അന്ന് കഴക്കൂട്ടം, ഇന്ന് വട്ടിയൂർ‍ക്കാവ്; വികെ പ്രശാന്ത് യുഡിഎഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുന്നത് രണ്ടാം വട്ടം

By Web TeamFirst Published Oct 24, 2019, 3:28 PM IST
Highlights
  • നഗരസഭയുടെ ചരിത്രത്തിൽ ഇന്നേവരെ മറ്റാർക്കും നേടാനാവാത്ത ഭൂരിപക്ഷത്തോടെയാണ് കഴക്കൂട്ടം സീറ്റ് വികെ പ്രശാന്ത് ജയിച്ചത്
  • ബിജെപി സ്ഥാനാർത്ഥി രണ്ടാമതെത്തിയ മത്സരത്തിൽ 3272 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രശാന്തിന് ലഭിച്ചത്

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് സിപിഎമ്മിന്റെ യുവനേതാക്കളിൽ സൗമ്യമുഖമാണ് മേയർ ബ്രോ. ഡിവൈഎഫ്ഐ, സിപിഎം നേതൃസ്ഥാനങ്ങളിൽ നിന്ന് 2015 ൽ തിരുവനന്തപുരം കോർപ്പറേഷന്റെ ചരിത്രത്തിലെ പ്രായം കുറഞ്ഞ മേയറായി മാറിയ അദ്ദേഹം ഇത് രണ്ടാം വട്ടമാണ് യുഡിഎഫിനെ അവരുടെ സിറ്റിംഗ് സീറ്റിൽ പരാജയപ്പെടുത്തുന്നത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് ഡിവൈഎഫ്ഐയുടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരുന്നു വികെ പ്രശാന്ത്. സിപിഎം കഴക്കൂട്ടം ഏരിയ കമ്മിറ്റിയംഗവുമായിരുന്നു അദ്ദേഹം. അന്ന് കഴക്കൂട്ടം നഗരസഭാ വാർഡ് യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു. അത് പിടിച്ചെടുക്കുക എന്ന ലക്ഷ്യമായിരുന്നു ആദ്യം വികെ പ്രശാന്തിനെ തേടിയെത്തിയത്. 

അങ്ങിനെ 2015 ൽ തന്റെ 34ാം വയസിൽ അദ്ദേഹം നഗരസഭാ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ചു. നഗരസഭയുടെ ചരിത്രത്തിൽ ഇന്നേവരെ മറ്റാർക്കും നേടാനാവാത്ത ഭൂരിപക്ഷത്തോടെയാണ് ഈ വാർ‍ഡിൽ വികെ പ്രശാന്ത് വെന്നിക്കൊടി പാറിച്ചത്. ബിജെപി സ്ഥാനാർത്ഥി എപിഎസ് നായ‍ർ രണ്ടാമതെത്തിയ മത്സരത്തിൽ 3272 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രശാന്തിന് ലഭിച്ചത്. സിറ്റിംഗ് സീറ്റ് കൈവിട്ട യുഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്തായി.

ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഏറ്റവും വലിയ മുന്നണി എന്ന നിലയിൽ സിപിഎമ്മിന് നഗരസഭയിൽ മേൽക്കൈ കിട്ടി. മേയറായി പാർട്ടി വികെ പ്രശാന്തിനെ നിർദ്ദേശിച്ചപ്പോൾ അത് മറ്റൊരു ചരിത്രമായി. തിരുവനന്തപുരം കോർപ്പറേഷന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയ‍ർ.

നഗരസഭ പൊറുതിമുട്ടിയിരുന്ന മാലിന്യ നീക്കത്തിനും, ഒറ്റമഴയിൽ വെള്ളകയറുന്ന നഗരത്തിലെ വെള്ളക്കെട്ടിനും ചുരുങ്ങിയ കാലം കൊണ്ട് പരിഹാരം കണ്ട് കൈയ്യടി വാങ്ങിയ അദ്ദേഹം, പിന്നീട് ശ്രദ്ധിക്കപ്പെട്ടു. 2018 ലെ പ്രളയത്തിലും 2019 ലെ മഴക്കെടുതിയിലും ദുരിതാശ്വാസ പ്രവ‍ർത്തനത്തിൽ നടത്തിയ ഇടപെടൽ മേയർ വികെ പ്രശാന്തിനെ മേയർ ബ്രോ ആക്കി മാറ്റി.

മണ്ഡലം രൂപീകരിച്ചത് മുതൽ കോൺഗ്രസ് മേൽക്കൈ നേടിവരുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. കെ മുരളീധരൻ 2011 ലും 2016 ലും വിജയിച്ചപ്പോൾ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂർ വ്യക്തമായ മേൽക്കൈ ഈ മണ്ഡലത്തിൽ നേടിയിരുന്നു. വടകര എംപിയായി മുരളീധരൻ ജയിച്ചപ്പോൾ തന്നെ വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞിരുന്നു. 

മണ്ഡലത്തിൽ മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിക്കാൻ വികെ പ്രശാന്തിനുള്ള ജനപിന്തുണ സഹായിക്കുമെന്ന സിപിഎമ്മിന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്നിൽ മൂന്നാമതായ സിപിഎം, വികെ പ്രശാന്തിലൂടെ 14465 വോട്ടിന്റെ ഭൂരിപക്ഷം നേടി ഈ മണ്ഡലവും സ്വന്തമാക്കി. പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്‍റർ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ ബിജെപിക്കും പുറകിൽ നിന്ന സിപിഎമ്മിനെ ആ മാനക്കേടിൽ രക്ഷപ്പെടുത്തിയതിന്റെ ക്രഡിറ്റും ഇനി വികെ പ്രശാന്തിന് സ്വന്തം.

click me!