മഞ്ചേശ്വരത്ത് 'കണ്ണ് തുറന്ന് ക്യാമറകളുണ്ട്', കള്ളവോട്ട് തടയാൻ വൻ സന്നാഹം

By Web TeamFirst Published Oct 21, 2019, 10:20 AM IST
Highlights

ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങളോ കള്ളവോട്ട്  ചെയ്യാനുള്ള ശ്രമമോ ഉണ്ടായതായി ശ്രദ്ധയില്‍ പെട്ടാല്‍ ആ ബൂത്തിലെ ഓഫീസര്‍മാരെ അറിയിക്കാനും ബൂത്തില്‍ സജ്ജീകരിച്ച പൊലീസിനെ അറിയിക്കാനുമുള്ള ഫോണ്‍ സജ്ജീകരണങ്ങളും നടത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. 

മഞ്ചേശ്വരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളവോട്ട് തടയാനായി കനത്ത മുന്‍കരുതലുകളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലാകലക്ടര്‍ സജിത് ബാബുവിന്‍റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചു. പ്രശ്നബാധിത ബൂത്തുകളെ നിരീക്ഷിക്കുന്നതിനാണ് പ്രത്യേക കണ്‍ട്രോള്‍ റൂം സംവിധാനം ഒരുക്കിയത്. 

ജില്ലാ ഇലക്ഷന്‍ ഓഫീസര്‍, റിട്ടേണിംഗ് ഓഫീസര്‍, അഡീഷണല്‍ ഡിസ്ട്രിക് മജിസ്ടേറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂമില്‍ കള്ളവോട്ട് തടയാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. വെബ് കാസ്റ്റിംഗ് നടക്കുന്ന ബൂത്തുകളെ കണ്‍ട്രോള്‍ റൂമില്‍ നിന്നും നീരിക്ഷിക്കുവാനുള്ള സജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 

ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങളോ കള്ളവോട്ട്  ചെയ്യാനുള്ള ശ്രമമോ ഉണ്ടായതായി ശ്രദ്ധയില്‍ പെട്ടാല്‍ ആ ബൂത്തിലെ ഓഫീസര്‍മാരെ അറിയിക്കാനും ബൂത്തില്‍ സജ്ജീകരിച്ച പൊലീസിനെ അറിയിക്കാനുമുള്ള ഫോണ്‍ സജ്ജീകരണങ്ങളും നടത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. 

പോളിംഗ് ഏജന്‍റിനെയും പോളിംഗ് ഓഫീസര്‍മാരെയും വോട്ടര്‍മാരെയും കൃത്യമായി നിരീക്ഷിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മഞ്ചേശ്വരത്ത്  ആകെയുള്ള 198 ബൂത്തുകളില്‍ ഏറ്റവും പ്രശ്നബാധിതമായ 20 ഇടങ്ങളിലാണ് ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്. ഇതു കൂടാതെ മുഴുവന്‍ ബൂത്തുകളിലും വീഡിയോ റെക്കോര്‍ഡിംഗും നടക്കുന്നുണ്ട്. അതോടൊപ്പം  വലിയ തോതിലുള്ള  പൊലീസ് സന്നാഹങ്ങളും ക്രമീകരിച്ചതായി ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

"

 

click me!