എൻഎസ്എസ് നേതൃത്വത്തിനെതിരെ തെര. കമ്മീഷന് സിപിഎമ്മിന്റെ പരാതി, സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് കോടിയേരി

By Web TeamFirst Published Oct 18, 2019, 11:25 AM IST
Highlights

വട്ടിയൂർകാവിൽ സമുദായം പറഞ്ഞ് വോട്ട് ചോദിക്കുന്നർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഇന്നലെ  കോടിയേരി വ്യക്തമാക്കിയിരുന്നു

തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വത്തിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വട്ടിയൂർക്കാവിൽ സമുദായം പറഞ്ഞ് വോട്ട് ചോദിക്കുന്നർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഇന്നലെ  വ്യക്തമാക്കിയതിന് പിന്നാലെയാണിത്. പരാതിക്ക് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും കോടിയേരി ബാലകൃഷ്ണന്‍ നടത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി യുഡിഎഫ് കണ്‍വീനറെ പോലെ പ്രവര്‍ത്തിക്കുകയാണ്. പാലായില്‍ തകര്‍ന്നടിഞ്ഞ യുഡിഎഫിന് ജീവന്‍ കൊടുക്കാനാണ് എൻഎസ്എസിന്‍റെ ശ്രമമെന്നും കോടിയേരി വിമര്‍ശിച്ചു. ഇത് സമുദായ അംഗങ്ങൾ തന്നെ തള്ളുമെന്നാണ് കോടിയേരി പറഞ്ഞത്.

വട്ടിയൂർകാവിൽ യുഡിഎഫിന് വേണ്ടി എൻഎസ്എസ് പരസ്യമായി രംഗത്തിറങ്ങിയതിൽ ഇടത് മുന്നണിക്ക് കടുത്ത എതിർപ്പുണ്ട്. പിന്നാലെയാണ് സമുദായ നേതൃത്വത്തോട് നിരന്തരം ഏറ്റുമുട്ടുന്ന കോടിയേരി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതും ഒടുവില്‍ പരാതി നല്‍കിയിരിക്കുന്നതും. ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തില്‍ നടക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇന്നലെ വ്യക്തമാക്കിയിരുന്നു. സമുദായ സംഘടനകൾക്ക് പലതും പറയാം പക്ഷേ വോട്ട് ചെയ്യുന്നത് ജനങ്ങളാണെന്നായിരുന്നു കാനം ഇന്നലെ പറഞ്ഞത്.

സമുദായത്തിൻറെ പേരിലുള്ള വോട്ട് ചോദ്യത്തിൽ പരാതി കിട്ടിയാൽ നടപടിയെടുക്കുമെന്ന് ഇന്നലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിരുന്നു. വട്ടിയൂർക്കാവിൽ എൻഎസ്എസിന്‍റെ യുഡിഎഫ് അനുകൂല നയത്തിനെതിരെ വീടുകൾ കയറി നിലപാട് വിശദീകരിക്കുകയാണ് എൽഡിഎഫ് നേതാക്കൾ. എൻഎസ്എസ് പരസ്യനിലപാടിൽ ആശങ്കയില്ലെന്ന് പുറത്തുപറയുമ്പോഴും അണിയറയിൽ നായർ വോട്ടുകളുറപ്പിക്കാൻ പദ്ധതികൾ പലതാണ് എല്‍ഡിഎഫ് ആവിഷ്കരിച്ചിരിക്കുന്നത്. നേതാക്കൾക്ക് പിന്നാലെ സമുദായ അംഗങ്ങളായ പാർട്ടി പ്രവർത്തകരെ രംഗത്തിറക്കിയും സ്ക്വാഡ് പ്രവർത്തനം സജീവമായി മുന്നോട്ട് പോകുകയാണ്. അതേസമയം  42 ശതമാനം നായർ വോട്ടുള്ള വട്ടിയൂർക്കാവിൽ കഴിഞ്ഞ തെര‍ഞ്ഞെടുപ്പുകളിൽ നഷ്ടപ്പെട്ട വോട്ടുകളും തിരികെ എത്തിക്കാനുള്ള സുവർണ്ണാവസരമായാണ് എന്‍എസ്എസിന്‍റെ നിലപാട് പ്രഖ്യാപനത്തെ യുഡിഎഫ് കാണുന്നത്. 

click me!