മത്സരരംഗത്തില്ല; എങ്കിലും വട്ടിയൂര്‍ക്കാവില്‍ ആകെ നിറഞ്ഞ് കുമ്മനം

By Web TeamFirst Published Oct 1, 2019, 9:54 PM IST
Highlights

എന്‍ഡിഎ സ്ഥാനര്‍ത്ഥിയാകുമെന്ന് കരുതിയിരുന്നത് കുമ്മനം രാജശേഖരന്‍ ആയിരുന്നു.കുമ്മനം രാജശേഖരന്‍റെ പേര് തന്നെയാണ് അവസാനനിമിഷം വരെ വട്ടിയൂർക്കാവിൽ പറഞ്ഞു കേട്ടതും. കുമ്മനം ആദ്യം മത്സരിക്കാൻ സമ്മതിച്ചിരുന്നതല്ല

തിരുവനന്തപുരം: കേരളത്തെ ഉപതെരഞ്ഞെടുപ്പ് ചൂട് ആകെ പൊള്ളിക്കുമ്പോള്‍ ത്രികോണ മത്സരം പ്രതീക്ഷിക്കപ്പെടുന്ന മണ്ഡലമാണ് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്. കഴിഞ്ഞ തവണ എല്‍ഡിഎഫിനെ മൂന്നാം സ്ഥാനത്താക്കി ബിജെപി കുതിച്ച് കയറിയ മണ്ഡലത്തില്‍ ഇത്തവണയും എന്‍ഡിഎ സ്ഥാനര്‍ത്ഥിയാകുമെന്ന് കരുതിയിരുന്നത് കുമ്മനം രാജശേഖരന്‍ ആയിരുന്നു.

കുമ്മനം രാജശേഖരന്‍റെ പേര് തന്നെയാണ് അവസാനനിമിഷം വരെ വട്ടിയൂർക്കാവിൽ പറഞ്ഞു കേട്ടതും. കുമ്മനം ആദ്യം മത്സരിക്കാൻ സമ്മതിച്ചിരുന്നതല്ല. ഇവിടെ കുമ്മനം തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് ഒ രാജഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കൾ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നു. ഒടുവിൽ ആർഎസ്എസ് കൂടി ഇടപെട്ടാണ് കുമ്മനം മത്സരിക്കാൻ സമ്മതിച്ചത്.

ഇത് സ്ഥിരീകരിച്ച് ഒ രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞത് ഞായറാഴ്ച തന്നെ കുമ്മനം പ്രചാരണം തുടങ്ങുമെന്നാണ്. എന്നാൽ ഇതിനിടെയാണ് വി മുരളീധരന്‍റെ പക്ഷത്ത് നിന്നുള്ള ഒരു വിഭാഗം നേതാക്കളിടപെട്ട് കുമ്മനത്തെ വെട്ടണമെന്ന് ആവശ്യപ്പെട്ടത്. വി വി രാജേഷിനെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കണമെന്നതായിരുന്നു വി മുരളീധര പക്ഷത്തിന്‍റെ താത്പര്യം.

എന്തായാലും തർക്കം ഉടലെടുത്ത സ്ഥിതിയ്ക്ക് സാധ്യതാപട്ടികയിൽ രണ്ടാമതുള്ള എസ് സുരേഷിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. എന്നാല്‍, വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിത്വത്തിനായി മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും തന്‍റെ പേരും അയച്ചിരുന്നുവെന്നും എന്നാൽ എന്തുകൊണ്ടാണ് കേന്ദ്രനേതൃത്വം പേര് ഒഴിവാക്കിയതെന്ന് ആലോചിക്കുന്നില്ലെന്നുമാണ് കുമ്മനം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചത്.

ഇപ്പോള്‍ പ്രചാരണ ചൂട് കനക്കുമ്പോഴും കുമ്മനം തന്നെയാണ് വട്ടിയൂര്‍ക്കാവില്‍ നിറഞ്ഞ് നില്‍ക്കുന്നത്. വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത് കുമ്മനം രാജശേഖരനാണ്. ഒപ്പം എസ് സുരേഷിന് വേണ്ടിയുള്ള പ്രചാരണത്തിനും കുമ്മനം തന്നെയാണ് നേതൃത്വം നല്‍കുന്നത്.

click me!