണ്ണിത്താന്‍ എംപി
02:47 PM (IST) Oct 21
മഞ്ചേശ്വരം 79 ബൂത്തിൽ വിവി പാറ്റ് മെഷീൻ കേട് വന്നു. വോട്ടെടുപ്പ് തടസ്സപ്പെട്ടു
02:46 PM (IST) Oct 21
കോന്നി നിയോജക മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ള ചിറ്റാർ എസ്റ്റേറ്റ് സ്കൂളിൽ തിരക്കേറി. മഴ മാറിയതോടെയാണ് തിരക്ക് വർദ്ധിച്ചത്
01:46 PM (IST) Oct 21
മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച യുവതിയെ കസ്റ്റഡിയിലെടുത്തു. നബീസ എന്ന യുവതിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത്. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിലാണ് നടപടി. 42 ആം ബൂത്തിലാണ് സംഭവം. നബീസയ്ക്ക് ഈ ബൂത്തിൽ നിലവിൽ വോട്ടില്ല. നേരത്തെ വോട്ടറായിരുന്നു, ഇപ്പോൾ ഇതേ പേരിലുള്ള മറ്റൊരാളുടെ വോട്ട് ചെയ്യാനാണ് എത്തിയതെന്ന് പൊലീസ്.
01:35 PM (IST) Oct 21
ഉച്ചസമയത്തും ബൂത്തുകൾക്ക് പുറത്ത് വോട്ടർമാരുടെ നീണ്ട നിരയാണ് മഞ്ചേശ്വരത്ത്. സ്ത്രീ വോട്ടര്‍മാരടക്കം കൂട്ടമായി എത്തുന്ന കാഴ്ചയാണ്. ഇത്തവണ മഞ്ചേശ്വരത്ത് റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയാലും അത്ഭുതപെടാനില്ല.
01:12 PM (IST) Oct 21
വട്ടിയൂര്‍കാവ്- 32.49
കോന്നി- 40.02
അരൂര്‍ - 41.80
എറണാകുളം - 20.72
മഞ്ചേശ്വരം - 34.37
01:10 PM (IST) Oct 21
കനത്ത മഴ പോളിംഗിനെ ബാധിക്കുന്നുണ്ട്. ആളുകളെ കൊണ്ട് വോട്ട് ചെയ്യിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഡോമനിക് പ്രസന്‍റേഷന്‍.
01:10 PM (IST) Oct 21
വോട്ടര്‍മാര്‍ക്ക് വിഷമമുണ്ട്. വോട്ട് ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാല്‍. കോര്‍പ്പറേഷന്‍റെ അനാസ്ഥയും ചൂണ്ടിക്കാണിച്ച് സ്ഥാനാര്‍ത്ഥി
12:54 PM (IST) Oct 21
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളത്ത് കനത്ത മഴയും തുടര്‍ന്നുണ്ടായ വെള്ളക്കെട്ടും മൂലം അയ്യപ്പന്‍കാവ് സ്കൂളിലെ അഞ്ച് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചതില്‍ ഇപ്പോള്‍ അഞ്ച് ശതമാനമാണ് പോളിംഗ് നടന്നതെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. പോളിംഗ് ശതമാനം പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.
12:26 PM (IST) Oct 21
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ കാലാവസ്ഥ ബുദ്ധിമുട്ടുകൾ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും കമ്മീഷൻ തീരുമാനമെടുക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി എംപി. യുഡിഎഫ് ക്യാമ്പ് തികഞ്ഞ ആഹ്ളാദത്തിലാണ്. പ്രതികൂല കാലാവസ്ഥയിലും പ്രവർത്തകർ പുറത്തിറങ്ങി പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തുകളിലെത്തിക്കാൻ നന്നായി ശ്രമിക്കുന്നു, മഞ്ചേശ്വരത്ത് ഇതുവരെയുള്ള പോളിംഗ് ആഹ്ളാദമുണ്ടാക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി.
12:22 PM (IST) Oct 21
വട്ടിയൂര്‍കാവ്- 24.69
കോന്നി- 30.31
അരൂര്‍ - 35.65
എറണാകുളം - 16.30
മഞ്ചേശ്വരം - 34.37
12:15 PM (IST) Oct 21
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. എറണാകുളത്തെ പ്രതികൂല സാഹചര്യം പരിഗണിച്ച് അവിടെയുള്ള അവസാന വോട്ടര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരമുണ്ടാകണം. പ്രബുദ്ധരായ വോട്ടര്‍മാര്‍ യുഡിഎഫിന് മാത്രമേ വോട്ട് ചെയ്യുകയുള്ളുവെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും കെപിസിസി അധ്യക്ഷന്‍.
12:10 PM (IST) Oct 21
യന്ത്രതകരാറിനെ തുടർന്ന് കോന്നി 23 നമ്പർ പോളിംഗ് ബൂത്തിൽ വോട്ടിംഗ് നിർത്തിവെച്ചു. 1200 ലധികം സമ്മതിദായകരുള്ള പോളിംഗ് ബൂത്തുകളിൽ ഓരോ ഓഫീസർമാരെ കൂടി നൽകാൻ ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടർ പി ബി നൂഹ് നിർദ്ദേശിച്ചു. അവരെ ഉച്ചയോടെ അതാത് പോളിംഗ് ബൂത്തുകളിൽ എത്തിക്കും.
11:59 AM (IST) Oct 21
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാല് മണ്ഡലങ്ങളിലും രാവിലെ മുതല്‍ പെയ്ത കനത്ത മഴയ്ക്ക് ശമനം. മഴ മാറി നിന്നതോടെ പോളിംഗ് കേന്ദ്രങ്ങളിലേക്ക് വോട്ടര്‍മാര്‍ എത്തി തുടങ്ങി.
11:32 AM (IST) Oct 21
സംസ്ഥാനത്ത് കനത്ത മഴയെതുടർന്ന് വോട്ടെടുപ്പ് മാറ്റി വയ്ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും സുഗമമായി പോളിംഗ് തുടരാൻ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു
11:25 AM (IST) Oct 21
ആര് പ്രചാരവേല നടത്തിയാലും എൽഡിഎഫ് വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് എസ് രാമചന്ദ്രൻ പിള്ള
എൻഎസ്എസ് പ്രചാരണം ജനം വിലയിരുത്തട്ടെയെന്നും എസ്ആര്‍പി
11:20 AM (IST) Oct 21
മഴയെ അവഗണിച്ച് അരൂരിലെ വോട്ടര്‍മാര്‍ വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ മുതല്‍ വോട്ടര്‍മാര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇതുവരെയുളള സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ അങ്ങനെയാണ് മനസിലാക്കാന്‍ സാധിക്കുന്നത്'. കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം പൂര്‍ണമായും അനുകൂലമാകുമെന്ന പ്രതീക്ഷിക്കുന്നതായി ഷാനുമോള്‍ ഉസ്മാന്‍
11:16 AM (IST) Oct 21
വട്ടിയൂര്‍കാവ്- 17.42
കോന്നി- 25.43
അരൂര്‍ - 26.44
എറണാകുളം - 11.58
മഞ്ചേശ്വരം - 20.07
11:11 AM (IST) Oct 21
കോന്നിയിൽ മഴയുടെ ശക്തി കുറഞ്ഞു. കൂടുതൽ വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്ക് എത്തി തുടങ്ങി. പോളിംഗ് ശതമാനവും ഉയർന്നിട്ടുണ്ട്.
10:54 AM (IST) Oct 21
ഇപ്പോൾ ബിജെ പി മൂന്നാം ശക്തിയല്ല, പ്രബല ശക്തിയാണെന്ന് പി എസ് ശ്രീധരന്‍ പിള്ള. തെരഞ്ഞെടുപ്പിൽ വലിയ മാറ്റം ഉണ്ടാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍
10:21 AM (IST) Oct 21
തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കമ്മീഷന്‍ തീരുമാനിച്ചാൽ അതുമായി യുഡിഎഫ് സഹകരിക്കുമെന്നും വി ഡി സതീശന്‍.
10:20 AM (IST) Oct 21
കനത്ത മഴ തുടരുന്നതിനിടെ പോളിംഗ് തുടരാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
10:14 AM (IST) Oct 21
മഞ്ചേശ്വരത്ത് കനത്ത പോളിംഗ് തുടരുകയാണ്. പ്രചാരണ രംഗത്ത് മുന്നണികൾ കാണിച്ച ആവേശം വോട്ടെടുപ്പ് ദിനത്തിലും തുടരുകയാണ്. കാലാവസ്ഥ അനുകൂലമായതും അനുഗ്രഹമായി.
10:06 AM (IST) Oct 21
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളത്ത് കനത്ത മഴ തുടരുന്നതിനാല്‍ പോളിംഗ് മാറ്റിവയ്ക്കണമെന്ന് ബിജെപി
10:03 AM (IST) Oct 21
വട്ടിയൂര്‍കാവ്-10.38
കോന്നി- 11.53
അരൂര്‍ - 12.43
എറണാകുളം - 4.93
മഞ്ചേശ്വരം - 12.18