എന്‍എസ്എസിന്‍റെ 'ശരിദൂരം' വിശദീകരിച്ച് എല്‍ഡിഎഫ്; വട്ടിയൂര്‍ക്കാവില്‍ വോട്ട് ഉറപ്പാക്കാന്‍ മുന്നണികള്‍

By Asianet MalayalamFirst Published Oct 17, 2019, 6:34 AM IST
Highlights

എന്‍എസ്എസിന്‍റെ ആവർത്തിച്ചുള്ള യുഡിഎഫ് അനുകൂല പ്രസ്താവനകളിൽ കോണ്‍ഗ്രസ് ആത്മവിശ്വാസത്തിലാണ്. 42 ശതമാനം നായർ വോട്ടുള്ള വട്ടിയൂർക്കാവിൽ കഴിഞ്ഞ തെര‍ഞ്ഞെടുപ്പുകളിൽ നഷ്ടപ്പെട്ട വോട്ടുകളും തിരികെ എത്തിക്കാനുള്ള സുവർണ്ണാവസരമായാണ് ഈ നിലപാട് പ്രഖ്യാപനത്തെ യുഡിഎഫ് കാണുന്നത്

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ എൻഎസ്എസിന്‍റെ യുഡിഎഫ് അനുകൂല നയത്തിനെതിരെ വീടുകൾ കയറി നിലപാട് വിശദീകരിച്ച് എൽഡിഎഫ് നേതാക്കൾ. അതേസമയം എൻഎസ്എസ് നേതൃത്വത്തിന്‍റെ നിലപാട് താഴെ തട്ടിലുള്ള സമുദായ അംഗങ്ങളിലേക്കും എത്തിച്ച് വോട്ടുറപ്പിക്കുന്നതിലാണ് യുഡിഎഫ് ശ്രദ്ധിക്കുന്നത്.

എൻഎസ്എസ് സ്വാധീന മേഖലയായ നെട്ടയത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ടെത്തിയാണ് എൽഡിഎഫ് നിലപാട് വിശദീകരിക്കുന്നത്. കരയോഗം അംഗങ്ങളെ അടക്കം നേരിട്ട് കണ്ട് എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന മുന്നോക്ക സംവരണം അടക്കമുള്ള കാര്യങ്ങള്‍ നിരത്തുന്നു.

എൻഎസ്എസ് പരസ്യനിലപാടിൽ ആശങ്കയില്ലെന്ന് പുറത്തുപറയുമ്പോഴും അണിയറയിൽ നായർ വോട്ടുകളുറപ്പിക്കാൻ പദ്ധതികൾ പലതാണ് എല്‍ഡിഎഫ് ആവിഷ്കരിച്ചിരിക്കുന്നത്. നേതാക്കൾക്ക് പിന്നാലെ സമുദായ അംഗങ്ങളായ പാർട്ടി പ്രവർത്തകരെ രംഗത്തിറക്കിയും സ്ക്വാഡ് പ്രവർത്തനം സജീവമായി മുന്നോട്ട് പോകുന്നു.

മറുഭാഗത്ത് എന്‍എസ്എസിന്‍റെ ആവർത്തിച്ചുള്ള യുഡിഎഫ് അനുകൂല പ്രസ്താവനകളിൽ കോണ്‍ഗ്രസ് ആത്മവിശ്വാസത്തിലാണ്. 42 ശതമാനം നായർ വോട്ടുള്ള വട്ടിയൂർക്കാവിൽ കഴിഞ്ഞ തെര‍ഞ്ഞെടുപ്പുകളിൽ നഷ്ടപ്പെട്ട വോട്ടുകളും തിരികെ എത്തിക്കാനുള്ള സുവർണ്ണാവസരമായാണ് ഈ നിലപാട് പ്രഖ്യാപനത്തെ യുഡിഎഫ് കാണുന്നത്. 

ഇതിനിടെ എൻഎസ്എസുമായി ചർച്ച നടത്തുമെന്ന് കുമ്മനം പറഞ്ഞെങ്കിലും പ്രാദേശിക നേതൃത്വം കരയോഗം തലം മുതൽ വോട്ടുചോർച്ച ഒഴിവാക്കാൻ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. എൻഎസ്എസ് നേതാക്കൾ യുഡിഎഫിനായി ഗൃഹസന്ദർശനങ്ങൾ തുടങ്ങിയതിന് ബദലായി സമുദായംഗങ്ങളായ പാർട്ടി പ്രവർത്തകരെ രംഗത്തിറക്കി ബിജെപിയും ബദൽ സ്ക്വാ‍ഡുകൾ സജീവമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 

click me!