'ശരിദൂര'ത്തെ 'മുന്നാക്കസംവരണം' കൊണ്ട് തടയിടുമോ? എൻഎസ്എസ് - സിപിഎം പോര് തീരുന്നില്ല

By Web TeamFirst Published Oct 14, 2019, 6:13 PM IST
Highlights

അഞ്ച് മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലെത്താൻ ഇനി പത്ത് ദിവസം മാത്രം ബാക്കി നിൽക്കേ, എൻഎസ്എസ്സിന്‍റെ ഈ വെല്ലുവിളി എൽഡിഎഫ് എങ്ങനെ എതിരിടും?

തിരുവനന്തപുരം: ശരിദൂരത്തിനെതിരെ മുന്നോക്ക സംവരണം ഉയർത്തി സിപിഎം പ്രതിരോധം തീർക്കുമ്പോൾ സർക്കാരിനെ കടന്നാക്രമിക്കുകയാണ് വീണ്ടും എൻഎസ്എസ്. മുന്നോക്ക വിഭാഗങ്ങൾക്കായി സർക്കാർ എന്ത് ചെയ്തുവെന്ന് സിപിഎം വ്യക്തമാക്കണമെന്ന് സുകുമാരൻ നായർ ആവശ്യപ്പെട്ടു. അതേ എൻഎസ്എസ് നിലപാട് ആർക്കാണനുകൂലമെന്ന് പറഞ്ഞ് തമ്മിൽ തർക്കിക്കുകയാണ് യുഡിഎഫും ബിജെപിയും.

ശരിദൂരത്തിൽ അപകടം മുന്നിൽ കണ്ടാണ് സമുദായംഗങ്ങളെ ഒപ്പം നിർത്താൻ സിപിഎം മുന്നോക്ക സംവരണം പ്രചാരണായുധമാക്കിയത്. മുന്നോക്കക്കാരിലെ സാധാരണക്കാർക്കായി എൽഡിഎഫ് നിലകൊള്ളുന്നു എന്നാവർത്തിച്ച് കോടിയേരിയും എൽഡിഎഫ് നേതാക്കളും രംഗത്തെത്തുകയാണ്. സംവരണ വിഭാഗങ്ങളുടെ സംവരണാനുകൂല്യം സംരക്ഷിക്കുക മാത്രമല്ല വര്‍ദ്ധിപ്പിക്കുക കൂടി ചെയ്തു കൊണ്ട് പൊതുവിഭാഗത്തിന്റെ അവസരങ്ങള്‍ മുഴുവന്‍ അക്കൂട്ടത്തിലെ സമ്പന്നര്‍ സ്വന്തമാക്കാതിരിക്കാന്‍ അതിലെ പാവപ്പെട്ടവര്‍ക്കു കൂടി പ്രാതിനിധ്യം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന വാദം തുടർച്ചയായി സിപിഎം ഉയർത്തുന്നു. ദേവസ്വം ബോർഡിലെ നിയമനസംവരണം ചരിത്രപരമായ തീരുമാനമാണെന്ന് വീണ്ടും സിപിഎം പ്രചാരണം തുടരുകയും ചെയ്യുന്നു. 

എന്നാൽ ജി സുകുമാരൻ നായർ സിപിഎം നിലപാടിനെ ചോദ്യംചെയ്യുന്നു. ദേവസ്വം ബോർഡ് നിയമനങ്ങളിലടക്കം മുന്നോക്ക സംവരണം സർക്കാർ ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി. മന്നം ജയന്തി പൊതു അവധിയാക്കുന്നതടക്കം മുന്നോക്ക വിഭാഗങ്ങൾക്കായി സംസ്ഥാന സർക്കാർ എന്താണ് ചെയ്തതെന്ന് കോടിയേരി വ്യക്തമാക്കണമെന്നും ജി സുകുമാരൻ നായർ പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. അതേസമയം, എൻഎസ്എസിന്‍റെ ആവർത്തിച്ചുള്ള സർക്കാർ വിരുദ്ധ നിലപാടിൽ യുഡിഎഫ് ആത്മവിശ്വാസത്തിലാണ്.

''എൻഎസ്എസ്സിന്‍റെ ശരിദൂരം യുഡിഎഫിന് സഹായകമാവുകയാണെന്നതിൽ സംശയമില്ല'', എന്ന് ചെന്നിത്തല ഉറപ്പിച്ച് പറയുന്നു.

എൻഎസ്‍എസ് ശരിദൂരം ബിജെപിയിലേക്കുള്ള ശരിദൂരമാണെന്ന് ബിജെപിയും പ്രതികരിച്ചു.

''ശബരിമല സമരം നടന്നപ്പോൾ ഏറ്റവും കൂടുതൽ കള്ളക്കേസുകൾ നേരിട്ടതാരാണ്? ആരാണ് സമരം നടത്തിയത്? ആരാണ് തെരുവുകൾ തോറും ഏറ്റവും കൂടുതൽ അടിയേറ്റ് വാങ്ങിയത്? ശരിദൂരമെന്ന ശരി ബിജെപിയാണെന്നാണ് എന്‍റെ വിശ്വാസം'', എന്ന് എം ടി രമേശ്. 

വട്ടിയൂർക്കാവിലും കോന്നിയിലും നായർ വോട്ടുകൾ നിർണ്ണായകമാണ്.ഈ ഘട്ടത്തിൽ ആവർത്തിച്ചുള്ള  എൻഎസ്എസിന്‍റെ സർക്കാർ വിരുദ്ധ നിലപാട് എൽഡിഎഫിന് വെല്ലുവിളിയാണെന്നതിൽ സംശയമില്ല. അഞ്ച് മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലെത്താൻ ഇനി ആറ് ദിവസം മാത്രം ബാക്കി നിൽക്കേ, ഇത് വിരുദ്ധ തരംഗമായാൽ അതിനെ എൽഡിഎഫ് എങ്ങനെ എതിരിടുമെന്നതും കണ്ടറിയണം. 

click me!