മതചിഹ്നം ഉപയോഗിച്ചു, സുരേന്ദ്രനെതിരെ പരാതിയുമായി ഇരുമുന്നണികൾ, മോർഫ് ചെയ്തതെന്ന് സുരേന്ദ്രൻ

By Web TeamFirst Published Oct 20, 2019, 1:29 PM IST
Highlights

''എല്ലാം സിപിഎം സൈബർ വിങിന്‍റെ മോർഫിംഗാണ്. എനിക്കെതിരെ ആസൂത്രിതമായ പ്രചാരവേലയാണ് നടക്കുന്നത്'', എന്ന് കെ സുരേന്ദ്രന്‍റെ മറുപടി. നിശ്ശബ്ദപ്രചാരണദിനവും കോന്നിയിൽ സുരേന്ദ്രനെച്ചൊല്ലി വിവാദം കത്തുന്നു.

പത്തനംതിട്ട: കോന്നിയിലെ എൻഡിഎ  സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മതചിഹ്നങ്ങൾ പ്രചാരണത്തിനുപയോഗിച്ചെന്ന് കാണിച്ച് യുഡിഎഫും, എൽഡിഎഫും പരാതി നൽകി. എന്നാൽ പ്രചാരണ ഗാനം മോർഫ് ചെയ്ത് തനിക്കെതിരെ പ്രചരിപ്പിക്കുകയാണെന്നാണ് കെ സുരേന്ദ്രൻ തിരിച്ചടിക്കുന്നത്. ഇത് കാട്ടി ബിജെപിയും തിരികെ പരാതി നൽകിയിട്ടുണ്ട്. ഇരുപരാതികളും പരിശോധിച്ച് വരികയാണെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടർ പി ബി നൂഹ് അറിയിച്ചു.

എൻഡിഎ പ്രചാരണത്തിന് തയ്യാറാക്കിയ ഗാനത്തിൽ ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍റെ ചിത്രവും കെ സുരേന്ദ്രന്‍റെ ചിത്രവും ചേർത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും പരാതി. പെരുമാറ്റച്ചട്ട ലംഘനം നടത്തിയ എൻഡിഎ സ്ഥാനാർത്ഥിക്കെതിരെ  നടപടി വേണമെന്നും ഇരുമുന്നണികളും ആവശ്യപ്പെടുന്നു. ജില്ലാ കലക്ടർക്ക് ഇതു സംബന്ധിച്ച പരാതി ഓൺലൈൻ ആയി നൽകിയെന്ന് നേതാക്കൾ വ്യക്തമാക്കി.

അതിനിടെ പുറത്ത് നിന്നുള്ള സിപിഎം, ബിജെപി പ്രവർത്തകർ മണ്ഡലത്തിൽ ക്യാംപ് ചെയ്ത് പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന പരാതിയും യുഡിഎഫ് കളക്ടർക്ക് നൽകിയിട്ടുണ്ട്.

വാട്സ് ആപ്പിലൂടെ തനിക്ക് പരാതി ലഭിച്ചതായി സ്ഥിരീകരിച്ച ജില്ലാ കലക്ടർ പി ബി നൂഹ് ഇത് സംബന്ധിച്ച്  പരിശോധിച്ച് വരികയാണെന്ന് അറിയിച്ചു. എന്നാൽ തോൽവി ഭയന്ന് തനിക്കെതികെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിക്കുകയാണെന്നാണ് കെ സുരേന്ദ്രന്‍റെ മറുപടി.

''പരാജയഭീതി പൂണ്ട സിപിഎമ്മും യുഡിഎഫും ആണ് ഈ പ്രചാരണങ്ങൾക്ക് പിന്നിൽ. പരിശുദ്ധനായ തിരുമേനിയുടെയും എന്‍റെയും പടം വച്ച് വീഡിയോ ഇറക്കിയിരിക്കുകയാണ്. അത് ഞങ്ങളിറക്കില്ല എന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളറിയാവുന്ന എല്ലാവർക്കും അറിയാവുന്നതല്ലേ? ഓർത്തഡോക്സ് സഭാ അധ്യക്ഷന്‍റെയും എന്‍റെയും പടങ്ങൾ വച്ച് വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ ഞങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകിയിട്ടുണ്ട്'', എന്ന് കെ സുരേന്ദ്രൻ പറയുന്നു. 

click me!